ഒടുവില്‍ കാലാ ഹിരന്‍; നാല് പതിറ്റാണ്ടായി സല്‍മാന്‍ ഖാനെ പിന്തുടരുന്ന 'കൃഷ്ണമൃഗ വേട്ട'

സിനിമയെ സല്‍മാന്‍ ഖാനുമായി ബന്ധിപ്പിക്കുന്ന അഭിമുഖങ്ങള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവ ഹര്‍ജിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒടുവില്‍ കാലാ ഹിരന്‍; നാല് പതിറ്റാണ്ടായി 
സല്‍മാന്‍ ഖാനെ പിന്തുടരുന്ന 'കൃഷ്ണമൃഗ വേട്ട'
Published on

തന്റെ വ്യക്തിത്വ അവകാശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് 'കാലാ ഹിരന്‍' സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ നടന്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ജൂണ്‍ 19- ന് പരിഗണിക്കും. സല്‍മാന്‍ ഖാന് എതിരെയുള്ള കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി സാമ്യമുണ്ട് 'കാലാ ഹിരന്‍: ദി ബാറ്റില്‍ ഫോര്‍ ലെഗസി' സിനിമയ്ക്ക്. കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ സിനിമ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണം എന്നാണ് താരത്തിന്റെ ആവശ്യം.

സിനിമയുടെ നിര്‍മ്മാതാവായ അമിത് ജാനി, ജാനി ഫയര്‍ഫോക്‌സ് ഫിലിംസ്, സംവിധായകന്‍ ഭരത് ശ്രീനാഥെ, അക്ഷയ് പാണ്ഡെ എന്നിവരെയും സിനിമയുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികളെയും സിനിമയുടെ നിര്‍മ്മാണം, പ്രചാരണം, വിതരണം, പ്രദര്‍ശനം, ഒടിടി സ്ട്രീമിംഗ് അല്ലെങ്കില്‍ റിലീസ് എന്നിവയില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള ഒരു താല്‍ക്കാലിക നിരോധന ഉത്തരവ് ആവശ്യപ്പെട്ടാണ് സല്‍മാന്‍ ഖാന്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. തന്റെ പേര് സിനിമയില്‍ നേരിട്ട് ഉപയോഗിച്ചിട്ടില്ലെങ്കിലും ചിത്രത്തിന്റെ പോസ്റ്ററുകള്‍, പ്രമോഷണല്‍ ഉള്ളടക്കങ്ങള്‍, സിനിമയുമായി ബന്ധപ്പെട്ടവരുടെ പരസ്യ പ്രസ്താവനകള്‍ എന്നിവയിലൂടെ പ്രേക്ഷകര്‍ക്ക് തന്നെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് നടന്‍ വാദിക്കുന്നു.

കൃഷ്ണമൃഗം കേസുകളില്‍ നിന്നും ലോറന്‍സ് ബിഷ്ണോയുമായുള്ള തര്‍ക്കത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണെന്ന് സിനിമ എന്ന് നിര്‍മ്മാതാവ് അമിത് ജാനി മാധ്യമങ്ങളോട് പറഞ്ഞ റിപ്പോര്‍ട്ടുകളും പരസ്യ പ്രസ്താവനകളും അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സിനിമയെ സല്‍മാന്‍ ഖാനുമായി ബന്ധിപ്പിക്കുന്ന അഭിമുഖങ്ങള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവ ഹര്‍ജിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സല്‍മാന്‍ ഖാന്റെ ജനപ്രീതിയും വ്യക്തിത്വവും ഉപയോഗിച്ച് സിനിമയ്ക്ക് പബ്ലിസിറ്റിയും വാണിജ്യ താല്‍പ്പര്യവും ഉണ്ടാക്കിയെടുക്കാനാണ് ഇവ ഉപയോഗിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഒടുവില്‍ കാലാ ഹിരന്‍; നാല് പതിറ്റാണ്ടായി 
സല്‍മാന്‍ ഖാനെ പിന്തുടരുന്ന 'കൃഷ്ണമൃഗ വേട്ട'
മണ്‍സൂണിന് മേല്‍ എല്‍ നിനോ നിഴല്‍; മഴ കുറയുമോ?, പ്രതീക്ഷയേകി 'പോസിറ്റീവ് ഐഒഡി' പ്രവചനം

സിനിമയുടെ നിര്‍മ്മാണം, പ്രചാരണം എന്നിവയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 24-ന് സല്‍മാന്‍ ഖാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് കിട്ടിയിട്ടും സിനിമയുമായി മുന്നോട്ടുപോയതിനാലാണ് അടിയന്തരമായി കോടതിയുടെ ഇടപെടല്‍ തേടാന്‍ നടന്‍ നിര്‍ബന്ധിതനായതെന്ന് അപേക്ഷയില്‍ പറയുന്നു. ടീസര്‍, ട്രെയിലര്‍, പോസ്റ്റര്‍ തുടങ്ങിയവ റിലീസ് ചെയ്യുന്നതോ, പ്രസിദ്ധീകരിക്കുന്നതോ, പരസ്യം ചെയ്യുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍ നിന്നും എതിര്‍കക്ഷികളെ തടയണമെന്നാണ് നടന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, സല്‍മാന്‍ ഖാന്‍ കേസ് നല്‍കിയതിനു പിന്നാലെ തനിക്ക് വധഭീഷണി ഉയര്‍ന്നതായി നിര്‍മ്മാതാവ് അമിത് ജാനി അവകാശപ്പെട്ടു. 1998 സെപ്റ്റംബറില്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ 'ഹം സാത്ത് സാത്ത് ഹേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വംശനാശഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടി എന്ന കേസാണ് സല്‍മാന്‍ ഖാന് എതിരെയുള്ളത്. കേസിലെ പ്രധാന പ്രതിയായ സല്‍മാന്‍ ഖാനെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചപ്പോള്‍, മറ്റ് പ്രതികളായ സൈഫ് അലി ഖാന്‍, സോണാലി ബേന്ദ്ര, തബു, നീലം എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. പിന്നീട് 2018 ഏപ്രില്‍ 5-ന് സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തു. സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ജോധ്പൂര്‍ ജയിലില്‍ നിന്ന് മോചിതനായി.

English Summary: Actor Salman Khan has approached the Delhi High Court alleging that the upcoming film Kala Hiran: The Battle for Legacy violates his personality rights by drawing clear parallels to his blackbuck poaching case and his dispute with gangster Lawrence Bishnoi. The court is scheduled to hear the matter on June 19.

Madism Digital
madismdigital.com