

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി പ്രമുഖ വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ മുരളി കുന്നുംപുറത്ത്. ജീവിതം അവസാനിപ്പിക്കാനായിരുന്നു തീരുമാനമെന്നും വിശ്വസിച്ചവര്‍ ചതിച്ചുവെന്നും മുരളി മനോരമാ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബിസിനസിലും സിനിമയിലും ഒന്നിച്ച് കോടികളുടെ നഷ്ടമുണ്ടായെന്നും പണം നല്‍കാനുള്ളവര്‍ നിരന്തരം വിളിച്ചത് മാനസിക പിരിമുറുക്കം വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. അഭിലാഷ് പിള്ള, വിഷ്ണു തുടങ്ങിയവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും മുരളി ചൂണ്ടിക്കാണിച്ചു.
മുരളി കുന്നംപുറത്തിന്റെ വാക്കുകള്‍
വീഡിയോ ചെയ്ത സമയത്ത് മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നു. പറയാന്‍ തോന്നിയപ്പോള്‍ പറഞ്ഞ് ഫേസ്ബുക്കിലിട്ടു, വേഗം ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ ത്രെഡ്‌സില്‍ ഡിലീറ്റ് ചെയ്യാന്‍ മറന്നു. അന്ന് കുറച്ച് സ്ലീപ്പിങ് പില്‍സൊക്കെ കഴിച്ചു, വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ഡിപ്രഷനിലാണ്. സിനിമയില്‍നിന്ന് നഷ്ടമുണ്ടായിട്ടുണ്ട്. വെള്ളം ആര്‍ക്കും നഷ്ടമുണ്ടായിട്ടില്ല. പണം മാത്രമല്ല, ആ സിനിമകൊണ്ട് ഒരുപാട് കുടുംബങ്ങള്‍ രക്ഷപ്പെട്ടു. ഇപ്പോ എന്നോട് നിങ്ങള്‍ വീണ്ടും തുടങ്ങിയോന്ന് പലരും ചോദിച്ചു. എനിക്കറിയില്ല കാരണമെന്ന്! വെള്ളത്തില്‍ പറഞ്ഞിരിക്കുന്ന ബിസിനസ് സക്‌സസ് ഹൈപ്പ് കുറച്ചധികം കൂട്ടിക്കാണിച്ചു.
ജീവിതം അവസാനിപ്പിച്ചാലോന്നാണ് ഇപ്പോ കരുതിയത്. ബിസിനസിലും വലിയ നഷ്ടമുണ്ടായി, സിനിമയില്‍നിന്നും കരകയറാനായിട്ടില്ല. 5 കോടിയിലധികം ബാധ്യതയുണ്ട്. ഇത്കൂടാതെ മറ്റു ബാധ്യതകളുണ്ട്. ഞാന്‍ പണം കൊടുക്കാനുള്ളവര്‍ക്ക് കൊടുക്കും, ബിസിനസ് ചെയ്തുതന്നെ കടം തിരികെ നല്‍കും. ഉണ്ണി മുകുന്ദന്‍ എന്നെ വിളിച്ച് ഓപ്പണ്‍ ഡേറ്റ് തന്നു, ജയസൂര്യയും സിദ്ധിഖും വിളിച്ചിരുന്നു. എല്ലാം നമുക്ക് ശരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. അവര്‍ക്ക് വിജേഷിനൊന്നും സംവിധാനം അറിയില്ലായിരുന്നു. അവര്‍ എല്ലാവരും ഒന്നിച്ച് പത്ര സമ്മേളനം നടത്തിയാലും എന്റെ കൈയ്യില്‍ കൃത്യമായ തെളിവുകളുണ്ട്. നിലവില്‍ നിയമപരമായി നീങ്ങില്ല. പക്ഷേ സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കും.
എനിക്കിതൊന്നും ചെയ്യണ്ട, ഇതില്‍ രക്ഷപ്പെടാന്‍ മാര്‍ഗങ്ങളുണ്ടാവണമെന്ന് മാത്രമാണ് ആഗ്രഹം. പണം നല്‍കാനുള്ള ആളുകള്‍ നിരന്തരം വിളിക്കുന്നുണ്ട്. അതെനിക്ക് വലിയ ഡിപ്രഷനാണ് നല്‍കുന്നത്. പലിശയ്ക്ക് മുകളില്‍ പലിശ കയറികൊണ്ടിരിക്കുകയാണ്. എല്ലാവരെയും വിശ്വസിച്ച് ഞാന്‍നിന്നുകൊടുത്തു. സുമതി വളവ് വിജയിച്ചിട്ടില്ല. ഏഴ് കോടി രൂപ എനിക്ക് നഷ്ടപ്പെട്ടു. ചിത്രത്തിലെ ആര്‍ട്ടിസ്റ്റുകള്‍ക്ക് പണം നല്‍കാനുണ്ട്. ഇനിയും സിനിമ ചെയ്യും. പക്ഷേ ഇപ്പോ ബിസിനസിലാണ് ശ്രദ്ധ. ജൂഡ് ആന്റണി വിളിച്ചിരുന്നു, പടം ചെയ്യാമെന്ന് പറഞ്ഞു. സൈജു കുറുപ്പിനും ബാലു വര്‍ഗീസിനും പണം നല്‍കാനുണ്ട്. അവരൊക്കെ നല്ല മനുഷ്യരാണ്. ചേട്ടാ അതൊക്കെ നമുക്ക് പിന്നെ നോക്കാമെന്നാണ് പറഞ്ഞത്. അവരൊന്നും തരാനുള്ള പണം ആവശ്യപ്പെട്ടിട്ടില്ല. സൈജു കുറുപ്പ് പണം വേണ്ടെന്നാണ് പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് പറയുന്നത് എല്ലാവരുടെയും പണം നല്‍കും.
English Summary: Producer Murali Kunnampurath reveals he struggled with depression and financial losses, even contemplating ending his life. He claims betrayal by trusted people but says he will repay debts and continue rebuilding his career.