

മാർവൽ സ്റ്റുഡിയോസിന്റെ പുതിയ ചിത്രം 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' കോമിക് പുസ്തകങ്ങളുടെ വൈകാരിക തലത്തിലേക്ക് പ്രേക്ഷകരെ വീണ്ടും കൂട്ടിക്കൊണ്ടുപോകുന്ന ഒന്നാണ്. ഒറ്റപ്പെടൽ, മനുഷ്യബന്ധങ്ങൾ, ഒരു സൂപ്പർഹീറോ എന്നതിലുപരി ഒരു മനുഷ്യനായി ജീവിക്കാനുള്ള പോരാട്ടം എന്നിവയെല്ലാം ആഴത്തിൽ പരിശോധിക്കുന്നതാണ് ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്ത ഈ ചിത്രം.
മറ്റുള്ളവർക്ക് വേണ്ടി ജീവൻ പോലും പണയംവയ്ക്കുന്നവരാണ് നായകർ. എന്നാൽ തിരിച്ച് തങ്ങൾക്ക് വേണ്ടി ഒരാളെ അതിന് അനുവദിക്കുക എന്നത് എത്രത്തോളം പ്രയാസകരമാണെന്ന ചോദ്യമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. സ്പൈഡർമാന്റെ ഏറ്റവും വലിയ ശത്രു വില്ലന്മാരല്ല, മറിച്ച് അവൻ സ്വയം ചുമക്കുന്ന ഉത്തരവാദിത്തങ്ങളുടെയും പ്രതീക്ഷകളുടെയും ഭാരമാണെന്ന് സിനിമ വ്യക്തമാക്കുന്നു. താനോസ്, മിസ്റ്റീരിയോ തുടങ്ങിയ വലിയ ഭീഷണികൾക്ക് ശേഷമുള്ള കഥയിൽ, കോമിക് ആരാധകർ ഏറെ നാളായി ആഗ്രഹിച്ചിരുന്ന കൂടുതൽ വ്യക്തിപരമായ സ്പൈഡർമാൻ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. ടോം ഹോളണ്ട് അവതരിപ്പിക്കുന്ന പീറ്റർ പാർക്കറുടെ വ്യക്തിജീവിതം, മുതിർന്ന ആളെന്ന നിലയിലെ ഉത്തരവാദിത്തങ്ങൾ, നഷ്ടങ്ങൾ, ഏകാന്തത എന്നിവയെല്ലാം വളരെ അടുപ്പമുള്ള രീതിയിൽ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ കഥാപാത്രത്തോട് കൂടുതൽ ബന്ധിപ്പിക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
വലിയൊരു സ്പെക്ടക്കിളിലേക്ക് കഥയെ നയിക്കുന്നതിന് പകരം, പീറ്റർ പാർക്കർ എന്ന കഥാപാത്രത്തെ കൂടുതൽ യഥാർത്ഥ്യബോധമുള്ളവനാക്കി മാറ്റുകയാണ് സംവിധായകൻ ചെയ്തത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളൊക്കെയും ഏകാന്തതയെ വ്യത്യസ്ത രീതികളിൽ അനുഭവിക്കുന്നവരാണ്. സാഡി സിങ്ക് അവതരിപ്പിച്ച ജീൻ ഗ്രേ നിർബന്ധിതമായ ഏകാന്തതയുടെ പ്രതീകമാണ്. സഹോദരിയിൽ നിന്ന് അകറ്റപ്പെട്ട്, അമ്മയാൽ ഉപേക്ഷിക്കപ്പെട്ട്, താൻ ആഗ്രഹിക്കാത്ത ശക്തികൾ കാരണം സമൂഹത്തിന്റെ ഭയത്തിന് ഇരയാകുന്ന ജീൻ, തന്നെ ഒരു ഭീഷണിയായി കാണാത്ത ഒരാളെയാണ് അന്വേഷിക്കുന്നത്. ഡാമേജ് കൺട്രോളും വില്യം മെറ്റ്സ്ഗറും അവളെ അപകടകാരിയായി കാണുമ്പോൾ, ജീനിന്റെ മാനസികാവസ്ഥ പീറ്ററുടേതുമായി സാമ്യമാകുന്നു. വ്യത്യാസം ഇത്രമാത്രം പീറ്റർ തന്റെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ സ്വയം ഒറ്റപ്പെടാൻ തീരുമാനിക്കുമ്പോൾ, ജീൻ സമൂഹത്താൽ ഒറ്റപ്പെടുത്തപ്പെടുകയാണ്. അതേസമയം, ജോൺ ബെർന്താൽ അവതരിപ്പിക്കുന്ന ഫ്രാങ്ക് കാസിൽ എല്ലാം നഷ്ടപ്പെട്ടുവെന്ന വിശ്വാസത്തിൽ ഏകാന്തതയെ ജീവിതത്തിന്റെ ഭാഗമാക്കിയ മനുഷ്യനാണ്. ഇങ്ങനെ നോക്കുമ്പോൾ, ഈ ചിത്രത്തിൽ സ്പൈഡർമാന്റെ ഏറ്റവും വലിയ വില്ലൻ ഒരു വ്യക്തിയല്ല മറിച്ച് ഏകാന്തത തന്നെയാണ്.
