

പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ മരണം ദക്ഷിണേന്ത്യൻ സിനിമയ്ക്കു കനത്ത നഷ്ടമാണ്. തമിഴിൽ ക്ലാസിക് സിനിമകളൊരുക്കിയ സംവിധായകനാണ് അദ്ദേഹം. സംവിധാനത്തിനും അപ്പുറത്തേക്ക് നടനായും തിരക്കഥാകൃത്തായും ഭാരതിരാജ സിനിമയിൽ നിറഞ്ഞുനിന്നു.
കഴിഞ്ഞ വർഷം മുതലാണ് ഭാരതിരാജയുടെ ആരോഗ്യം വളരെ മോശമാകാൻ തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ മകൻ മനോജ് ഭാരതിരാജയുടെ മരണം മുതൽ.. മകന്ർറെ അകാലത്തിലുള്ള വേർപാട് ഭാരതിരാജയെ മാനസികമായും ശാരീരികമായും തളർത്തിയിരുന്നു.
48-ാം വയസ്സിലാണ് ഭാരതിരാജയുടെ മകൻ മനോജ് അന്തരിച്ചത്. 2025 മാർച്ചിലായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്നുള്ള മകന്റെ അന്ത്യം ഭാരതിരാജയ്ക്കു ഉൾക്കൊള്ളാൻ സാധിച്ചില്ല. മകന്റെ മരണത്തെ തുടർന്ന് ഭാരതിരാജയ്ക്കു വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ' ആ സംഭവത്തിനു ശേഷം അദ്ദേഹം ആകെ തളർന്നുപോയി. മകന്റെ മരണം ഉൾക്കൊള്ളാൻ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. മാനസികമായും ശാരീരികമായും ഏറെ തളർന്നു,' ഭാരതിരാജയുടെ സഹോദരൻ ജയരാജ് പെരിയമയത്തേവർ പറഞ്ഞു.
മകന്റെ മൃതദേഹത്തിനു മുന്നിൽ ഇരുന്ന് വിങ്ങിപ്പൊട്ടുന്ന ഭാരതിരാജയുടെ ദൃശ്യങ്ങൾ ആരാധകരുടെ നെഞ്ചുലയ്ക്കുന്നതായിരുന്നു. നടൻ സൂര്യ അടക്കമുള്ളവർ ഭാരതിരാജയെ ആശ്വസിപ്പിക്കാൻ അന്ന് വീട്ടിലെത്തി. മകന്റെ മരണശേഷം ഭാരതിരാജ പരിചയക്കാരോടു പോലും സംസാരിക്കുന്നത് കുറഞ്ഞു. പിന്നീടങ്ങോട്ട് ആരോഗ്യപ്രശ്‌നങ്ങളും കൂടിയെന്ന് അദ്ദേഹവുമായി അടുത്ത സുഹൃത്തുക്കൾ പറയുന്നു.
നാടകീയതയിൽ നിന്ന് സ്വാഭാവികതയിലേക്കുള്ള മാറ്റത്തിന്റെ ചുവടുവയ്പ്പായിരുന്നു ഭാരതിരാജ സിനിമകൾ. 1977 ൽ പുറത്തിറങ്ങിയ '16 വയതിനിലെ' ആണ് ആദ്യ സിനിമ. ഗ്രാമീണ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചുവെച്ചുകൊണ്ട് ജീവനുള്ള സിനിമകളെ സൃഷ്ടിക്കാൻ ഭാരതിരാജ എന്നും ശ്രദ്ധിച്ചിരുന്നു.
മോഹൻലാൽ നായകനായെത്തിയ 'തുടരും' സിനിമയിലാണ് മലയാളികൾ ഭാരതിരാജയെ അവസാനമായി കണ്ടത്. അതിൽ മോഹൻലാലിന്റെ ഗുരുവായാണ് ഭാരതിരാജയെ കാണിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള കോംബിനേഷൻ സീൻ തിയറ്ററുകളിൽ ഏറെ സ്വീകരിക്കപ്പെട്ടിരുന്നു.
English Summary: The death of acclaimed filmmaker Bharathiraja is a major loss to South Indian cinema. He was the director behind several classic Tamil films and left an indelible mark on the industry. Beyond directing, Bharathiraja also made significant contributions as an actor and screenwriter.
It was from last year that his health began to deteriorate noticeably. More specifically, the death of his son, Manoj Bharathiraja, had a profound impact on him, leaving him physically and emotionally devastated.