

വർഷങ്ങൾക്ക് ശേഷം സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രവുമായി തിരികെ എത്തുകയാണ് സംവിധായകൻ റിഡ്‌ലി സ്കോട്ട്. പീറ്റർ ഹെല്ലർ 2012-ൽ പുറത്തിറക്കിയ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി ഒരുക്കിയ 'ദി ഡോഗ് സ്റ്റാഴ്സ്' എന്ന ചിത്രം പോസ്റ്റ് അപൊകാലിപ്റ്റിക് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. എന്നാൽ സാധാരണ ഇത്തരം സിനിമകളിൽ കാണാറുള്ളതിൽ നിന്ന് വ്യത്യസ്തമായ പ്രതീക്ഷയും മാനുഷിക മൂല്യങ്ങളുമാണ് ഈ ചിത്രം പങ്കുവെക്കുന്നതെന്ന് റിഡ്‌ലി സ്കോട്ട് ലണ്ടനിൽ നടന്ന പ്രീമിയറിനിടെ പറഞ്ഞു.
മഹാമാരി കവർന്ന ലോകത്ത് അതിജീവനത്തിനായി പോരാടുന്ന ഹിഗ് എന്ന മെക്കാനിക്കിന്റെ കഥയാണ് ചിത്രം പറയുന്നത്. ഭാര്യയെയടക്കം മഹാമാരിയിൽ നഷ്ടപ്പെട്ട ഹിഗ്, ഉപേക്ഷിക്കപ്പെട്ട ഒരു എയർപോർട്ടിൽ തന്റെ പ്രായമേറിയ വളർത്തുനായ്ക്കും മുൻ മിലിട്ടറി ഉദ്യോഗസ്ഥനായ ബാങ്ക്‌ലിക്കുമൊപ്പമാണ് കഴിയുന്നത്. ജേക്കബ് എലോർഡിയാണ് ഹിഗ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോഷ് ബ്രോളിനാണ് ബാങ്ക്‌ലിയായി എത്തുന്നത്. തന്റെ പഴയ പൈപ്പർ സെസ്‌ന വിമാനത്തിൽ അതിജീവിച്ച മറ്റുള്ളവരെയും സാധന സാമഗ്രികളും തിരഞ്ഞിറങ്ങുന്ന ഹിഗ്, യാദൃച്ഛികമായി റേഡിയോ സന്ദേശം ലഭിക്കുന്നതിലൂടെ പുതിയ മനുഷ്യരിലേക്ക് എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്.
"സയൻസ് ഫിക്ഷൻ പ്രമേയങ്ങൾ കൃത്യമായി പേപ്പറിൽ വരുമ്പോൾ അത് ഒഴിവാക്കാൻ കഴിയില്ല. സ്ക്രിപ്റ്റ് പകുതി വായിച്ചപ്പോൾ തന്നെ എനിക്ക് വലിയ താത്പര്യം തോന്നി. ധാരാളം സോംബി സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ ഇതിൽ സോംബികളില്ല. അതാണ് ഈ ചിത്രത്തിൽ 'പ്രതീക്ഷ' എന്ന ഘടകം അത്യാവശ്യമാണെന്ന് ഞാൻ കരുതാൻ കാരണം," 88-കാരനായ സംവിധായകൻ പറഞ്ഞു.
ഇറ്റലിയിലെ യഥാർത്ഥ ലൊക്കേഷനുകളിൽ മൾട്ടിപ്പിൾ ക്യാമറകൾ ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചത്. ചിത്രം വലിയൊരു കാൻവാസിലാണ് ഒരുക്കിയിരിക്കുന്നതെന്ന് ജേക്കബ് എലോർഡി പറഞ്ഞു. സിനിമയിലെ ഡോഗ് ട്രെയിനർമാരുടെയും തന്റെ കൂടെ അഭിനയിച്ച നായയുടെയും പിന്തുണ വലിയ അനുഭവമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
സിനിമയുടെ ദൃശ്യാവിഷ്കാരം മികച്ചതാണെന്ന് നോവലിസ്റ്റ് പീറ്റർ ഹെല്ലർ പ്രതികരിച്ചു. സിനിമ വേറൊരു മാധ്യമമാണെന്നും സ്നേഹിക്കാനായി നമ്മൾ ഹൃദയം തുറന്നുവെക്കണമെന്ന പുസ്തകത്തിലെ സന്ദേശം സിനിമ കൃത്യമായി ഉൾക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തപൂർണ്ണമായ സാഹചര്യങ്ങളിലും പ്രതീക്ഷയും മനുഷ്യബന്ധങ്ങളും എത്രത്തോളം പ്രധാനമാണെന്ന് സിനിമ വ്യക്തമാക്കുന്നുണ്ടെന്ന് അഭിനേതാവ് ബെനഡിക്റ്റ് വോങ് അഭിപ്രായപ്പെട്ടു. 'ദി ഡോഗ് സ്റ്റാഴ്സ്' ഓഗസ്റ്റ് 26 മുതൽ ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.