കഥയുടെ തുടക്കത്തിൽ, തന്റെ വ്യക്തിജീവിതവും സ്പൈഡർമാൻ എന്ന ദൗത്യവും തമ്മിൽ കൂട്ടിക്കലർത്താൻ പീറ്റർ വിസമ്മതിക്കുന്നു. ഡിറ്റക്റ്റീവ് ജീൻ ഡിവാൾഫുമായി സംസാരിക്കുമ്പോൾ പോലും വ്യക്തിപരമായ അതിരുകൾ പാലിക്കുന്ന പീറ്റർ, അവരുടെ മക്കളുടെ പേരുകൾ പോലും ചോദിക്കാൻ തയ്യാറാകുന്നില്ല. അടുപ്പങ്ങൾ വീണ്ടും നഷ്ടങ്ങളിലേക്ക് നയിക്കുമെന്ന ഭയമാണ് അതിന് കാരണം. എന്നാൽ മേയ് ആന്റിയുടെ കല്ലറ സന്ദർശിച്ചതിന് ശേഷം പീറ്ററുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാകുന്നു. ആ വൈകാരിക മാറ്റം ജീൻ ഗ്രേയുമായുള്ള ബന്ധത്തിലും പ്രതിഫലിക്കുന്നുണ്ട്. ഭയവും നിരാശയും പ്രതീക്ഷയും ഒരുപോലെ പ്രകടമാക്കുന്ന സാഡി സിങ്കിന്റെ പ്രകടനം ചിത്രത്തിലെ ശ്രദ്ധേയ ഘടകങ്ങളിലൊന്നാണ്. കഥയുടെ അവസാനത്തിലും മേയ് ആന്റിയുടെ ഉപദേശങ്ങൾ പീറ്ററുടെ തീരുമാനങ്ങളെ നയിക്കുന്ന ശക്തിയായി തുടരുന്നു.
ഫ്രാങ്ക് കാസിലും പീറ്ററും തമ്മിലുള്ള സംഭാഷണങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും മികച്ച മുഹൂർത്തങ്ങളിൽ ചിലത്. മാസ്കിന് പിന്നിൽ ഒളിച്ചിരിക്കുന്നത് തനിക്ക് സംരക്ഷിക്കാൻ ആളുകളുള്ളതുകൊണ്ടാണെന്ന് പീറ്റർ പറയുമ്പോൾ, തനിക്ക് എല്ലാം നഷ്ടപ്പെട്ടതുകൊണ്ടാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് ഫ്രാങ്ക് മറുപടി പറയുന്നു. വിപരീത ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന ഇരുവരും പരസ്പരം ചെലുത്തുന്ന സ്വാധീനം സിനിമ വളരെ മനോഹരമായി അവതരിപ്പിക്കുന്നു. വിഷ്വൽ നിലവാരത്തിലും ചിത്രം മികച്ച സ്പൈഡർമാൻ അനുഭവങ്ങളിലൊന്നാണ് സമ്മാനിക്കുന്നത്. രാത്രിയിലെ നിശ്ശബ്ദ നഗരത്തിലൂടെ പീറ്റർ വെബ് സ്വിങ് ചെയ്യുന്ന രംഗവും, അതിനൊപ്പം എം.ജെയുടെയും നെഡിന്റെയും ഓർമ്മകൾ പശ്ചാത്തല സംഗീതത്തോടൊപ്പം കടന്നുവരുന്നതും ശക്തമായ വൈകാരിക അനുഭവം നൽകുന്നു. മാസ്സ് ആക്ഷൻ രംഗങ്ങൾക്കിടയിലും പീറ്ററുടെ മാനസിക സംഘർഷങ്ങൾക്ക് ആവശ്യമായ ഇടം നൽകാൻ സംവിധായകൻ സമയം കണ്ടെത്തിയിട്ടുണ്ട്. സ്പൈഡർമാന്റെ കണ്ണിലൂടെ ആകാശത്തുനിന്ന് താഴേക്ക് പതിക്കുന്ന ഫസ്റ്റ് പേഴ്‌സൺ ഷോട്ടുകൾ ത്രില്ലിംഗ് അനുഭവമാണ്.
