'മകളെ അപരിചിതർക്ക് വിവാഹം കഴിപ്പിക്കുന്നതിനേക്കാൾ നല്ലത് സിനിമയിലേക്ക് വിടുന്നത്'; കമൽഹാസന്റെ മറുപടി ഓർത്തെടുത്ത് ശ്രുതി ഹാസൻ

തന്റെ പിതാവിന്റെ ഈ നിലപാട് എന്നും മനസിൽ തങ്ങിനിൽക്കുന്ന ഒന്നാണെന്ന് ശ്രുതി പറഞ്ഞു
'മകളെ അപരിചിതർക്ക് വിവാഹം കഴിപ്പിക്കുന്നതിനേക്കാൾ നല്ലത് സിനിമയിലേക്ക് വിടുന്നത്'; കമൽഹാസന്റെ മറുപടി ഓർത്തെടുത്ത് ശ്രുതി ഹാസൻ
Published on: 

സിനിമയിലേക്ക് മകൾ വരുന്നതിനെ ചോദ്യം ചെയ്തയാൾക്ക് കമൽഹാസൻ നൽകിയ മറുപടി ഓർത്തെടുത്ത് മകൾ ശ്രുതി ഹാസൻ. മകളെ പരിചയമില്ലാത്തൊരു കുടുംബത്തിലേക്ക് വിവാഹം കഴിപ്പിക്കുന്നതിനേക്കാൾ നല്ലത് സിനിമയിലേക്ക് വിടുന്നതാണെന്നായിരുന്നു കമൽഹാസന്റെ മറുപടി. തന്റെ പിതാവിന്റെ ഈ നിലപാട് എന്നും മനസിൽ തങ്ങിനിൽക്കുന്ന ഒന്നാണെന്ന് ശ്രുതി പറഞ്ഞു. നടി സുഹാസിനി മണിരത്നവുമായുള്ള അഭിമുഖത്തിലാണ് ശ്രുതി ഇക്കാര്യം പങ്കുവെച്ചത്.

'മകളെ അപരിചിതർക്ക് വിവാഹം കഴിപ്പിക്കുന്നതിനേക്കാൾ നല്ലത് സിനിമയിലേക്ക് വിടുന്നത്'; കമൽഹാസന്റെ മറുപടി ഓർത്തെടുത്ത് ശ്രുതി ഹാസൻ
‘സിനിമയിൽ എനിക്ക് ഗോഡ്ഫാദർ ഇല്ല’; നെപ്പോട്ടിസം ചർച്ചകളിൽ വിചിത്ര നിലപാടുമായി സാറ അലി ഖാൻ

തെന്നിന്ത്യൻ സിനിമയിൽ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ താരപുത്രിമാരിൽ ഒരാളാണ് ശ്രുതി. സുഹാസിനിയും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുവന്നയാളാണ്. ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും സിനിമയും വ്യക്തിജീവിതവുമടക്കമുള്ള കാര്യങ്ങൾ സംസാരിച്ചു. അഭിമുഖത്തിനിടെ ചില ചോദ്യങ്ങൾക്ക് രസകരമായ മറുപടികൾ നൽകാൻ സുഹാസിനി ശ്രുതിയോട് ആവശ്യപ്പെട്ടു. വിവാഹം എപ്പോഴാണെന്ന ചോദ്യത്തിന് മണിരത്നത്തെ എന്നാണ് വിവാഹമോചനം ചെയ്യുന്നതെന്ന് സുഹാസിനിയോട് തിരിച്ചുചോദിച്ചായിരുന്നു ശ്രുതിയുടെ മറുപടി.

മറ്റൊരു മേഖല തിരഞ്ഞെടുക്കാതെ സിനിമയിലേക്ക് വരാൻ തീരുമാനിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനും താരം മറുപടി നൽകി. സിനിമയിൽ പ്രവർത്തിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അതുകൊണ്ട് തന്നെ ആ മേഖലയിലേക്ക് എത്തിയെന്നുമാണ് ശ്രുതി പറഞ്ഞത്. താനും സുഹാസിനിയും രേഖയും ഉൾപ്പെടെ സിനിമാ പശ്ചാത്തലമുള്ള കുടുംബങ്ങളിൽനിന്ന് എത്തിയ സ്ത്രീകൾ വളരെ കുറവാണെന്നും താരം ചൂണ്ടിക്കാട്ടി.

