

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് നടൻ ശിവാജി നടത്തിയ വിവാദ പരാമർശം താരത്തെ കൊണ്ടെത്തിച്ചത് തെലങ്കാന വനിതാ കമ്മീഷനു മുന്നിലാണ്. കമ്മീഷൻ അധ്യക്ഷ നെരല്ല ശാരദയുടെ നേതൃത്വത്തിൽ നാല് മണിക്കൂറിലധികം നീണ്ട വിചാരണയ്ക്ക് ശേഷം, താൻ നടത്തിയ പരാമർശങ്ങൾ പിൻവലിക്കുന്നതായും നിരുപാധികം ക്ഷമ ചോദിക്കുന്നതായും ശിവാജി അറിയിച്ചു.
ശിവാജിയുടെ പുതിയ ചിത്രം 'ദണ്ടോറ'യുടെ പ്രചരണ പരിപാടിക്കിടെയാണ് നടൻ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് പരാമർശം നടത്തിയത്. 'ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് എല്ലാ നായികമാരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ദയവായി സാരിയോ അല്ലെങ്കില്‍ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ. അത്തരം വസ്ത്രധാരണത്തിലാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങള്‍ തുറന്നുകാണിക്കുന്നതിലല്ല,' എന്നായിരുന്നു നടന്റെ പരാമര്‍ശം. ഇതേത്തുടർന്ന് വനിതാ കമ്മീഷൻ നടന് സമൻസ് അയക്കുകയായിരുന്നു.
ശിവാജിയുടെ ഈ പ്രസ്താവന ആർക്കും വേണ്ടാത്ത ഉപദേശമായിരുന്നു എന്നും, അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി നരവധി പേരാണ് രംഗത്തുവന്നത്. പ്രൊഫഷണൽ ഇടങ്ങളിൽ പോലും ശിവാജിയെ പോലെയുള്ളവർ ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതിനെ കുറിച്ച് ഗായിക ചിന്മയി ശ്രീപദ വിമർശിച്ചത് ഏറെ ചർച്ചയായിരുന്നു. 'ശിവാജിയുടെ ഭാഷ അങ്ങേയറ്റം ആക്ഷേപകരമാണ്' എന്ന് നടൻ പ്രകാശ് രാജും, 'പെൺകുട്ടികൾ എന്ത് ധരിക്കണമെന്ന് പറയാൻ നിങ്ങൾക്ക് ആരും അധികാരം നൽകിയിട്ടില്ല' എന്ന് നടൻ നാഗബാബുവും പ്രതികരിച്ചു.
വിചാരണക്കിടെ കമ്മീഷന്‍ അധ്യക്ഷ ശിവാജിയുടെ പരാമര്‍ശത്തെ ശക്തമായി തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യവും അന്തസ്സും മൗലികാവകാശങ്ങളായ ഒരു സമൂഹത്തിൽ സദാചാര പോലീസ് നടിക്കുന്നതിന് സ്ഥാനമില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, 'കാസ്റ്റിംഗ് കൗച്ച്' പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്കെതിരെ ഇതേ രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് കമ്മീഷൻ നടനോട് ചോദിച്ചു. അതുകൊണ്ട് തന്നെ ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്നും, തന്റെ സിനിമകളിൽ കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും സ്ത്രീകളെ ബഹുമാനിക്കുമെന്നും ശിവാജി മാധ്യമങ്ങൾക്ക് ഉറപ്പ് നൽകി.
English Summary: Actor Shivaji faced the Telangana Women’s Commission after his controversial remarks urging actresses to wear “modest clothing” and avoid revealing outfits.