ഡ്രോൺ ആക്രമണ സാധ്യതയെന്ന മുന്നറിയിപ്പ്; ഓസ്കാർ ചടങ്ങിന് സുരക്ഷ ഇരട്ടിയാക്കി

സുരക്ഷാ വെല്ലുവിളികൾ ഉണ്ടായാലും പരിപാടി സുഗമമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു
ഡ്രോൺ ആക്രമണ സാധ്യതയെന്ന മുന്നറിയിപ്പ്; ഓസ്കാർ ചടങ്ങിന് സുരക്ഷ ഇരട്ടിയാക്കി
Published on

കാലിഫോർണിയ: 98-ാമത് ഓസ്കാർ ചടങ്ങുകൾക്ക് മുന്നോടിയായി കാലിഫോർണിയയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി. യുഎസിന്റെ പടിഞ്ഞാറൻ തീരദേശ മേഖലയിൽ ഡ്രോൺ ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് റിപ്പോർട്ടുകളെത്തുടർന്നാണ് സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുന്നത്.

തിരിച്ചറിയപ്പെടാത്ത കപ്പലിൽ നിന്ന് ഡ്രോണുകൾ ഉപയോഗിച്ച് അപ്രതീക്ഷിത ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ പ്രാദേശിക അധികാരികളെ മുന്നറിയിപ്പ് നൽകിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാലിഫോർണിയയിലെ ചില പ്രധാന കേന്ദ്രങ്ങളെയാണ് ഇത് ബാധിക്കാൻ സാധ്യതയുള്ളതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ആക്രമണത്തിന്റെ സമയം, രീതി, സ്ഥലം എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഓസ്കാർ ചടങ്ങ് നടക്കുന്ന ലോസ് ഏഞ്ചലസിലെ ഡോൾബി തിയേറ്ററിന് ചുറ്റും പൊലീസ് വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക സായുധ വിഭാഗങ്ങളും ബോംബ് നിർവീര്യമാക്കുന്ന സംഘവും നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രോൺ പ്രതിരോധ സംവിധാനങ്ങളും സുരക്ഷയുടെ ഭാഗമായുണ്ട്. ഇതിനുപുറമെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ചടങ്ങ് നടക്കുന്ന തിയേറ്ററിന് ഏകദേശം ഒരു മൈൽ ചുറ്റളവിൽ കർശന സുരക്ഷാ വലയം ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടി ആരംഭിച്ചാൽ പ്രവേശന നിയന്ത്രണവും കൂടുതൽ ശക്തമാക്കും.

സുരക്ഷാ വെല്ലുവിളികൾ ഉണ്ടായാലും പരിപാടി സുഗമമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ചേർന്ന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അതിഥികൾക്കും ആരാധകർക്കും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. ഡ്രോൺ ആക്രമണ സാധ്യതയെക്കുറിച്ചുള്ള ചില മാധ്യമ റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് വൃത്തങ്ങൾ തള്ളിക്കളഞ്ഞു. രാജ്യത്തിന് ഇത്തരമൊരു ഭീഷണി നിലവിലില്ലെന്നും അധികൃതർ പ്രതികരിച്ചു.

അതേസമയം, ഇത്തവണ ഓസ്കാർ ചടങ്ങിന്റെ മുഖ്യ അവതാരകനായി കോനൻ ഒബ്രിയൻ എത്തും. ചടങ്ങ് ഇന്ത്യൻ സമയം മാർച്ച് 16 പുലർച്ചെ മുതൽ തത്സമയം സംപ്രേഷണം ചെയ്യും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഓൺലൈനായി പരിപാടി കാണാനാകും. കൂടാതെ സ്റ്റാർ മൂവീസ് ചാനലുകളിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

English Summary: Security has been tightened in California ahead of the 98th Oscars after reports of a possible drone attack threat. Heavy security has been deployed around the Dolby Theatre in Los Angeles, though the White House said there is no credible threat.

Related Stories

No stories found.
Madism Digital
madismdigital.com