

ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിൽ മൗനം വെടിഞ്ഞ് നടനും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാനുമായ ആർ മാധവൻ. കഴിഞ്ഞ ദിവസം ചെയർമാന്റെ ക്യാബിന് പുറത്ത് വിദ്യാർഥികൾ പോസ്റ്ററുകൾ പതിച്ച് പ്രതിഷേധിച്ചിട്ടും പ്രതികരണം ഉണ്ടായിരുന്നില്ല. എന്നാൽ വിദ്യാർഥി പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചതിന് പിന്നാലെയാണ് മാധവൻ മൗനം വെടിഞ്ഞ് രംഗത്തെത്തിയത്. നീതിപൂർവവും സുതാര്യവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് ഓരോ വിദ്യാർഥിയും അർഹരാണെന്നും സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ മാധവൻ പറഞ്ഞു.
''വിദ്യാഭ്യാസത്തിന് ഒരു രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്താനുള്ള അസാധാരണമായ ശക്തിയുണ്ട്. നീതി, സുതാര്യത, യോഗ്യത എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു വിദ്യാഭ്യാസ സംവിധാനത്തിന് ഓരോ വിദ്യാര്‍ഥിക്കും അവകാശമുണ്ട്.
ഇന്ത്യയിലെ യുവതലമുറയുടെ അളവറ്റ കഴിവിലും സാധ്യതകളിലും എന്നും വിശ്വാസം പുലര്‍ത്തുന്ന ഒരാളെന്ന നിലയില്‍, ഇന്ന് നിരവധി വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും അനുഭവിക്കുന്ന ആശങ്കയും നിരാശയും ഞാനും പങ്കുവയ്ക്കുന്നു. ആത്മവിശ്വാസവും നീതിയും തുല്യാവസരങ്ങളും നല്‍കേണ്ട വിദ്യാഭ്യാസ സംവിധാനം, വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് കരുത്തേകുന്നതാകണം.
ജീവിതവും ഭാവിയും നിര്‍ണയിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് നിര്‍ണായക സ്ഥാനമുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത് ചോദ്യപേപ്പര്‍ ചോര്‍ച്ച പോലുള്ള സംഭവങ്ങള്‍ വിദ്യാഭ്യാസ സംവിധാനത്തോടുള്ള വിശ്വാസത്തെ ഗുരുതരമായി ബാധിക്കുന്നു. അതോടൊപ്പം, ലക്ഷക്കണക്കിന് യുവാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതീക്ഷകളെയും കഠിനാധ്വാനത്തെയും സ്വപ്നങ്ങളെയും തകര്‍ക്കുന്ന ആഘാതവും സൃഷ്ടിക്കുന്നു.
ഈ സംഭവത്തിന് ഉത്തരവാദികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കര്‍ശനമായ നടപടി ഉറപ്പാക്കണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ഭാവിയില്‍ നമ്മുടെ യുവാക്കളുടെ ഭാവിയുമായി കളിക്കാന്‍ ആരും ധൈര്യപ്പെടാത്തവിധം ശക്തവും മാതൃകാപരവുമായ ശിക്ഷയാണ് ഉറപ്പാക്കേണ്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട് മുമ്പ് ഉണ്ടായ വീഴ്ചകള്‍ അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍, ആവശ്യമായ തിരുത്തല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും, ഭരണസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും, വരും തലമുറകള്‍ക്കായി വിദ്യാഭ്യാസ മേഖലയിലെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കുമെന്നും പ്രതീക്ഷിക്കുന്നു.'' എന്നും മാധവൻ പോസ്റ്റില്‍ കുറിച്ചു.
വിദ്യാർഥികൾ തങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് പിന്മാറരുതെന്നും, സമാധാനപരമായ പ്രതിഷേധങ്ങളെ സ്വാർത്ഥ താല്പര്യക്കാർ ദുരുപയോഗം ചെയ്യാതെ സൂക്ഷിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസ വകുപ്പിലെ ക്രമക്കേടുകൾ എന്നിവയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം ശക്തമായി തുടരുകയാണ്.
'ത്രീ ഇഡിയറ്റ്സ്' അടക്കമുള്ള സിനിമകളിൽ വിദ്യാർഥികളുടെ പ്രശ്നങ്ങൾ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുള്ള മാധവൻ, ഇപ്പോൾ യാഥാർത്ഥ്യത്തിൽ വിദ്യാർഥികൾ തെരുവിലിറങ്ങിയിട്ടും പ്രതികരിക്കാത്തതായിരുന്നു കഴിഞ്ഞ ദിവസം പൂനെ എഫ്ടിഐഐ വിദ്യാർഥികളെ ചൊടിപ്പിച്ചത്. പ്രശസ്തമായ 'ഗായബ്' മീമിനൊപ്പം "NEET For Sale" എന്ന വാചകം എഴുതിയ പോസ്റ്റർ മാധവന്റെ ക്യാബിന്റെ വാതിലിൽ ഒട്ടിച്ചായിരുന്നു പ്രതിഷേധം.
Actor and FTII Chairman R. Madhavan has spoken out on the ongoing student protest in Delhi, stressing that every student deserves a fair and transparent education system. He condemned incidents like exam paper leaks and urged authorities to take strict action while appealing for peaceful protests