മികച്ച ഹാസ്യചിത്രങ്ങൾ ഒരുക്കിയതിലൂടെ മോളിവുഡിലും ബോളിവുഡിലുമായി ശ്രദ്ധേയനായ സംവിധായകനാണ് പ്രിയദർശൻ. എന്നാൽ ഹാസ്യചിത്രങ്ങളെക്കാളേറെ കാലാപാനി, കാഞ്ചീവരം പോലെയുള്ള ഗൗരവമേറിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകൾ ചെയ്യാനാണ് ഇഷ്ടമെന്ന് പറയുകയാണ് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ. കോമഡി ചിത്രങ്ങൾ ചെയ്യാൻ പലപ്പോഴും നിർബന്ധിതനാവുകയാണ്. മികച്ച ഹാസ്യചിത്രങ്ങൾ ഒരുക്കിയതിലൂടെ മലയാളത്തിലും ബോളിവുഡിലും തനിക്ക് വലിയ പ്രശസ്തി ലഭിച്ചു. എന്നാൽ സംവിധായാകണെന്ന നിലയിൽ യഥാർത്ഥ അഭിനിവേശം തീവ്രവും ഗൗരവതരവുമായ പ്രമേയമുള്ള ചിത്രങ്ങൾ ഒരുക്കുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.
സത്യത്തിൽ ഗൗരവമുള്ള സിനിമകൾ ചിത്രീകരിക്കാനാണ് താല്പര്യം. ഹാസ്യ സിനിമകൾ ചിത്രീകരിക്കാൻ തനിക്കിഷ്ടമില്ലെങ്കിലും വേറെ വഴിയില്ലാത്തതുകൊണ്ടാണ് ചെയ്യുന്നത്. ഹാസ്യ സിനിമകൾ ചെയ്യുമ്പോൾ, നല്ല സംവിധായകനെന്ന നിലയിലുള്ള ബഹുമാനം ലഭിക്കുന്നില്ല. എന്നാൽ ഗൗരവമുള്ള സിനിമ ചെയ്യുന്ന സംവിധായകർക്ക് സിനിമാ ലോകത്ത് പ്രത്യേക ബഹുമാനം തന്നെയുണ്ട്. അത് പലപ്പോഴും വളരെ വേദനാജനകമാണ്. ഹാസ്യ സംവിധായകനെ നല്ല സംവിധായകനായി അംഗീകരിക്കാത്തത് എന്തൊകൊണ്ടായിരിക്കാമെന്നും പ്രിയദർശൻ ചോദിച്ചു. ഹാസ്യ സിനിമകൾ ചെയ്യുന്ന സംവിധായകരെ കോമാളികളായാണ് പലരും കാണുന്നത്. ഹാസ്യ സിനിമകൾക്ക് ഓസ്കാർ നേടുന്നതുപോലും വളരെ കുറവാണ്. അത് വളരെ സങ്കടകരമാണ്, പക്ഷേ ഇതൊക്കെയാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്ഷയ് കുമാറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ഭൂത് ബംഗ്ലാ'യാണ് പ്രിയദർശന്റെ ഇനി വരാനിരിക്കുന്ന ചിത്രം. പരേഷ് റാവൽ, രാജ്പാൽ യാദവ്, തബു, വാമിഖ ഗബ്ബി പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം നിർമിക്കുന്നത് അക്ഷയ് കുമാർ, ഏക്ത കപൂർ, ശോഭ കപൂർ എന്നിവർ ചേർന്നാണ്. കൂടാതെ സെയ്ഫ് അലി ഖാൻ, അക്ഷയ് കുമാർ എന്നിവർ കേന്ദ്രകഥാപത്രങ്ങളെയെത്തുന്ന 'ഹൈവാൻ' എന്നൊരു ചിത്രവും ഒരുങ്ങുന്നുണ്ട്.
English Summary: Priyadarshan said he prefers directing serious, intense films like Kaalapani and Kanchivaram rather than comedy movies. Although he became famous in Malayalam and Bollywood for his comedy films, he stated that he often feels compelled to make them and believes directors of serious films receive more respect in the industry.