ഉത്തരേന്ത്യന്‍ നടിമാരെ കാസ്റ്റ് ചെയ്യുന്നത് വെളുത്ത നിറം നോക്കി; തെന്നിന്ത്യൻ സിനിമകളിൽ വർണ്ണവിവേചനമെന്ന് രാധിക ആപ്‌തെ

'ഇവിടെ കൂടുതല്‍ വെളുത്ത നിറമുള്ളവരെ അല്ലെങ്കില്‍ വിദേശികളെപ്പോലെയുള്ളവരെയാണ് ആവശ്യം. ഈ ഒരു പ്രവണത പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'
ഉത്തരേന്ത്യന്‍ നടിമാരെ കാസ്റ്റ് ചെയ്യുന്നത് വെളുത്ത നിറം നോക്കി; തെന്നിന്ത്യൻ സിനിമകളിൽ  വർണ്ണവിവേചനമെന്ന് രാധിക ആപ്‌തെ
Published on: 

ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ കാസ്റ്റിങ് രീതികളെയും നായിക സങ്കല്‍പ്പങ്ങളെയും വിമര്‍ശിച്ച് നടി രാധിക ആപ്‌തെ. തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ ഉത്തരേന്ത്യന്‍ നടിമാരെ നായികമാരായി കാസ്റ്റ് ചെയ്യുന്നത് അവര്‍ക്ക് കൂടുതല്‍ വെളുത്ത നിറമുള്ളതുകൊണ്ടാകാമെന്ന് രാധിക അഭിപ്രായപ്പെട്ടു. താന്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം നിലപാടുകളോടുള്ള വിയോജിപ്പാണെന്ന് അവര്‍ വ്യക്തമാക്കി. നെറ്റ്ഫ്‌ളിക്‌സ് പരമ്പരയായ 'അക്ക'യുടെ പ്രചാരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടി.

തദ്ദേശീയരായ നടിമാരെ തഴയുന്നു

ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ സ്വന്തം നാടുകളിലെ കഴിവുള്ള നടിമാരെ അവഗണിച്ച് ഉത്തരേന്ത്യയില്‍ നിന്നുള്ളവരെ കൊണ്ടുവരുന്ന പ്രവണത നിലനില്‍ക്കുന്നുണ്ടെന്ന് രാധിക ചൂണ്ടിക്കാട്ടി. 'ഇവിടെ കൂടുതല്‍ വെളുത്ത നിറമുള്ളവരെ അല്ലെങ്കില്‍ വിദേശികളെപ്പോലെയുള്ളവരെയാണ് ആവശ്യം. ഈ ഒരു പ്രവണത പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല', അവര്‍ പറഞ്ഞു.

'ദക്ഷിണേന്ത്യയിലെ സ്ത്രീകള്‍ അതിശയകരമായ കഴിവുള്ളവരും സുന്ദരിമാരുമാണ്. ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ അറിയാവുന്നവരും മികച്ച പ്രകടനം കാഴ്ചവെക്കുന്നവരുമാണ് അവര്‍. ഭാഷയില്‍ ഒരു വാക്ക് പോലും സംസാരിക്കാന്‍ അറിയാത്ത, മറ്റുള്ളവരെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുന്ന മുംബൈയില്‍ നിന്നുള്ള ആളുകളെ അഭിനയിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ദക്ഷിണേന്ത്യയിലെ നടിമാരെത്തന്നെ കാസ്റ്റ് ചെയ്യുന്നതാണ്', രാധിക വ്യക്തമാക്കി.

ഉത്തരേന്ത്യന്‍ നടിമാരെ കാസ്റ്റ് ചെയ്യുന്നത് വെളുത്ത നിറം നോക്കി; തെന്നിന്ത്യൻ സിനിമകളിൽ  വർണ്ണവിവേചനമെന്ന് രാധിക ആപ്‌തെ
'ഞങ്ങൾ വിദ്യാർഥികൾക്കൊപ്പം’; എസ്ആർഎഫ്ടിഐ സമരത്തിന് പിന്തുണയുമായി നസീറുദ്ദീൻ ഷായും ആനന്ദ് പട്‌വർധനും

ഭാഷയും ഒരു തടസ്സം

ഏഴ് വ്യത്യസ്ത ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഭാഷ അറിയാതെ സിനിമകളോട് പൂര്‍ണ്ണമായി നീതി പുലര്‍ത്താന്‍ കഴിയില്ലെന്ന് താന്‍ മനസ്സിലാക്കിയതായി രാധിക പറഞ്ഞു. ഡയലോഗുകള്‍ കൃത്യമായി ഓര്‍ത്തു വെക്കുക മാത്രമല്ല, ഒരു കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെന്ന് പെട്ടെന്ന് സ്വാഭാവികമായി അഭിനയിക്കണമെങ്കിലും ആ ഭാഷ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെയും തെന്നിന്ത്യന്‍ സിനിമാ മേഖലയെക്കുറിച്ചും സിനിമാ മേഖലയിലെ പുരുഷാധിപത്യത്തെ കുറിച്ചും രാധിക തുറന്നടിച്ചിട്ടുണ്ട്.

തെലുങ്ക് സിനിമകളില്‍ വ്യക്തമായ പുരുഷാധിപത്യമുണ്ടെന്നും സ്ത്രീകള്‍ക്ക് അവിടെ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും അവര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. സെറ്റുകളില്‍ സ്ത്രീകളെക്കുറിച്ച് അശ്ലീല തമാശകള്‍ പറയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഒരു അന്യയെപ്പോലെയാണ് തനിക്ക് തോന്നിയതെന്നും രാധിക വെളിപ്പെടുത്തിയിട്ടുണ്ട്.

തെലുങ്ക്-ഹിന്ദി ചിത്രമായ 'രക്തചരിത്ര'യിലൂടെയാണ് രാധിക തെന്നിന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തമിഴില്‍ 'വെട്രിശെല്‍വന്‍', രജനികാന്ത് ചിത്രമായ 'കബാലി', ബാലകൃഷ്ണയുടെ 'ലയണ്‍' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി 'ഹരം' എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. 2019-ല്‍ പുറത്തിറങ്ങിയ 'ചിത്തിരം പേസുതടി 2' ആണ് രാധിക അഭിനയിച്ച അവസാന തെന്നിന്ത്യന്‍ ചിത്രം.

Summary

Actress Radhika Apte has criticised casting practices in South Indian cinema, alleging that actresses from North India are often preferred for lead roles because of their fairer skin. Speaking at a promotional event for her upcoming Netflix series Akka, she said one of the reasons she has stayed away from South Indian films is her disagreement with such practices. Apte argued that talented local actresses are frequently overlooked despite their acting abilities, beauty and familiarity with regional languages. She also questioned the practice of casting actors who do not speak the language and rely on dubbing, saying local actresses would be a better choice. The actress stressed that understanding a language is essential for delivering natural performances. She has previously criticised the Telugu film industry for its patriarchal culture and the lack of respect and consideration shown to women on film sets. Apte made her South Indian debut with Rakta Charitra and went on to act in films including Kabali, Lion and the Malayalam film Haram.

Madism Digital
madismdigital.com