

‘ഡ്യൂൺ: പാർട്ട് ത്രീ’യും ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’യും തമ്മിലുള്ള വമ്പൻ ബോക്സോഫീസ് പോരാട്ടമായ ‘ഡ്യൂൺസ്ഡേ’ക്ക് മുമ്പേ മറ്റൊരു ശ്രദ്ധേയ ക്ലാഷിന് ബോക്സ് ഓഫീസ് കളമൊരുങ്ങുകയാണ്. ഈ ദീപാവലിക്ക് ഇന്ത്യൻ ഇതിഹാസകഥയായ ‘രാമായണ’യും ജാപ്പനീസ് മോൺസ്റ്റർ ചിത്രം ‘ഗോഡ്‌സില്ല മൈനസ് സീറോ’യും ബോക്സോഫീസിൽ ഏറ്റുമുട്ടും. വ്യത്യസ്തമായ ഈ പോരാട്ടം ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ‘GOD VS GODZILLA’ എന്ന് വിളിച്ചാണ് പ്രേക്ഷകർ ഈ ക്ലാഷിനെ ആഘോഷിക്കുന്നത്.
‘രാമായണ’യുടെ റിലീസിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ആദ്യഗാനം ‘ജയ് ജയ് റാം’ പുറത്തിറങ്ങിയതോടെ വീണ്ടും ശക്തമായിരിക്കുകയാണ്. രൺബീർ കപൂറും സായ് പല്ലവിയും ഉൾപ്പെടുന്ന ദൃശ്യങ്ങളാണ് ഗാനത്തിന്റെ വീഡിയോയിലൂടെ പുറത്തുവന്നത്. ചിത്രത്തിലെ കളർ ഗ്രേഡിങ്ങിലും വിഎഫ്എക്‌സിലും വരുത്തിയ മാറ്റങ്ങളും ശ്രദ്ധ നേടുന്നുണ്ട്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തിയേറ്ററിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏകദേശം 4000 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ‘രാമായണ’ അന്താരാഷ്ട്ര ബോക്സോഫീസിൽ ‘ഗോഡ്‌സില്ല മൈനസ് സീറോ’യോട് ഏറ്റുമുട്ടുന്നതും സിനിമാപ്രേമികൾ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
മോൺസ്റ്റർ സാഗയിലെ അവസാന അധ്യായമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ‘ഗോഡ്‌സില്ല മൈനസ് സീറോ’ ദീപാവലി റിലീസായി നവംബർ ആറിന് രാജ്യാന്തര തലത്തിൽ പ്രദർശനത്തിനെത്തും. ഇതോടെ വിദേശ വിപണികളിലും ‘രാമായണ’യും ‘ഗോഡ്‌സില്ല മൈനസ് സീറോ’യും നേർക്കുനേർ ഏറ്റുമുട്ടും. എന്നാൽ ഇന്ത്യയിൽ ‘ഗോഡ്‌സില്ല’യ്ക്ക് നേരിയ മുൻതൂക്കം ലഭിക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് നവംബർ എട്ടിനാണ് ‘രാമായണം’ തിയേറ്ററുകളിലെത്തുന്നത്. അതിനാൽ റിലീസ് തീയതിയുടെ കാര്യത്തിൽ ‘ഗോഡ്‌സില്ല’യാണ് ആദ്യമെത്തുക.
അപൂർവമായ ഈ ബോക്സോഫീസ് പോരാട്ടത്തെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇതിനിടെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ രസകരമായ മീമുകളും പോസ്റ്ററുകളും നിറയുകയാണ്. രൺബീർ കപൂർ അവതരിപ്പിക്കുന്ന ശ്രീരാമൻ യുദ്ധഭൂമിയിൽ ഗോഡ്‌സില്ലയുമായി ഏറ്റുമുട്ടുന്ന തരത്തിൽ ചിലർ പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നു. യഷ് അവതരിപ്പിക്കുന്ന രാവണൻ ഗോഡ്‌സില്ലയോട് പോരാടുന്ന ദൃശ്യങ്ങൾ ചേർത്തുള്ള വീഡിയോകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’യിൽ ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യഷും ഹനുമാനായി സണ്ണി ഡിയോളും ലക്ഷ്മണനായി രവി ദുബെയുമാണ് എത്തുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാണം നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവ ചേർന്നാണ് നിർവഹിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുള്ള ചിത്രത്തിന്റെ ആഗോള വിതരണം സോണി പിക്ചേഴ്സാണ്.
Nitesh Tiwari’s ambitious ‘Ramayana’ is set for a Diwali box-office clash with Japanese monster film ‘Godzilla Minus Zero’. With Ranbir Kapoor, Sai Pallavi, Yash and Sunny Deol in key roles, the epic has generated major buzz. Fans are calling the unusual showdown “God vs Godzilla” and sharing creative posters online.