

ക്യാമ്പസ് ഓര്‍മ്മകളില്‍ വീണ്ടും പ്രണയമഴ പെയ്യിക്കാന്‍ 'പ്രേംപാറ്റ' ഇന്ന് മുതല്‍. കോളേജ് എന്‍എസ്എസ് ക്യാമ്പിന്റെ ഹൃദ്യമായ പശ്ചാത്തലത്തില്‍ ജോമോന് ജ്യോതിര്‍ നായകനായെത്തുന്ന പ്രണയ-ഹാസ്യ ചിത്രം കേരളത്തില്‍ നൂറിലധികം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 'ആയിഷ', 'ഇ ഡി' എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന 'പ്രേംപാറ്റ'യുടെ പോസ്റ്ററുകളും ട്രെയിലറും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിക്കഴിഞ്ഞു. കോളജ് ജീവിതത്തിന്റെ കുസൃതികളും, സൗഹൃദവും, എന്‍എസ്എസ് ക്യാമ്പിലെ മറക്കാനാവാത്ത പ്രണയനിമിഷങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളികള്‍ ആഘോഷിച്ച നിരവധി പുസ്തകങ്ങളിലൂടെ വായനക്കാരുടെ പ്രിയങ്കരനായ എഴുത്തുകാരന് ലിജീഷ് കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
റിലീസിന് മുന്‍പ് തന്നെ മലയാള സിനിമാ ചരിത്രത്തില്‍ ഇരട്ട നേട്ടങ്ങള്‍ കുറിക്കാന്‍ പ്രേംപാറ്റയ്ക്ക് സാധിച്ചു. മലയാള സിനിമയില്‍ ആദ്യമായി അന്താരാഷ്ട്ര മ്യൂസിക് ലേബലായ വാര്‍ണര്‍ മ്യൂസിക് ഗാനങ്ങളുടെ വിതരണാവകാശം സ്വന്തമാക്കുന്ന ചിത്രം എന്ന വലിയ പ്രത്യേകത പ്രേംപാറ്റയ്ക്കുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനമായ 'നെഞ്ചാടിയേ...' പ്രേക്ഷകര്‍ക്കിടയില്‍ ഇതിനോടകം തന്നെ പ്രണയമഴ പെയ്യിച്ചു കഴിഞ്ഞു. സുഹൈല്‍ എം കോയയുടെ വരികള്‍ക്ക് അങ്കിത് മേനോന് ഈണവും ഓര്‍ക്കസ്ട്രേഷനും നിര്‍വ്വഹിച്ച ഈ ഗാനം നിഹാല്‍ സാദിഖാണ് ആലപിച്ചിരിക്കുന്നത്. ഇതിനുപുറമെ, പ്രശസ്ത പിന്നണി ഗായകന് സൂരജ് സന്തോഷ് ആലപിച്ച ചിത്രത്തിലെ മറ്റൊരു ഗാനം കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ മിറാഷ് ടവേഴ്സിലുള്ള എഎംപി സ്റ്റുഡിയോയിലാണ് റെക്കോര്‍ഡ് ചെയ്തത്. കെനിയയില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്ന ആദ്യ മലയാള സിനിമാ ഗാനമെന്ന അപൂര്‍വ്വ നേട്ടവും ചിത്രം സ്വന്തമാക്കി.
'നെഞ്ചാടിയേ...' എന്ന ഗാനത്തിലും മുഖം മറച്ച് കണ്ണുകള്‍ മാത്രം കാണിച്ചാണ് നായിക പ്രത്യക്ഷപ്പെടുന്നത് എന്നത് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതോടെ ചിത്രത്തിലെ നായിക ആരാണെന്ന ആകാംക്ഷയും സസ്പെന്‍സും സിനിമാപ്രേമികള്‍ക്കിടയില്‍ ഇരട്ടിയായിരിക്കുകയാണ്.
ജോമോന് ജ്യോതിര്‍ നായകനായെത്തുന്ന ചിത്രത്തില്‍ സാഫ് ബോയ്, ജുനൈസ് വി പി, നയന എല്‍സ, ടിസ് തോമസ്, ഇന്നസെന്റ് ജൂനിയര്‍, വിഘ്നേഷ് വി ക്യു, റയാന് എന്‍ടിപി, സല്‍മാനുല്‍ ഫാരിസി തുടങ്ങി യുവാക്കള്‍ക്കിടയില്‍ വലിയ ആരാധകവൃന്ദമുള്ള താരനിര അണിനിരക്കുന്നു. ഇവര്‍ക്കൊപ്പം നാല്‍പ്പതോളം പുതുമുഖ യുവതാരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവന്, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിന് വിജയന്, സനേഷ് ഗിന്നസ് തുടങ്ങി മലയാളത്തിലെ പ്രമുഖ അഭിനേതാക്കളുടെ ശക്തമായ സാന്നിധ്യവും ചിത്രത്തിന്റെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നു.
സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് അങ്കിത് മേനോനാണ്. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് 'പ്രേംപാറ്റ' തിയറ്ററുകളില്‍ എത്തിക്കുന്നത്.
‘Prempata’, a romantic comedy starring Jomon Jyothir, hits theatres across Kerala today, releasing in more than 100 screens. Set against the heartwarming backdrop of a college NSS camp, the film explores the fun, friendships and unforgettable romantic moments of campus life. Directed by Aamir Pallikkal, who previously helmed ‘Aisha’ and ‘E D’, the film has already generated considerable buzz on social media through its posters and trailer. Writer Lijish Kumar, known for several popular books, has penned the story, screenplay and dialogues.