'കൂടുതല്‍ കരുത്തോടെ മുന്നോട്ട്'; സിനിമയില്‍ തുടരുമെന്ന് വ്യക്തമാക്കി രവി മോഹന്‍

'ഓരോ ദിവസം കഴിയുന്തോറും ഞാന്‍ കൂടുതല്‍ കരുത്തനായി മാറുന്നു. നിബന്ധനകളില്ലാതെ എന്നെ സ്‌നേഹിക്കുന്ന ഓരോരുത്തര്‍ക്കും നന്ദി പറയുന്നു.'
'കൂടുതല്‍ കരുത്തോടെ മുന്നോട്ട്'; സിനിമയില്‍ തുടരുമെന്ന് വ്യക്തമാക്കി രവി മോഹന്‍
Published on

അഭിനയരംഗത്തേയ്ക്ക് സജീവമായി തിരിച്ചുവരികയാണെന്ന സൂചനകള്‍ നല്‍കി തമിഴ് നടന്‍ രവി മോഹന്‍. സിനിമയില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കുകയാണെന്ന മുന്‍ പ്രസ്താവന തിരുത്തിക്കൊണ്ടാണ്, താന്‍ സിനിമയ്ക്കായി ഇനി അശ്രാന്തം പരിശ്രമിക്കുമെന്ന ഉറപ്പ് താരം ആരാധകര്‍ക്ക് നല്‍കിയിരിക്കുന്നത്. പിന്തുണ നല്‍കിയ എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. കടുത്ത സൈബര്‍ ആക്രമണങ്ങളിലും മാനസിക സമ്മര്‍ദ്ദങ്ങളിലും മനംനൊന്ത്, വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ താന്‍ അഭിനയരംഗത്തുനിന്ന് മാറിനില്‍ക്കുകയാണെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതികരണം.

ഭാര്യ ആരതിയുമായുള്ള വിവാഹമോചന നടപടികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുകാലമായി ജയം രവിയുടെ വ്യക്തിജീവിതം കടുത്ത മാധ്യമവിചാരണകള്‍ക്കും സൈബര്‍ ഇടങ്ങളിലെ അധിക്ഷേപങ്ങള്‍ക്കും ഇരയായിരുന്നു. ഇതില്‍ മനംനൊന്ത്, വിവാഹമോചനം നിയമപരമായി പൂര്‍ത്തിയാകുന്നത് വരെ തനിക്ക് അഭിനയിക്കാന്‍ സാധിക്കില്ലെന്നും സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നും താരം അടുത്തിടെ ഒരു വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനത്തിന് പിന്നാലെ, പ്രിയതാരത്തിന് പിന്തുണയുമായി ലക്ഷക്കണക്കിന് ആരാധകരാണ് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പകര്‍ന്നുനല്‍കിയ പോസിറ്റീവ് ഊര്‍ജ്ജമാണ് സിനിമയിലേക്കുള്ള തിരിച്ചുവരവിന് താരത്തിന് പ്രേരണയായത്.

'ഓരോ ദിവസം കഴിയുന്തോറും ഞാന്‍ കൂടുതല്‍ കരുത്തനായി മാറുന്നു. നിബന്ധനകളില്ലാതെ എന്നെ സ്‌നേഹിക്കുന്ന ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ ഈ പ്രതീക്ഷയാണ് എനിക്ക് സ്‌നേഹവും ബഹുമാനവും എല്ലാ പോസിറ്റീവ് ഊര്‍ജ്ജവും തിരികെ നല്‍കാന്‍ പ്രേരണയാകുന്നത്', ജയം രവി എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. താന്‍ വളരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ചലച്ചിത്ര മേഖലയില്‍ ഇനിയും കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരിയറിലെ ഉയര്‍ച്ചതാഴ്ചകളില്‍ ഒപ്പം നിന്ന സിനിമാ സുഹൃത്തുക്കള്‍ക്കും മാധ്യമങ്ങള്‍ക്കും താരം നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ഇതുവരെയുള്ള യാത്രയ്ക്കും ലഭിച്ച വഴികാട്ടലുകള്‍ക്കും നന്ദി പറഞ്ഞ താരം, ശബരിമല ക്ഷേത്രത്തില്‍ നിന്നുള്ള ഒരു ചിത്രത്തോടൊപ്പം 'സ്വാമിയേ ശരണം' എന്ന് കുറിച്ചുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.

'കൂടുതല്‍ കരുത്തോടെ മുന്നോട്ട്'; സിനിമയില്‍ തുടരുമെന്ന് വ്യക്തമാക്കി രവി മോഹന്‍
വീട്ടുജോലികള്‍ സ്ത്രീകളുടെ മാത്രം ചുമതലയല്ല, മടിയെ ലിംഗഭേദത്തിന്റെ പേര് പറഞ്ഞ് ന്യായീകരിക്കരുത്; 'വര്‍ക്കിങ് മോം' ജീവിതത്തെക്കുറിച്ചും പ്രിയങ്ക ചോപ്ര

വിവാദങ്ങളും സൈബര്‍ ആക്രമണങ്ങളും

കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ നേരിടുന്ന കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രവി തുറന്നുപറഞ്ഞിരുന്നു. 'എന്റെ വിവാഹമോചനം പൂര്‍ത്തിയാകുന്നത് വരെ ഞാന്‍ അഭിനയിക്കില്ല. എനിക്കതിന് സാധിക്കുന്നില്ല. വിവാഹമോചനം ലഭിക്കുന്നതോടെ എന്റെ ജീവിതം വീണ്ടും സാധാരണ നിലയിലാകും. ഈ സൈബര്‍ ആക്രമണങ്ങള്‍ എപ്പോള്‍ അവസാനിക്കുന്നുവോ, അപ്പോള്‍ ഞാന്‍ തിരിച്ചെത്തും,' എന്നായിരുന്നു അന്ന് താരം പറഞ്ഞത്.

ഭാര്യ ആരതിയുമായുള്ള വിവാഹമോചന കേസിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുമാസങ്ങളായി രവിയുടെ വ്യക്തിജീവിതം വലിയ രീതിയില്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇതിനിടെ ഗായികയും തെറാപ്പിസ്റ്റുമായ കെനീഷയെ തന്റെ 'സഹചാരി'യായി താരം പരിചയപ്പെടുത്തിയത് വലിയ രീതിയിലുള്ള ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും വഴിവെച്ചിരുന്നു. സൈബര്‍ ആക്രമണം പരിധിവിട്ടതോടെ കെനീഷയ്ക്ക് ചെന്നൈ വിട്ടുപോവേണ്ടി വരികയും ചെയ്തു. താരത്തിന്റെ പുതിയ പ്രഖ്യാപനത്തോടെ, നിര്‍ത്തിവെച്ച പ്രോജക്റ്റുകളുടെ ചിത്രീകരണവും വരാനിരിക്കുന്ന പുതിയ സിനിമകളുടെ ഔദ്യോഗിക വിവരങ്ങളും ഉടന്‍ തന്നെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തമിഴ് ചലച്ചിത്ര ലോകം.

Summary

Tamil actor Ravi Mohan has signaled his active return to cinema, revising his earlier statement that he would step away from acting until his divorce proceedings were completed. The actor expressed gratitude to fans for their unwavering support during a difficult phase in his personal life, saying their encouragement has given him the strength to continue working in films.

Madism Digital
madismdigital.com