മോഹൻലാലിന്റെ 'ഒടിയൻ' എങ്ങനെ പൃഥ്വിരാജിനു കിട്ടും? പ്രഖ്യാപനം അത് ഉറപ്പിച്ചശേഷം!

വി.എ.ശ്രീകുമാർ - മോഹൻലാൽ ചിത്രം 'ഒടിയൻ' നിർമിച്ചത് ആശിർവാദ് സിനിമാസാണ്
മോഹൻലാലിന്റെ 'ഒടിയൻ' എങ്ങനെ പൃഥ്വിരാജിനു കിട്ടും? പ്രഖ്യാപനം അത് ഉറപ്പിച്ചശേഷം!
Published on

റെഡ് റെയിൻ, ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറേ സിനിമകൾക്കു ശേഷം രാഹുൽ സദാശിവൻ വീണ്ടും പേടിപ്പിക്കാനെത്തുന്നു. ഇത്തവണ പൃഥ്വിരാജും മഞ്ജു വാര്യറുമാണ് ഒപ്പം. 'ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ അപ്‌ഡേറ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

2018 ൽ പുറത്തിറങ്ങിയ മോഹൻലാൽ- വിഎ ശ്രീകുമാർ മേനോൻ ചിത്രം 'ഒടിയൻ' മലയാളികൾ മറന്നുകാണില്ല. ഇതേ പേര് തന്നെയാണ് പൃഥ്വിരാജ് - രാഹുൽ സദാശിവൻ ചിത്രത്തിനും നൽകിയിരിക്കുന്നത്. അങ്ങനെ ഒരേ പേരിൽ രണ്ട് സിനമകൾ സാധ്യമാണോയെന്ന സംശയമാണ് സോഷ്യൽ മീഡിയയിൽ മിക്കവരും ഉന്നയിക്കുന്നത്.

രാഹുൽ സദാശിവന് 'ഒടിയൻ' എന്ന പേരിൽ തന്നെ സിനിമ ചെയ്യണമെങ്കിൽ നിയമപരമായ ചില കടമ്പകൾ ഉണ്ടായിരുന്നു. അതെല്ലാം കൃത്യമായി പൂർത്തിയാക്കിയശേഷമാണ് ഇപ്പോൾ പ്രഖ്യാപനം നടന്നിരിക്കുന്നതെന്നാണ് വിവരം. വി.എ.ശ്രീകുമാർ - മോഹൻലാൽ ചിത്രം 'ഒടിയൻ' നിർമിച്ചത് ആശിർവാദ് സിനിമാസാണ്. അതിനാൽ ഇതേ പേര് മറ്റൊരു സിനിമയ്ക്കു ഉപയോഗിക്കണമെങ്കിൽ നിർമാണ കമ്പനിയുടെ അനുമതി ആവശ്യമാണ്.

'ഒടിയൻ' എന്ന പേര് ഉപയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ചുകൊണ്ട് ആശിർവാദ് സിനിമാസ് നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ ഒ സി) നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ സദാശിവൻ പുതിയ ചിത്രത്തിനും 'ഒടിയൻ' എന്ന പേരിട്ടിരിക്കുന്നതെന്ന് ആശിർവാദ് സിനിമാസുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. നിയമപരമായി ഈ പേര് ഉപയോഗിക്കുന്നതിൽ രാഹുൽ സദാശിവൻ ചിത്രത്തിന്റെ നിർമാണ കമ്പനിക്കു തടസമില്ല.

സൈക്കോളജിക്കൽ ഴോണറിൽ ഒരുക്കുന്ന 'ഒടിയൻ' പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ധർമ പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് നിർമിക്കുന്നത്. ഈ സിനിമയുടെ നിർമാണ കമ്പനികളാണ് 'ഒടിയൻ' എന്ന പേരുമായി ബന്ധപ്പെട്ട് ആശിർവാദ് സിനിമാസുമായി ചർച്ച നടത്തിയത്.

വിപിൻ ദാസ് സംവിധാനം ചെയ്യുന്ന 'സന്തോഷ് ട്രോഫി'യിൽനിന്ന് പൃഥ്വിരാജ് പിന്മാറിയത് നേരത്തെ വലിയ വാർത്തയായിരുന്നു. ഒരു വമ്പൻ പ്രൊജക്ടിനു വേണ്ടിയാണ് പൃഥ്വി സന്തോഷ് ട്രോഫി ഒഴിവാക്കിയതെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ. 'ഒടിയനു' വേണ്ടിയാകും പൃഥ്വി സന്തോഷ് ട്രോഫിയിൽനിന്ന് ഒഴിവായതെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ കണ്ടെത്തൽ.

Summary

The announcement of 'Odiyan: The Age of Illusion', directed by Rahul Sadasivan and starring Prithviraj Sukumaran and Manju Warrier, has sparked discussions on social media over the use of the title 'Odiyan', which was previously used for the 2018 Mohanlal-starrer directed by V.A. Sreekumar Menon.

Madism Digital
madismdigital.com