സൗരവ് ഗാംഗുലിയായി രാജ്‌കുമാർ റാവു; ലോർഡ്സിലെ ഐതിഹാസിക നിമിഷം ഓർമിപ്പിച്ച് 'ദാദ' ഫസ്റ്റ് ലുക്ക്

വിക്രമാദിത്യ മോട്‌വാനെയാണ് ദാദ സംവിധാനം ചെയ്യുന്നത്.
സൗരവ് ഗാംഗുലിയായി രാജ്‌കുമാർ റാവു; ലോർഡ്സിലെ ഐതിഹാസിക നിമിഷം ഓർമിപ്പിച്ച് 'ദാദ' ഫസ്റ്റ് ലുക്ക്
Published on

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്ന 'ദാദ' (Dada) എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഗാംഗുലിയുടെ 54-ാം ജന്മദിനത്തിലാണ് ആരാധകരെ ആവേശത്തിലാക്കി പോസ്റ്റർ റിലീസ് ചെയ്തത്. ബോളിവുഡ് താരം രാജ്‌കുമാർ റാവുവാണ് ചിത്രത്തിൽ ഗാംഗുലിയായി വേഷമിടുന്നത്. തനിക്ക് ലഭിച്ച "ഏറ്റവും മികച്ച സമ്മാനം" (best gift ever) എന്നാണ് പോസ്റ്റർ എക്സിൽ പങ്കുവെച്ചുകൊണ്ട് സൗരവ് ഗാംഗുലി ഇതിനെ വിശേഷിപ്പിച്ചത്. "ഏറ്റവും മികച്ച സമ്മാനം! എന്റെ കവർ ഡ്രൈവ് നിങ്ങൾ കളിക്കുന്നത് കാണാൻ ഞാൻ കാത്തിരിക്കുന്നു"- ഗാംഗുലി എക്സിൽ കുറിച്ചു.

24 വർഷങ്ങൾക്ക് മുൻപ്, 2002-ൽ ലണ്ടനിലെ ലോർഡ്സിൽ നടന്ന നാറ്റ്‌വെസ്റ്റ് സിരീസ് ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ശേഷം ഗാംഗുലി ബാൽക്കണിയിൽ നിന്ന് തന്റെ നീല ജഴ്സി ഊരിവീശിയ ഐതിഹാസിക നിമിഷമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പുനരാവിഷ്കരിച്ചിരിക്കുന്നത്. പോസ്റ്ററിലെ ഗാംഗുലിയുടെ രൂപത്തിലും ഭാവത്തിലുമുള്ള രാജ്‌കുമാർ റാവുവിന്റെ സാമ്യം ഏറെ ശ്രദ്ധേയമാണ്. "അദ്ദേഹം കളിക്കുക മാത്രമല്ല, അത് മാറ്റിയെഴുതുകയും ചെയ്തു" എന്നാണ് പോസ്റ്ററിലെ വാചകം.

ഇതിൽ ഹെയർസ്റ്റൈലിലും ശരീരപ്രകൃതിയിലും ഗാംഗുലിയുമായി രാജ്‌കുമാർ റാവുവിനുള്ള അസാമാന്യമായ സാമ്യം ഏവരെയും അതിശയിപ്പിക്കുന്നതാണ്. ആ ചരിത്ര നിമിഷത്തിലെ ഗാംഗുലിയുടെ പ്രത്യേക മുഖഭാവം അണുവിട തെറ്റാതെ കൃത്യമായി പുനരാവിഷ്കരിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. രാജ്‌കുമാർ റാവുവും ചിത്രത്തിന്റെ സംവിധായകൻ വിക്രമാദിത്യ മോട്‌വാനെയും തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ പോസ്റ്റർ പങ്കുവെക്കുകയും "ഞങ്ങളുടെ പ്രിയപ്പെട്ട ദാദയ്ക്ക്" ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുകയും ചെയ്തു.

സഹതാരങ്ങളായ യുവരാജ് സിങ്ങിന്റെയും മുഹമ്മദ് കൈഫിന്റെയും മികച്ച പ്രകടനത്തെത്തുടർന്ന് നേടിയ ആ ചരിത്രവിജയം ആഘോഷിക്കാൻ, അന്നത്തെ ഇന്ത്യൻ നായകനായിരുന്ന ഗാംഗുലി നടത്തിയ ഈ പ്രവൃത്തി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ നിമിഷങ്ങളിലൊന്നായാണ് ഇപ്പോഴും കണക്കാക്കപ്പെടുന്നത്. അന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് താരം ആൻഡ്രൂ ഫ്ലിന്റോഫ് നടത്തിയ സമാനമായ പ്രവൃത്തിക്കുള്ള മറുപടി കൂടിയായിരുന്നു ഗാംഗുലിയുടെ ഈ ഐതിഹാസിക നീക്കം.

സൗരവ് ഗാംഗുലിയായി രാജ്‌കുമാർ റാവു; ലോർഡ്സിലെ ഐതിഹാസിക നിമിഷം ഓർമിപ്പിച്ച് 'ദാദ' ഫസ്റ്റ് ലുക്ക്
ഖലിസ്ഥാനികളുടെ പേടിസ്വപ്നം, പഞ്ചാബ് പൊലീസിലെ വിവാദനായകൻ; ആരാണ് കെപിഎസ് ഗിൽ, എന്തായിരുന്നു പഞ്ചാബ് 95?

വിക്രമാദിത്യ മോട്‌വാനെയാണ് ദാദ സംവിധാനം ചെയ്യുന്നത്. 2016-ൽ പുറത്തിറങ്ങിയ സർവൈവൽ ഡ്രാമയായ 'ട്രാപ്പ്ഡി'ന് (Trapped) ശേഷം 11 വർഷങ്ങൾക്കിപ്പുറം വിക്രമാദിത്യയും രാജ്‌കുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഗാംഗുലിയുടെ ഭാര്യ ഡോണയായി താന്യ മാണിക്ടെലയും പിതാവ് ചണ്ഡി ഗാംഗുലിയായി ശാശ്വത ചാറ്റർജിയും വേഷമിടുന്നു.

ലവ് രഞ്ജൻ, അങ്കുർ ഗാർഗ് എന്നിവരുടെ ലവ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. 'ഭാവേഷ് ജോഷി സൂപ്പർഹീറോ', 'റോക്കറ്റ് ബോയ്‌സ്', 'മറ്റ്ക കിങ്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭയ് കൊറാനെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്ത വർഷം മെയ് 14-ന് ഈദ് അവധി ദിനങ്ങളോടനുബന്ധിച്ചാകും ചിത്രം തിയറ്ററുകളിലെത്തുക.

Summary

On the occasion of former Indian cricket captain Sourav Ganguly’s 54th birthday, the makers unveiled the first look poster of his biopic, titled Dada: The Sourav Ganguly Story. The poster features actor Rajkummar Rao—who bears a striking resemblance to Ganguly—recreating the historic moment from the 2002 NatWest Series final at Lord's, where Ganguly celebrated India's win by taking off and swinging his jersey from the balcony. Sourav Ganguly shared the poster on X (formerly Twitter), expressing his excitement and calling it the “best gift ever.”

Madism Digital
madismdigital.com