'ജോർജ് സാർ' എന്ന വിളി കേൾക്കുന്നത് അസ്വസ്ഥയുണ്ടാക്കി തുടങ്ങി; പ്രകാശ് വർമ്മ

വരാനിരിക്കുന്നത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രമല്ല
Prakash Varma
Prakash Varma
Published on

തരുൺ മൂർത്തി-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ 'തുടരും' എന്ന ചിത്രത്തിലെ ജോർജ് സാറിനെ മലയാളികൾ പെട്ടെന്ന് മറക്കില്ല. ചിത്രത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മ പരസ്യ നിർമ്മാണ മേഖലയിലെ അതികായനാണ്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ അസാധ്യ പ്രകടനം സംഭവിച്ചതിനോടൊപ്പം മലയാളികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു ജോർജ് എന്ന വില്ലൻ വേഷത്തിലൂടെ പ്രകാശ് വർമ്മ എത്തിയത്. വലിയ സാമ്പത്തിക വിജയമുണ്ടാക്കിയ ചിത്രം റിലീസ് ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും ജോർജ് സർ എന്ന പേരിൽ തന്നെയാണ് കഥാപാത്രത്തെ തിരശീലയിൽ അവതരിപ്പിച്ച പ്രകാശ് വർമയെ ആളുകൾ അഭിസംബോധന ചെയ്യുന്നത്.

എന്നാൽ ആ പേര് കേൾക്കുന്നത് ഇപ്പോൾ തന്നെ അസ്വസ്ഥനാക്കാറുണ്ടെന്ന് പറയുകയാണ് പ്രകാശ് വർമ. തിരുവനന്തപുരത്ത് കനകക്കുന്നിൽ മാതൃഭൂമി സംഘടിപ്പിക്കുന്ന 'ക' അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രകാശ് വർമ എന്ന വ്യക്തിയേയും മറികടന്ന് ജോർജ് സാർ എന്ന കഥാപാത്രം വളരുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂ. അഭിനയിച്ച വില്ലൻ കഥാപാത്രത്തിലൂടെ വെറുക്കപ്പെടുന്നതിന് പകരം മാസങ്ങളായി താൻ പ്രേക്ഷകരുടെ സ്‌നേഹം അനുഭവിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ അർഥം ആ കഥാപാത്രം എവിടെയോ നല്ല രീതിയിൽ വർക്കായി എന്നാണ് എന്നും അദ്ദേഹം പറഞ്ഞു.

ഭാവി സിനിമകളെ കുറിച്ചുള്ള ചോദ്യത്തിന്, 'പരസ്യങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് ജോലികൾക്കിടയിൽ തനിക്ക് പറ്റാവുന്ന പ്രൊജക്ടുകൾ മാത്രമാണ് താൻ തിരഞ്ഞെടുക്കുന്നുള്ളു എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അതിലൊന്ന് തിരഞ്ഞെടുത്തതിന്റെ കാരണം സംവിധാനം നിർവഹിക്കുന്നത് രഞ്ജിത്തായതുകൊണ്ടാണ്. അദ്ദേഹം ഒരു അസാധ്യ എഴുത്തുകാരനാണ്. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുന്നതൊക്കെ ആസ്വദിക്കുകയാണ്. വരാനിരിക്കുന്നത് ഒരു സാധാരണ ചിത്രമാണ്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമല്ല. തനിക്ക് വ്യത്യസ്തമായി പ്രകടനം കാഴ്ച വയ്ക്കുന്നതിനുള്ള ഇടം രഞ്ജിയേട്ടൻ അതിൽ ഒരുക്കി തന്നിട്ടുണ്ട്. പുതിയ ചിത്രത്തെ കുറിച്ച് ഇപ്പോൾ അത്ര മാത്രമേ പറയാൻ സാധിക്കുകയുള്ളു.' പ്രകാശ് വർമ പറഞ്ഞു

English Summary: Prakash Varma, who left a strong impact as George Sir in Tharun Moorthy–Mohanlal film Thudarum, says the character’s lasting popularity both pleases and unsettles him, while he remains selective about future film projects.

Related Stories

No stories found.
Madism Digital
madismdigital.com