'പറോട്ട സൂരി'യിൽ നിന്ന് നായകനിലേക്ക്; തമിഴകത്തെ വിസ്മയിപ്പിക്കുന്ന അഭിനയ പരിണാമം

രാമലക്ഷ്മണൻ മുത്തുചാമി തേവർ എന്ന പേരിൽ ജനിച്ച് ‘പറോട്ട സൂരി’യായി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരം, ഇന്ന് നായകനായി സ്വന്തമായൊരു ഇടം സൃഷ്ടിക്കുന്നു
'പറോട്ട സൂരി'യിൽ നിന്ന് നായകനിലേക്ക്; തമിഴകത്തെ വിസ്മയിപ്പിക്കുന്ന അഭിനയ പരിണാമം
Published on

തമിഴ് സിനിമയിൽ സൂരി എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ആ വിഖ്യാതമായ ‘പറോട്ട’ സീൻ തന്നെയാകും. ചെറിയ ഹാസ്യവേഷങ്ങളിലൂടെ കരിയർ ആരംഭിച്ച്, ഇന്ന് തമിഴകത്തെ ശ്രദ്ധേയനായ നായകനായി വളർന്ന രാമലക്ഷ്മണൻ മുത്തുചാമി തേവർ എന്ന നടനാണ് 'പറോട്ട സൂരി' എന്ന പേരിന് പിന്നിൽ. ‘വെണ്ണില കബഡി കുഴു’വിലെ എന്ന ചിത്രത്തിലെ ഒരൊറ്റ കോമഡി രംഗമാണ് സൂരിയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായത്. മത്സരത്തിൽ പരമാവധി പറോട്ട കഴിക്കാൻ ശ്രമിക്കുന്ന സൂരിയുടെ രംഗം പ്രേക്ഷകർ ഏറ്റെടുത്തതോടെ ‘പറോട്ട സൂരി’ എന്ന പേര് താരത്തിനൊപ്പം എന്നെന്നേക്കുമായി ചേർക്കപ്പെട്ടു. പിന്നീട് ആ വിളിപ്പേര് തന്നെ സൂരിയുടെ സിനിമാ വ്യക്തിത്വത്തിന്റെ ഭാഗമായി മാറി.

എന്നാൽ കേവലമൊരു ഹാസ്യനടനായി മാത്രം ഒതുങ്ങിക്കൂടാൻ അദ്ദേഹം തയ്യാറായിരുന്നില്ല. വർഷങ്ങൾ നീണ്ട സഹനടന്റെ കുപ്പായം അഴിച്ചുവെച്ച് സൂരി നായകപദവിയിലേക്ക് ചുവടുവെച്ചപ്പോൾ, തമിഴ് സിനിമ കണ്ടത് ഒരു വലിയ മാറ്റമാണ്. സ്ഥിരം അച്ചുകളിൽ ഒതുങ്ങാതെ, ഓരോ ചിത്രത്തിലൂടെയും തന്റെ അഭിനയപാടവത്തിന്റെ പുതിയ തലങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാട്ടാനാണ് അദ്ദേഹം ശ്രമിച്ചത്.

‘വിടുതലൈ’ എന്ന ചിത്രത്തോടെയാണ് സൂരിയിലെ നടനെ പ്രേക്ഷകർ മറ്റൊരു കോണിലൂടെ കണ്ടുതുടങ്ങിയത്. അതുവരെ കണ്ടുശീലിച്ച ചിരിപ്പിക്കുന്ന മുഖത്തുനിന്ന്, അതിതീവ്രവും ഗൗരവമേറിയതുമായ വേഷങ്ങൾ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള മികച്ചൊരു നടനിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമം കൂടിയായിരുന്നു അത്. പിന്നീട് ‘ഗരുഡൻ’, ‘കൊട്ടുക്കാളി’, ‘മാമൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അദ്ദേഹം തമിഴകത്തെ തന്റെ നായകസ്ഥാനം കൂടുതൽ ഭദ്രമാക്കി.

'പറോട്ട സൂരി'യിൽ നിന്ന് നായകനിലേക്ക്; തമിഴകത്തെ വിസ്മയിപ്പിക്കുന്ന അഭിനയ പരിണാമം
അമല പോൾ വീണ്ടും മലയാള സിനിമയിലേക്ക്; എം പത്മകുമാറിന്റെ പുതിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി താരം

നായകനായതിന് ശേഷവും വെറുമൊരു താരപരിവേഷത്തിൽ ഒതുങ്ങിനിൽക്കാൻ സൂരി തയ്യാറായില്ല. കഥാപാത്രത്തിന് ആവശ്യമായ ശാരീരിക അധ്വാനവും അഭിനയത്തിലെ തയ്യാറെടുപ്പുകളും ഏറ്റെടുക്കാൻ താരം തയ്യാറായി. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘മണ്ടാടി’.

കടലിലെ പായ്‌വഞ്ചി മത്സരരംഗങ്ങൾ തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കാൻ സൂരി നടത്തിയ കഠിനാധ്വാനം ഈ ചിത്രത്തിൽ വ്യക്തമാണ്. കേവലമൊരു വേഷം ചെയ്യുക എന്നതിലുപരി, ആ കഥാപാത്രത്തിലേക്ക് പൂർണ്ണമായും പരകായപ്രവേശം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥതയാണ് ഇവിടെ തെളിയുന്നത്. കലയോടുള്ള ഈ അർപ്പണബോധം തന്നെയാണ് സൂരിയുടെ സിനിമായാത്രയെ കൂടുതൽ ആവേശകരവും ശ്രദ്ധേയവുമാക്കുന്നത്.

Summary

From the iconic “Parotta Soori” comedy role to acclaimed lead performances, Soori has built a remarkable career through diverse characters and intense preparation. His transformation from a comedian to a versatile leading actor marks one of Tamil cinema’s notable journeys.

Madism Digital
madismdigital.com