

രസകരമായ കാസ്റ്റിംഗ് കോളുമായി 'പ്രേംപാറ്റ' ടീം. 'NSS ക്യാമ്പിലേക്ക് ആളെ ആവശ്യമുണ്ട്' എന്നാണ് കാസ്റ്റിങ് കോള്‍ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. കോഴിക്കോട് അമലാപുരിയിലെ സിറ്റി ഹൗസിൽ ജനുവരി 14 ബുധനാഴ്ച രാവിലെ 10 മണി മുതലാണ് ഓഡിഷൻ നടക്കുന്നത്. 17 മുതൽ 22 വരെ സ്ക്രീൻ ഏജ് തോന്നിക്കുന്ന എല്ലാ ജൻഡർ വിഭാഗത്തിലുള്ളവർക്കും ഓഡിഷനിലേക്ക് ക്ഷണമുണ്ട്. ഓഡീഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി, hello@studiooutsiders.com എന്ന ഇമെയിൽ ഐഡിയിലോ, +91 7736907909 എന്ന നമ്പറിലോ ബന്ധപ്പെടാം.
ഒരു NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് യൂത്ത് എന്റർടെയ്നർ ആണ് 'പ്രേംപാറ്റ'. ജോമോൻ ജ്യോതിറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എഴുത്തുകാരനായ ലിജീഷ് കുമാറാണ് കഥ- തിരക്കഥ- സംഭാഷണം എന്നിവ ഒരുക്കുന്നത്. ചിത്രത്തിലെ നായിക പുതുമുഖമാണ്. ജുനൈസ് വി.പി, സാഫ് ബോയ്, ഹനാന്‍ ഷാ, അശ്വിന്‍ വിജയന്‍, ടിസ് തോമസ്, ഇന്നസെന്റ് സോണറ്റ് തുടങ്ങി മലയാളത്തിന്റെ യുവതാരനിരയും ചിത്രത്തിലുണ്ട്.
‘ആയിഷ’, ‘ഇഡി’ എന്നീ ചിത്രങ്ങൾക്കുശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'പ്രേംപാറ്റ'. അങ്കിത് മേനോനാണ് സംഗീത സംവിധായകന്‍. പാട്ടുകള്‍ എഴുതുന്നത് മുഹ്‌സിന്‍ പരാരിയും, സുഹൈല്‍ എം. കോയയുമാണ്. തുടരും, നരൻ, ഒടിയൻ പോലെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ ഷാജികുമാറാണ് ഛായാഗ്രഹണം. ആകാശ് വര്‍ഗീസ് ജോസഫ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. തമിഴ് - മലയാളം സിനിമകൾക്ക് ഒരുപോലെ പ്രിയങ്കരനായ സാന്‍ഡി മാസ്റ്ററാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സൈജു കുറുപ്പും, മംമ്ത മോഹൻദാസും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'പ്രേംപാറ്റ'യ്ക്കുണ്ട്. ഇവർക്കൊപ്പം, സിദ്ദിഖ്, രാജേഷ് മാധവന്‍, സഞ്ജു ശിവറാം, ഇര്‍ഷാദ് അലി, സുജിത് ശങ്കര്‍ തുടങ്ങി താരങ്ങളുടെ ഒരു വലിയനിര തന്നെ 'പ്രേംപാറ്റ'യിലുണ്ട്. സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ നിര്‍മ്മിക്കുന്ന 'പ്രേംപാറ്റ' സെന്‍ട്രല്‍ പിക്‌ചേഴ്സ് ആണ് തീയേറ്ററുകളില്‍ എത്തിക്കുക.
English Summary: The makers of Prempaatta have released a fun casting call poster announcing auditions for their new film.