

ബ്രിട്ടീഷ് ക്രൈം ഡ്രാമയായ ‘പീക്കി ബ്ലൈൻഡേഴ്സ്’ സീരീസിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് നെറ്റ്‌ഫ്ലിക്സ്. ജെയ്‌മി ബെൽ ആണ് സീരീസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുൻ സീരീസിൽ കിലിയൻ മർഫി അവതരിപ്പിച്ച തോമസ് ഷെൽബിയുടെ മകൻ ഡ്യൂക് ഷെൽബിയായാണ് പുതിയ സീരീസിൽ ജെയ്‌മി എത്തുന്നത്.
‘പീക്കി ബ്ലൈൻഡേഴ്സ്: ദ ഇമ്മോർട്ടൽ മാൻ’ എന്ന സിനിമയുടെ വിജയത്തിന് പിന്നാലെയാണ് സീക്വൽ പ്രഖ്യാപനം. സിനിമയിൽ ടോമി ഷെൽബിയുടെ മകന്റെ വേഷത്തിൽ ബാരി കോഗൻ എത്തിയിരുന്നു. പുതിയ സീരീസിൽ ചാർലി ഹീറ്റൺ, ജെസിക്ക ബ്രൗൺ ഫിൻഡ്‌ലി, ലഷാന ലിഞ്ച്, ലൂസി കർക്സെവ്സ്കി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള 1950കളിലെ ബർമിംഗ്ഹാം ആണ് സീരീസിന്റെ പശ്ചാത്തലം. നഗരത്തിന്റെ പുനർനിർമാണ ശ്രമങ്ങളും അതിനിടയിലെ അധികാര പോരാട്ടങ്ങളുമാണ് കഥയുടെ പ്രധാന പ്രമേയം. ‘ദ ഇമ്മോർട്ടൽ മാൻ’ സിനിമയ്ക്ക് ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷമുള്ള സംഭവങ്ങളാണ് സീരീസിൽ അവതരിപ്പിക്കുന്നത്.
മൊത്തം ആറു എപ്പിസോഡുകൾ വീതമുള്ള രണ്ട് സീസണുകളായാണ് സീരീസ് ഒരുങ്ങുന്നത്. ‘പീക്കി ബ്ലൈൻഡേഴ്സ്’രചയിതാവ് സ്റ്റീവൻ നൈറ്റ് തന്നെയാണ് പുതിയ സീക്വലും ഒരുക്കുന്നത്. കുഡോസ്, ഗാരിസൺ ഡ്രാമ എന്നീ ബാനറുകളിലായി നിർമ്മാണം പുരോഗമിക്കുകയാണ്.
English Summary: Peaky Blinders sequel series announced by Netflix, featuring Jamie Bell as Duke Shelby, set in 1950s Birmingham