

താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. തിരുവനന്തപുരത്ത് പ്രേംനസീര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറില്‍ നിന്ന് ഏറ്റുവാങ്ങി നടത്തിയ മറുപടി പ്രസംഗത്തിലാണ് പ്രിയദർശൻ ഇത് പറഞ്ഞത്. ജോലിയോടുള്ള പ്രധാനമന്ത്രിയുടെ ആത്മാർഥതയാണ് തന്റെ ആരാധനക്ക് കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി. സമാനമായ ആരാധനയാണ് നടൻ പ്രേംനസീറിനോടും ഉണ്ടായിരുന്നതെന്നും പ്രിയദർശൻ പറഞ്ഞു.
'സിനിമ കണ്ടുവളര്‍ന്ന കാലത്തും, സിനിമ മോഹിച്ചു നടന്ന കാലത്തും, താന്‍ പ്രേംനസീറിന്റെ ഒരു ഭ്രാന്തനായ ഫാന്‍ ആയിരുന്നു. 'സിഐഡി നസീര്‍' മുതല്‍ 'ഇരുട്ടിന്റെ ആത്മാവ്' വരെയുള്ള സിനിമകളെല്ലാം തന്നെ എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കി മാറ്റി,' പ്രിയദർശൻ പറഞ്ഞു. ഇപ്പോഴത്തെ ചില നടൻമാരുമായി ഇടപെടുമ്പോഴാണ് പ്രേംനസീറിന്റെ മഹത്വം മനസ്സിലാകുന്നതെന്നും, നസീറിനെപ്പോലുള്ള നടൻ ഇനി മലയാള സിനിമയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. നസീറിന്റെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ അഭിമാനമുണ്ടെന്നും പ്രിയദർശൻ പറഞ്ഞു.
'ക്രിക്കറ്റ് കളിച്ചു നടന്ന കാലത്ത് പട്ടോഡിയുടെ വലിയ ആരാധകനായിരുന്നു, സാഹിത്യമേഖലയുമായി ബന്ധപ്പെട്ടപ്പോള്‍ എം.ടി. വാസുദേവന്‍ നായരുടെ ആരാധകനായി, ഹിന്ദി സിനിമയിൽ അമിതാഭ് ബച്ചനോടായിരുന്നു ആരാധന. എന്നാല്‍ ഇന്ന് ഞാന്‍ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭ്രാന്തനായ ആരാധകനാണ്. അദ്ദേഹത്തിന്റെ അസാധാരണമായ പ്രവര്‍ത്തനങ്ങളും, കഠിനാധ്വാനവുമാണ് എന്നെ അദ്ദേഹത്തിലേക്ക് അടുപ്പിക്കുന്നത്,' പ്രിയദർശൻ വൃക്തമാക്കി.
സിനിമ കേവലം വിനോദോപാധി എന്നതിലുപരി സമൂഹത്തിന് ചില ഗുണപാഠങ്ങൾ കൂടി നൽകുന്നതാണെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. എല്ലാ കലാരൂപങ്ങൾക്കും അതിന്റേതായ സന്ദേശമുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമ. ഇന്ന് സിനിമ ആസ്വദിക്കാൻ ഒടിടി പ്ലാറ്റ്ഫോമുകളുൾപ്പെടെ നിരവധി സംവിധാനങ്ങളുണ്ട്. എന്നാൽ തിയേറ്ററിൽ വലിയ സ്‌ക്രീനിൽ ആസ്വദിക്കുന്ന അനുഭവം ഒടിടികൾക്കോ ഹോം തിയേറ്ററിനോ നൽകാനാകില്ലെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
English Summary: Director Priyadarshan said he is a strong admirer of Prime Minister Narendra Modi