'പരാശക്തിയിൽ' സെൻസർ ബോർഡിന്റെ കടുംവെട്ട്; നിർദേശിച്ചത് 25 കട്ടുകൾ

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്നാട്ടിൽ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
Parasakthi
Parasakthi
Published on

ശിവകാർത്തികേയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുധ കൊങ്കര ചിത്രം പരാശക്തിയോട് സെൻസർ ബോർഡ് നിർദേശിച്ചത് 25 കട്ടുകൾ. പീരീഡ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ–ഡ്രാമയാണ് ചിത്രം. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്നാട്ടിൽ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ ‘ഹിന്ദി’ എന്ന പദം മ്യൂട്ട് ചെയ്ത നിലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ സിനിമയിൽ ഇനി എന്തെല്ലാം ദൃശ്യങ്ങൾ ഉണ്ടാകുമെന്ന ചോദ്യമാണ് പ്രേക്ഷകർ ഉയർത്തുന്നത്. സെൻസർ ബോർഡിന്റെ ഇടപെടലിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങളും ശക്തമാണ്.

‘യു/എ’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 42 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. തമിഴ്നാട്ടിൽ രാവിലെ 9 മണി മുതലാണ് പ്രദർശനം ആരംഭിക്കുന്നത്. ചിത്രത്തിൽ ബേസിൽ ജോസഫും അഭിനയിക്കുന്നുണ്ട്. ശിവകാർത്തികേയനൊപ്പം രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് ‘പരാശക്തി’ ഒരുങ്ങുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ‘അമരൻ’ എന്ന ചിത്രത്തിന് ശേഷം ജി.വി. പ്രകാശ് കുമാറും ശിവകാർത്തികേയനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഏകദേശം 150 കോടി രൂപ മുതൽമുടക്കിലാണ് സിനിമ ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ഡിജിറ്റൽ അവകാശങ്ങൾ 52 കോടി രൂപയ്ക്ക് സീ5 സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഓഡിയോ, സാറ്റലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ ഏകദേശം 50 കോടി രൂപയ്ക്ക് വിറ്റതായാണ് വിവരം. നേരത്തെ സൂര്യയെയും ദുൽഖർ സൽമാനെയും ഉൾപ്പെടുത്തി പ്രഖ്യാപിച്ച ‘പുറനാനൂറ്’ എന്ന പദ്ധതി പിന്നീട് ‘പരാശക്തി’യായി മാറിയതാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഡോൺ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

English Summary: Sudha Kongara’s upcoming film Parasakthi, starring Sivakarthikeyan, has been cleared for release with a U/A certificate, with the censor board recommending 25 cuts.

Related Stories

No stories found.
Madism Digital
madismdigital.com