ശ്രീദേവിക്ക് ആദരവുമായി പ്രിയങ്ക ചോപ്ര; ‘എംപ്രസ്’ ബയോ​ഗ്രഫിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ശ്രീദേവിയുടെ പിറന്നാൾ ദിനത്തിൽ ജീവചരിത്ര പുസ്തത്തിന്റെ കവർ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് പ്രിയങ്ക ചോപ്ര
ശ്രീദേവിക്ക് ആദരവുമായി പ്രിയങ്ക ചോപ്ര; ‘എംപ്രസ്’ ബയോ​ഗ്രഫിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്
Published on

ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായിക ശ്രീദേവിയുടെ പിറന്നാൾ ദിനത്തിൽ വൈകാരികമായ കുറപ്പോടെ ജീവചരിത്ര പുസ്തകത്തിന്റെ കവർ ചിത്രം പങ്കുവെച്ച് പ്രിയങ്ക ചോപ്ര. 'എംപ്രസ്: ദി ഡെഫിനിറ്റീവ് ബയോഗ്രഫി ഓഫ് ശ്രീദേവി' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ ഫസ്റ്റ് ലുക്കാണ് താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്

ധീരജ് യു. കുമാർ രചന നിർവ്വഹിച്ച പുസ്തകം വെസ്റ്റ്ലാന്റ് ബുക്‌സാണ് പുറത്തിറക്കുന്നത്. “നിങ്ങൾ എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കും, ജന്മദിനാശംസകൾ” എന്ന വാക്കുകളോടെയാണ് പ്രിയങ്ക പുസ്തകത്തിന്റെ കവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അമിതാഭ് ബച്ചന്റെ പ്രത്യേക കുറിപ്പും പുസ്തകത്തിന്റെ കവറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “പകരക്കാരില്ലാത്ത പ്രതിഭയുടെ പ്രതീകം” എന്നാണ് ബച്ചൻ ശ്രീദേവിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

2023-ലാണ് ശ്രീദേവിയുടെ ജീവചരിത്രം പുറത്തിറക്കാനുള്ള വിവരം വെസ്റ്റ്ലാൻഡ് ബുക്സ് പുറത്തുവിട്ടത്. അഭിനയം തുടങ്ങിയ നാല് വയസ്സ് മുതൽ ഇന്ത്യൻ സിനിമയിലെ മുൻനിര നായികയായി മാറിയതുവരെയുള്ള യാത്രയാണ് പുസ്തകത്തിൽ പറയുന്നത്.

1967-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘കന്ദൻ കരുണൈ’യിലൂടെയായിരുന്നു ശ്രീദേവിയുടെ ബാലതാരമായുള്ള അരങ്ങേറ്റം. പിന്നീട് 1972-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ‘റാണി മേരാ നാം’മിലൂടെ ബോളിവുഡിലും എത്തി. വിവിധ ഭാഷകളിലായി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ച ശ്രീദേവി, ശക്തമായ കഥാപാത്രങ്ങളിലൂടെയും വ്യത്യസ്തമായ പ്രകടനങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമായി മാറി.

1996-ലായിരുന്നു നിർമ്മാതാവ് ബോണി കപൂറുമായുള്ള ശ്രീദേവിയുടെ വിവാഹം. ജാൻവി കപൂർ, ഖുഷി കപൂർ എന്നിവരാണ് മക്കൾ. 2018-ൽ ദുബൈയിൽ വെച്ചായിരുന്നു ഇന്ത്യൻ സിനിമാ ലോകത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം. കാലം പിന്നിട്ടിട്ടും ശ്രീദേവിയുടെ സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. 2013-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ച ഈ മഹാനടി ഇന്നും പ്രേക്ഷകമനസ്സുകളിൽ മായാതെ നിൽക്കുകയാണ്. പുസ്തകം ഉടൻ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

Summary

Priyanka Chopra paid tribute to legendary actress Sridevi on her birth anniversary by unveiling the first look of her upcoming biography, Empress: The Definitive Biography of Sridevi. Written by Dhiraj U. Kumarr, the book chronicles Sridevi’s remarkable journey from child artiste to one of Indian cinema’s most iconic stars

Madism Digital
madismdigital.com