ബ്രൂസ് ബാനറും പീറ്ററും തമ്മിലുള്ള സംഭാഷണങ്ങൾ സിനിമയുടെ പ്രധാന ചോദ്യത്തെ കൂടുതൽ ശക്തമാക്കുന്നു. സ്പൈഡർമാനാകാൻ പീറ്റർ പാർക്കർ എത്രത്തോളം ത്യാഗം സഹിക്കണം? കഥയുടെ അവസാന ഭാഗത്ത് ജീൻ ഗ്രേയുടെ ശക്തികളെ കേന്ദ്രീകരിച്ച് ചിത്രം വീണ്ടും വലിയ എംസിയു ശൈലിയിലേക്ക് നീങ്ങുന്നു. അതോടെ ആദ്യ ഭാഗങ്ങളിലുണ്ടായിരുന്ന ഗ്രൗണ്ടഡ് സ്വഭാവത്തിന് നേരിയ മങ്ങലേൽക്കുന്നുണ്ടെങ്കിലും, അത് സിനിമയുടെ മൊത്തത്തിലുള്ള അനുഭവത്തെ കാര്യമായി ബാധിക്കുന്നില്ല. തങ്ങളുടെ മുൻഗാമികൾക്ക് പൂർണമായി സാധിക്കാത്ത ഒരു കാര്യമാണ് ഈ ചിത്രം നേടുന്നത് സ്പൈഡർമാനേക്കാൾ പീറ്റർ പാർക്കർ എന്ന വ്യക്തിയോട് പ്രേക്ഷകർക്ക് കൂടുതൽ അനുഭാവം തോന്നിപ്പിക്കുക എന്നത്.
തന്റെ പഴയ ജീവിതം നഷ്ടപ്പെട്ടതിന് ശേഷം പീറ്റർ തുടങ്ങുന്ന മറ്റൊരു അധ്യായമല്ല 'ബ്രാൻഡ് ന്യൂ ഡേ'. മറിച്ച്, നഷ്ടപ്പെട്ടു എന്ന് കരുതിയ സ്വന്തം വ്യക്തിത്വത്തെ വീണ്ടും കണ്ടെത്തുന്ന കഥയാണ് ഇത്. എല്ലാവരും പീറ്റർ പാർക്കറെ മറന്നതുകൊണ്ടല്ല ഇത് ഒരു പുതിയ തുടക്കമാകുന്നത്. സ്പൈഡർമാനായിരിക്കുമ്പോഴും പീറ്റർ പാർക്കറായി ജീവിക്കാൻ കഴിയുമെന്ന് അവൻ തിരിച്ചറിയുന്നതുകൊണ്ടാണ്. ഒരു സൂപ്പർഹീറോയ്ക്കും ഒറ്റയ്ക്ക് ലോകത്തിന്റെ മുഴുവൻ ഭാരം ചുമക്കേണ്ടതില്ലെന്ന സന്ദേശത്തോടെ 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' സമീപകാലത്തെ ഏറ്റവും മികച്ച സൂപ്പർഹീറോ സിനിമാനുഭവങ്ങളിലൊന്നായി മാറുന്നു.
Spider-Man: Brand New Day shifts the focus from superhero spectacle to Peter Parker's emotional journey, exploring loneliness, sacrifice, and identity. Director Destin Daniel Cretton delivers a grounded Marvel story that emphasizes the human behind the mask.