സിനിമയിലേക്ക് മകളെ അയക്കാൻ എങ്ങനെ അനുവദിച്ചുവെന്ന് ഒരാൾ അച്ഛനോട് ചോദിച്ചതായി ശ്രുതി ഓർത്തെടുത്തു. അതിന് കമൽഹാസൻ നൽകിയ മറുപടിയും താരം പങ്കുവെച്ചു. "മകളെ പരിചയമില്ലാത്ത ഒരു കുടുംബത്തിലേക്ക് അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിപ്പിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു? ഇത് ഞങ്ങളുടെ കുടുംബമാണ്. ഇവിടെ എന്റെ മകൾ വളരെ സന്തോഷവതിയായിരിക്കും. സിനിമയുടെ ലോകത്തെ അച്ഛൻ എത്രത്തോളം ഉയർത്തിക്കാണിക്കുന്നു എന്നത് ആ മറുപടിയിലൂടെ എനിക്ക് മനസിലായി. ആ വാക്കുകൾ എന്നും എന്റെ മനസിലുണ്ട്," ശ്രുതി പറഞ്ഞു.

അച്ഛൻ എന്ന നിലയിൽ മാത്രമല്ല, തന്റെ ജോലിയോടുള്ള സമീപനത്തിലും കമൽഹാസൻ വലിയ പ്രചോദനമാണെന്നും ശ്രുതി കൂട്ടിച്ചേർത്തു. 72-ാം വയസിലും അദ്ദേഹം ജോലിയിൽ സജീവമായി തുടരുന്നത് മാത്രമല്ല തന്നെ പ്രചോദിപ്പിക്കുന്നത്. ഓരോ കാര്യത്തിലും പുലർത്തുന്ന സൂക്ഷ്മതയും കൃത്യതയും ആത്മാർത്ഥതയുമാണ് തന്നെ ഏറെ സ്വാധീനിക്കുന്നതെന്നും താരം പറഞ്ഞു.

മേക്കപ്പിനോടുള്ള തന്റെ ഇഷ്ടത്തിന് പിന്നിലും അച്ഛനാണെന്ന് ശ്രുതി വെളിപ്പെടുത്തി. കുട്ടിക്കാലത്ത് മാതാപിതാക്കളുടെ മേക്കപ്പ് സാധനങ്ങൾ മോഷ്ടിച്ച് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും താരം പറഞ്ഞു. സഹോദരി അക്ഷരയ്ക്ക് മേക്കപ്പിനോട് താൽപര്യമില്ലെന്നും അമ്മ സരികയുടെ സ്വഭാവമാണ് അവൾക്ക് ലഭിച്ചിരിക്കുന്നതെന്നും ശ്രുതി തമാശയായി പറഞ്ഞു.

ഒരിക്കൽ മേക്കപ്പിനോട് ശരിക്കും ഇഷ്ടമാണോയെന്ന് അച്ഛൻ ചോദിച്ചപ്പോഴുള്ള സംഭാഷണവും താരം ഓർത്തെടുത്തു. 'ദശാവതാരം' പോലുള്ള സിനിമകളിൽ മേക്കപ്പ് ഉപയോഗിക്കുന്ന അച്ഛൻ തന്നോട് ഇക്കാര്യം ചോദിക്കേണ്ടതില്ലെന്നായിരുന്നു ശ്രുതിയുടെ മറുപടി. തുടർന്ന് കമൽഹാസൻ വിഷയം അവിടെ അവസാനിപ്പിച്ചെന്നും ശ്രുതി പറഞ്ഞു. അച്ഛനിൽ നിന്നാണ് തനിക്ക് മേക്കപ്പിനോടുള്ള താൽപര്യം ലഭിച്ചതെന്ന് താരം കൂട്ടിച്ചേർത്തു.

Shruti Haasan has recalled Kamal Haasan’s response to someone questioning his decision to let her enter films. He said sending his daughter into cinema was better than marrying her into an unfamiliar family. Speaking to Suhasini Maniratnam, Shruti also described her father as a major inspiration in her life and career.