

മലയാള സിനിമയിലെ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് ദൃശ്യഭംഗിയൊരുക്കിയ ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം. സിനിമാ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
രണ്ടു ദിവസം മുൻപ് ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഷാജി കുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് ആലപ്പുഴയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ പിന്നീട് മുറിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ വീണ്ടും കുഴഞ്ഞുവീഴുകയായിരുന്നു.
മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ 'പുലിമുരുകൻ', 'നരൻ', 'ഒടിയൻ' തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ സിനിമാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഛായാഗ്രാഹകനാണ് ഷാജി കുമാർ. പ്രശസ്ത സിനിമാറ്റോഗ്രാഫർ വിപിൻ മോഹന്റെ സഹായിയായി കരിയർ ആരംഭിച്ച അദ്ദേഹം 'ഉത്തമൻ' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചത്. ഇതിനോടകം അൻപതിലധികം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച അദ്ദേഹം വൈശാഖ്, ഷാജി കൈലാസ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകർക്കൊപ്പം പ്രവര്‍ത്തിച്ചു.
നസ്രാണി, റോബിൻഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, റിങ് മാസ്റ്റർ, മല്ലു സിങ്, രാമലീല, പത്തൊൻപതാം നൂറ്റാണ്ട്, തുടരും, ബാന്ദ്ര, തുടങ്ങി ശ്രദ്ധേയമായ സിനിമകളിൽ അദ്ദേഹം ഭാഗമായിട്ടുണ്ട്. തമിഴ്, ഹിന്ദി സിനിമകളിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു. 2011ൽ പുറത്തിറങ്ങിയ 'പൊന്നർ ശങ്കർ' എന്ന ചിത്രത്തിലൂടെ നിരൂപക പ്രശംസയും നേടി.
പുതിയ ചിത്രങ്ങളായ 'അതിമനോഹരം', 'ഒറ്റക്കൊമ്പൻ' എന്നിവയും അദ്ദേഹത്തിന്റെ ഛായാഗ്രഹണത്തിലൊരുങ്ങിയവയാണ്. 'അതിമനോഹരം' റിലീസിന് ഒരുങ്ങുന്നതിനിടെയാണ് ഈ അപ്രതീക്ഷിത വിയോഗം. മലയാള സിനിമയ്ക്ക് മികച്ച ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച പ്രതിഭയുടെ വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമാണ്.
വാൽക്കണ്ണാടി, പകൽപ്പൂരം, കൺമഷി, അമ്മക്കിളിക്കൂട്, പട്ടണത്തിൽ സുന്ദരൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, സത്യം, വേഷം, യെസ് യുവർ ഓണർ, മഹാസമുദ്രം, ജൂലൈ 4, സൈക്കിൾ, വെറുതെ ഒരു ഭാര്യ, റെഡ് ചില്ലീസ്, പോക്കിരി രാജ, ഡോക്ടർ ലവ്, സീനിയേഴ്സ്, മമ്പട്ടിയാൻ, പൊന്നർ ശങ്കർ, ദ കിങ് ആൻഡ് ദി കമ്മീഷണർ, മല്ലൂസിങ്, മദിരാശി, സിംഹാസനം, ശ്രിംഗാരവേലൻ, സൗണ്ട് തോമ, രാജാധിരാജ, റിങ് മാസ്റ്റർ, കസിൻസ്, സഹസം (തമിഴ്), രാമലീല, മോഹൻലാൽ, ചന്ദ്രഗിരി, മധുരരാജ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, നൈറ്റ് ഡ്രൈവ്, പത്തൊമ്പതാം നൂറ്റാണ്ട്, കാഥികൻ, വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി, തുടങ്ങിയ സിനിമകളിൽ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.
Renowned cinematographer Shaji Kumar (57), known for his work in over 50 films, passed away at a private hospital in Kochi. He was admitted to the hospital after experiencing a medical emergency on the sets of a Dileep film in Alappuzha two days ago. Despite showing signs of recovery, he collapsed again and died early this morning. Shaji Kumar was known for his cinematography in popular Malayalam films, including Pulimurugan, Naran, Odiyan, Madhura Raja, Ramaleela, Bandra and Thudarum. He also worked in Tamil and Hindi cinema and collaborated with leading directors such as Joshiy, Shaji Kailas and Vysakh. His upcoming projects included Athimanoharam and Ottakkomban. His sudden demise is a major loss to the Malayalam film industry.