നിവിൻ പോളിയും അജു വർഗീസും പ്രധാന വേഷങ്ങളിലെത്തി, അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവ്വം മായ' നിലവിൽ ബോക്സ് ഓഫീസിൽ മുന്നോട്ട് കുതിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട നടൻ നിവിൻ പോളി തന്റെ സ്വാഭാവികമായ ട്രാക്കിലേക്ക് തിരിച്ചെത്തി എന്ന് ചിത്രത്തിന്റെ റിലീസിനു ശേഷം പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്. ഹൊറർ ഫാന്റസി ഴോണറിൽ ഒരുക്കിയ ചിത്രം, ക്രിസ്തുമസ് റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്. എന്നാൽ, ഹൊറർ തനിക്ക് വളരെയധികം ഭയമുള്ള വിഷയമാണെന്നാണ് ചിത്രത്തിലെ നായകൻ നിവിൻ പറയുന്നത്.
'സർവ്വം മായ'യുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ വെച്ചാണ് തനിക്ക് പ്രേതത്തെ പേടിയാണെന്ന് നിവിൻ പറഞ്ഞത്. 'ഹൊറർ എനിക്ക് പേടിയാണ്. അതുകൊണ്ട് തന്നെ ഞാൻ ഹൊറർ സിനിമകൾ കാണാറില്ല. കാരണം, യാത്ര ചെയ്യുമ്പോഴും, ഷൂട്ടിന്റെ സമയത്തും ഒറ്റയ്ക്കാണല്ലോ താമസം. അങ്ങനെ വരുമ്പോൾ ഹോറർ സിനിമകൾ എന്നെ വേട്ടയാടും,' നിവിൻ പറഞ്ഞു. സിനിമയുടെ ടീസറിൽ കാണുന്നത് പോലെ, പ്രേതമുണ്ടോ എന്ന് കട്ടിലിനടിയിൽ നോക്കുക, ടോയ്‌ലറ്റിൽ നോക്കുക, എന്നതൊക്കെ താൻ സ്ഥിരം ചെയ്യുന്ന കാര്യമാണെന്നും, ചിത്രത്തിന്റെ സംവിധായകൻ അഖിലും സമാനമായ പേടിയുള്ള വ്യക്തിയാണെന്നും നിവിൻ പറഞ്ഞു.
അഖിലിന് പ്രേതത്തെ പേടിച്ച്, വലിയ മുറിയിൽ താമസിക്കാൻ പോലും പറ്റില്ലെന്നും അതുകൊണ്ട് തന്നെ തനിക്ക് 'സർവ്വം മായ'യിൽ അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും നിവിൻ കൂട്ടിചേർത്തു. മാത്രമല്ല്, ഹൊറർ സിനിമകൾ ചെയ്യുമ്പോൾ ചിലർക്ക് ഹൊറർ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് മുൻപ് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു പ്രേതം കൂടെ വന്നിരുന്നാൽ എന്ത് ചെയ്യും എന്ന് വരെ താൻ സംവിധായകനോട് ചോദിച്ചിട്ടുണ്ടെന്നും നിവിൻ തുറന്നു പറഞ്ഞു.
'പാച്ചുവും അത്ഭുതവിളക്കും'നു ശേഷം അഖിൽ സത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'സർവ്വം മായ'. പ്രഭേന്തു നമ്പൂതിരി എന്ന കഥാപാത്രമായാണ് നിവിനും, രൂപേഷ് നമ്പൂതിരിയായി അജു വർഗീസുമാണ് ചിത്രത്തിലെത്തിയിരിക്കുന്നത്. ചിത്രത്തിലെ നിവിൻ-അജു കോമ്പോ പഴയതിലും കൂടുതൽ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. ആഗോളതലത്തില്‍ രണ്ടാം ദിനം 12.65 കോടി രൂപയാണ് 'സര്‍വം മായ' ആകെ നേടിയിരിക്കുന്നത്. വളരെ വേഗം ചിത്രം 50 കോടിയിലേക്ക് എത്തുമെന്ന സൂചനകളാണ് നിലവിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
English Summary: Nivin Pauly said that he is genuinely scared of ghosts during the promotions of 'Sarvam Maya,' his new horror-fantasy film directed by Akhil Sathyan.