മണ്ഡലത്തിലെ സജീവ സാന്നിധ്യമാകുന്നതിനും ജനസേവനത്തിനുമായി സിനിമ, സ്റ്റേജ് ഷോ എന്നിവയിൽ നിന്നും താൽക്കാലിക ഇടവേളയെടുക്കുകയാണെന്ന് തീരുമാനിച്ച് പാലക്കാട് നിയുക്ത എംഎൽഎ രമേഷ് പിഷാരടി. പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ഉടനടി പാലക്കാട് എംഎൽഎ ഓഫീസ് തുറന്ന് പ്രവർത്തിക്കുമെന്നും രമേഷ് പിഷാരടി അറിയിച്ചു. പാലക്കാടിന്റെ സമഗ്ര വികസനത്തിനായി ആരോഗ്യം, വിദ്യാഭ്യസം എന്നീ മേഖലകളിൽ ഊന്നൽ നൽകുമെന്നും പാലക്കാട്ടെ ജില്ലാ ആശുപത്രി നിർമാണ പ്രവർത്തികൾ എത്രയുംപെട്ടെന്ന് പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, പ്രചാരണസമയത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉന്നയിച്ച നെല്ലുസംഭരണണത്തിനു ബജറ്റിൽ തുക വകയിരുത്തുന്നത് സംബന്ധിച്ച് പദ്ധതികൾക്കായി പരിശ്രമിക്കുമെന്നും മികച്ച സ്റ്റാർട്ടപ്പ് ആശയങ്ങളുള്ള ചെറുപ്പക്കാർക്ക് സഹായകമായ പദ്ധതികൾ ആവിഷ്കരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും രമേഷ് പിഷാരടി ഉറപ്പ് പറഞ്ഞു.
ഇവയ്‌ക്കെല്ലാം പുറമെ, കാലങ്ങളായി അഭിമുഖീകരിക്കുന്ന ഗതാഗതക്കുരുക്കിനൊരു പരിഹാരമായി ബൈപാസ് റോഡുകളുടെ വികസനത്തിന് ഊന്നൽ നൽകും. കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നതോടുകൂടി പാലക്കാടിന് തന്നെ വലിയ തോതിൽ വികസനം സംഭവിക്കുമെന്നാണ് വിശ്വസിക്കുന്നത്.
പാലക്കാട് ‘സിറ്റി ഹബ്’ എന്ന രീതിയിലുള്ള നഗരാസൂത്രണം നടത്തുന്നതിലൂടെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന മഹാനഗരമായി പാലക്കാടിനെ മാറ്റും. നഗരം വികസിക്കുന്നതിന്റെ ഭാഗമായി നിരവധി ഗുണങ്ങൾ പാലക്കാട്ടെ ഗ്രാമങ്ങൾക്കും ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ പാലക്കാടിന്റെ മുഖച്ഛായ തന്നെ മാറ്റാൻ കെൽപ്പുള്ള, പദ്ധതികൾ ആവിഷ്കരിക്കുന്നതിനും വികസനം ഉറപ്പുവരുത്തുന്നതിനുമായി പാലക്കാട് സജീവമാകുന്നതിനാണ് സിനിമയും, സ്റ്റേജ് പരിപാടികളും ഉൾപ്പെടെയുള്ള കലാപ്രവർത്തനങ്ങളിൽ നിന്നും താത്കാലിക ഇടവേള എടുക്കുന്നതെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
English Summary: Ramesh Pisharody, newly appointed MLA of Palakkad, has decided to take a temporary break from films and stage shows to focus on constituency development, prioritizing healthcare, education, infrastructure, and youth initiatives.