

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട കോംബിനേഷനാണ് മോഹൻലാൽ-പ്രിയദർശൻ. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർക്കു മനസറിഞ്ഞു ചിരിക്കാൻ പാകത്തിനുള്ള സിനിമകൾ കിട്ടി. ഈയടുത്ത് പ്രിയദർശൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. താൻ ഏറെ ആത്മവിശ്വാസത്തോടെ ചെയ്ത മിഥുനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു പോലെയുള്ള സിനിമകൾ തിയേറ്ററിൽ ഓടിയിട്ടില്ലെന്നാണ് പ്രിയദർശൻ പറഞ്ഞത്.
എനിക്ക് ഏറ്റവും കൂടുതൽ കോൺഫിഡന്റ് ആയ 'മിഥുനം', 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' പോലെയുള്ള സിനിമകൾ ഓടിയിട്ടില്ല. പക്ഷേ ഏറ്റവും സംശയിച്ചെടുത്ത സിനിമയാണ് തേന്മാവിൻ കൊമ്പത്ത്. അത് പക്ഷേ തിയറ്ററിൽ വർക്കായി
ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' സിനിമയുടെ ക്രൂവിനൊപ്പം ക്യൂ സ്റ്റുഡിയോയുടെ ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''എനിക്ക് ഏറ്റവും കൂടുതൽ കോൺഫിഡന്റ് ആയ 'മിഥുനം', 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' പോലെയുള്ള സിനിമകൾ ഓടിയിട്ടില്ല. പക്ഷേ ഏറ്റവും സംശയിച്ചെടുത്ത സിനിമയാണ് തേന്മാവിൻ കൊമ്പത്ത്. അത് പക്ഷേ തിയേറ്ററിൽ വർക്കായി,''- പ്രിയദർശൻ പറയുന്നു.
ഈ രണ്ട് സിനിമകളും പരാജയമായിരുന്നോയെന്ന് അത്ഭുതത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ പലരും ചോദിക്കുന്നത്. 1993 ൽ റിലീസ് ചെയ്ത മിഥുനം അക്കാലത്ത് വലിയ പരാജയമായി. മുടക്കുമുതൽ തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പഴയൊരു അഭിമുഖത്തിൽ പ്രിയദർശൻ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. '' ഇന്ന് എല്ലാവരുടെയും പ്രിയപ്പെട്ട സിനിമയാണ് മിഥുനം. പക്ഷേ അത് റിലീസ് ചെയ്ത സമയത്ത് വലിയൊരു പരാജയമായിരുന്നു,'' എന്നാണ് പഴയൊരു അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞത്.
'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' 1988 ലാണ് ഇറങ്ങിയത്. ഈ സിനിമയും തിയറ്ററുകളിൽ പരാജയമായി. മുടക്കുമുതൽ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രിയദർശൻ പറഞ്ഞ ചിത്രങ്ങൾക്കു പുറമേ മലയാളികൾ വളരെ ഇഷ്ടപ്പെടുന്ന ഒരു സിനിമ കൂടി ഇങ്ങനെ അപ്രതീക്ഷിത പരാജയമായിട്ടുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. അത് മോഹൻലാലും മുകേഷും തകർത്തഭിനയിച്ച 'വന്ദനം' ആണ്. വലിയ വിജയമാകേണ്ടിയിരുന്ന ചിത്രം ക്ലൈമാക്‌സിൽ നായകനും നായികയും ഒന്നിക്കാത്തതിന്റെ പേരിലാണത്രേ അന്ന് പ്രേക്ഷകർ തള്ളിക്കളഞ്ഞത്. എങ്കിലും ചിത്രം ശരാശരി കളക്ഷൻ നേടിയിട്ടുണ്ടെന്നാണ് കണക്കുകളിൽനിന്ന് മനസിലാക്കുന്നത്.
Director Priyadarshan recently expressed his disappointment that some of his films, which he considered high-quality and made with great confidence—such as Midhunam and Mukundhetta Sumitra Vilikkunnu—did not perform well at the box office. His comments regarding these cult classics have become a major topic of discussion on social media among Malayali movie fans.