തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ ഒരുപോലെ ചേർത്തുപിടിക്കുന്ന മനുഷ്യനാണ് ബി. ഉണ്ണിക്കൃഷ്ണൻ; ഷാജി നടുവിൽ
സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണനോട് നന്ദി പറഞ്ഞ് പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ. തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ ഒരുപോലെ ചേർത്തുപിടിക്കുന്ന മനുഷ്യനാണ് ഉണ്ണിക്കൃഷ്ണൻ എന്നും അതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ഷാജി നടുവിൽ പറഞ്ഞു. സാങ്കേതിക പ്രവർത്തകരുടെ അധ്വാനം മിക്കപ്പോഴും അംഗീകരിക്കപ്പെടാറില്ല എന്നും, അതിൽ മാറ്റങ്ങൾ വരണമെന്നും ഷാജി അഭിപ്രായപ്പെട്ടു. നിവിൻ പോളിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിലും ട്രെയിലറും ലോഞ്ച് ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിനെ കുറിച്ച് ഷാജി പങ്കുവെച്ച കുറിപ്പിലാണ് ഇത് പറയുന്നത്. തന്നെ പേരെടുത്തു പറഞ്ഞുകൊണ്ടുള്ള ക്ഷണക്കത്തും ഷാജി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഷാജി നടുവിലിന്റെ വാക്കുകൾ:
"സിനിമയുടെ വെള്ളിവെളിച്ചത്തിന് പിന്നിൽ, അധികമാരും കാണാത്ത ഒരു വലിയ ലോകമുണ്ട്. സാങ്കേതിക പ്രവർത്തകരുടെ അധ്വാനത്തിന്റെ ലോകം. സാധാരണയായി സിനിമയിൽ ഇത്തരമൊരു വ്യക്തിപരമായ ക്ഷണം ഞങ്ങളെപ്പോലുള്ളവർക്ക് ലഭിക്കുന്നത് വളരെ അപൂർവ്വമാണ്. ആ ഒരു പതിവ് രീതിയിൽ നിന്ന് മാറി, തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയും ഇതുപോലെ ചേർത്തുപിടിക്കുന്നതിൽ വലിയ സന്തോഷം.
ഒരു സാങ്കേതിക പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ഇതൊരു പുതിയ അനുഭവമാണ്, ഒരു വലിയ അംഗീകാരമാണ്. ഞങ്ങളുടെ അധ്വാനത്തെ ഇത്രത്തോളം ബഹുമാനത്തോടെ പരിഗണിച്ചതിന് പ്രിയ ഉണ്ണി സർ താങ്കളോട് ഹൃദയം നിറഞ്ഞ നന്ദി. മലയാള സിനിമയിൽ ഇതൊരു പുതിയ മാതൃകയാണ്. മാറ്റങ്ങൾ തുടരട്ടെ."
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത ഴോണറായ പൊളിറ്റിക്കൽ ഡ്രാമ ഗണത്തിലാണ് ഈ ചിത്രം നിർമിക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ചിത്രം പെരുന്നാൾ റിലീസായി തിയേറ്ററുകളിലെത്തും.
ബാലചന്ദ്രമേനോൻ അതിശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. എഡിറ്റർ- മനോജ് സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്ട്രോളർ- അരോമ മോഹൻ, ആർട്ട് ഡയറക്ടർ- അജി കുറ്റിയാനി, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും- സിജി തോമസ്, ചീഫ് അസ്സോ. ഡയറക്ടർ- ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ- സുഗീഷ് എസ്ജി, പിആർഒ- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. പിആർ&മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി.
English Summary: Production designer Shaji Naduvil thanked director B. Unnikrishnan, praising him as someone who genuinely values and embraces everyone working behind the scenes.

