

അക്ഷയ് കുമാറിനെ നായകനായി ഒരുക്കുന്ന ‘ഭൂത് ബംഗ്ല’യുമായി ബന്ധപ്പെട്ട് ഉയർന്ന പകർപ്പവകാശ വിവാദങ്ങൾക്ക് മറുപടിയുമായി സംവിധായകൻ പ്രിയദർശന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 'ഷോഷ' (SHOWSHA) എന്ന യുട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കോപ്പിയടി വിവാദത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സിനിമാലോകം ഏറെ ചർച്ച ചെയ്ത വിഷയത്തില്‍ അദ്ദേഹത്തിന്റെ നേരിട്ടുള്ള ആദ്യ മറുപടിയാണിത്.
സത്യജിത് റേയുടെ സൃഷ്ടികളെ അനുകരിച്ചുവെന്ന ആരോപണങ്ങൾ ഗൗരവത്തോടെ തന്നെ കാണുന്നുണ്ട് എന്നാൽ അതിൽ വസ്തുതയില്ല. ഒരു വാക്ക് ഉപയോഗിച്ചു എന്നതുകൊണ്ട് മാത്രം അത് പകർപ്പവകാശ ലംഘനമാകില്ല, മുമ്പും ഇതേ പേരുകളിൽ സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. വിവാദങ്ങൾ സൃഷ്ടിച്ച സമ്മർദ്ദത്തെക്കാൾ ഉപരി, ഞാൻ ഏറെ ബഹുമാനിക്കുന്ന ചലച്ചിത്രകാരന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിലുള്ള ഗൗരവം ഞാൻ മനസിലാകുന്നുണ്ട്. സിനിമ പഠിക്കുന്ന കാലം മുതൽ ഞാൻ റോൾ മോഡലായി കണ്ട വ്യക്തിയാണ് സത്യജിത് റേ. ഒരു വാക്കിലോ വരിയിലോ സാമ്യം തോന്നി എന്നതുകൊണ്ട് മാത്രം ഒരാൾക്ക് അതിന്മേൽ പൂർണ്ണ അവകാശം ഉന്നയിക്കാൻ കഴിയില്ലല്ലോ. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഞാൻ ഈ പ്രൊജക്റ്റുമായി മുന്നോട്ട് പോകുന്നത്.എന്റെ സിനിമയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഞാൻ ഉറച്ച് നിൽക്കാറുണ്ട്. സിനിമയിൽ കാര്യങ്ങൾ ആവർത്തിക്കപ്പെടുന്നത് സ്വാഭാവികമാണ്, അതിൽ തെറ്റൊന്നുമില്ല.
'ഭൂത് ബംഗ്ല' എന്ന പേര് ഇതിനു മുൻപും ഇന്ത്യൻ സിനിമയിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ളതാണ്. മെഹ്മൂദും ആർ.ഡി. ബർമനും ഒന്നിച്ച പഴയൊരു ചിത്രം ഇതിന്റെ ഉദാഹരണമാണ് . സംഗീതത്തിലോ വരികളിലോ മറ്റൊരു സൃഷ്ടിയുമായി എന്റെ ചിത്രത്തിന് ബന്ധമില്ല, വരികൾ എഴുതിയ വ്യക്തിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടാവാം . 'സത്യജിത് റേയെ ഇന്ത്യൻ സിനിമയുടെ ദൈവത്തെപ്പോലെയാണ് ഞാൻ കാണുന്നത്'. സിനിമയെക്കുറിച്ച് ഞാൻ പഠിച്ച പല പാഠങ്ങളും അദ്ദേഹത്തിന്റെ സിനിമകളിൽ നിന്നാണ്. അദ്ദേഹത്തെപ്പോലൊരു പ്രതിഭയുടെ സൃഷ്ടിയെ അനുകരിക്കുകയല്ല, മറിച്ച് തന്റേതായ രീതിയിലാണ് സിനിമ ഒരുക്കുന്നത്. ഒരു വാക്ക് ഒരാൾ ആദ്യം ഉപയോഗിച്ചു എന്നതുകൊണ്ട് മറ്റാർക്കും അത് ഉപയോഗിക്കാൻ പാടില്ല എന്ന് പറയാൻ കഴിയില്ല. നൂറുകണക്കിന് പാട്ടുകളിൽ ഒരേ വാക്കുകൾ ആവർത്തിച്ചു വരാറുണ്ട്, 'സത്യജിത് റേയോടുള്ള എന്റെ ബഹുമാനം എന്നുമുണ്ടാകും'.അനാവശ്യ വിവാദങ്ങൾ സിനിമയുടെ ക്രീയെറ്റിവിറ്റിയെ ബാധിക്കില്ല എന്ന് പ്രിയദർശൻ പറയുന്നു.
English Summary: Director Priyadarshan has responded to the copyright controversy surrounding his upcoming film 'Bhoot Bangla'. He denied copying Satyajit Ray and said he deeply respects the legendary filmmaker, calling him “the god of Indian cinema.