'സ്റ്റാലിൻ ശിവദാസ് പൊൻകുഞ്ഞാണ്'; ഓർമ്മകൾ പങ്കുവെച്ച് ദിനേശ് പണിക്കർ

ആദ്യം 'ചെങ്കൊടി' എന്ന പേരിൽ പദ്ധതിയിട്ട ചിത്രം പിന്നീട് 'സ്റ്റാലിൻ ശിവദാസ്' എന്ന പേരിൽ റിലീസ് ചെയ്തു
'സ്റ്റാലിൻ ശിവദാസ് പൊൻകുഞ്ഞാണ്'; ഓർമ്മകൾ പങ്കുവെച്ച് ദിനേശ് പണിക്കർ
Published on

1999-ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രം 'സ്റ്റാലിൻ ശിവദാസ്'നെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നിർമാതാവും നടനുമായ പി. ദിനേശ് പണിക്കർ. ചിത്രം വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും തനിക്കത് 'പൊൻകുഞ്ഞ്' തന്നെയാണെന്നാണ് ദിനേശ് പണിക്കർ കുറിച്ചത്. സിനിമയിലൂടെ ഏകദേശം 60 ലക്ഷം രൂപയോളം നഷ്ടം നേരിട്ടതായും അദ്ദേഹം വെളിപ്പെടുത്തി.

ആദ്യം 'ചെങ്കൊടി' എന്ന പേരിൽ പദ്ധതിയിട്ട ചിത്രം പിന്നീട് 'സ്റ്റാലിൻ ശിവദാസ്' എന്ന പേരിൽ റിലീസ് ചെയ്തു. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ടി. ദാമോദരന്റേതാണ്. മമ്മൂട്ടിക്കൊപ്പം ഖുശ്ബു, നെടുമുടി വേണു, ക്യാപ്റ്റൻ രാജു, ശങ്കർ, മധുപാൽ, മധു, മണിയൻപിള്ള രാജു തുടങ്ങിയ വലിയ താരനിരയും അണിനിരന്നിരുന്നു.

പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് കമന്റ് ബോക്സിലൂടെ മറുപടി നൽകിയ ദിനേശ് പണിക്കർ ചിത്രത്തെക്കുറിച്ച് ഇപ്പോൾ പോസ്റ്റ് ചെയ്തതിന് പ്രത്യേക കാരണമൊന്നുമില്ലെന്നും, തന്റെ എല്ലാ സിനിമകളെക്കുറിച്ചും പറയുന്നതിന്റെ ഭാഗമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതാണെന്നും വ്യക്തമാക്കി. ഈ ചിത്രത്തിലൂടെ നിങ്ങളുടെ അറുപതുലക്ഷം രൂപ നഷ്‌ടമായല്ലേ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ദിനേശ് പണിക്കർ നൽകിയ മറുപടി. 15 ദിവസം കൊണ്ട് പൂർത്തിയാക്കിയ സിനിമയാണോ എന്ന ചോദ്യത്തിന്, 25 ദിവസമെടുത്തുവെന്നും ഒട്ടുമുക്കാൽ ദിവസങ്ങളിലും ഡബിൾ യൂണിറ്റ് ചിത്രീകരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1999-ൽ സുരേഷ് ഗോപി നായകനായ 'പത്ര'ത്തിനൊപ്പമാണ് 'സ്റ്റാലിൻ ശിവദാസ്' റിലീസ് ചെയ്തത്.

ദിനേശ് പണിക്കരുടെ കുറിപ്പ്

1999 ൽ ഏറെ പ്രതീക്ഷയോടെ ഞാൻ നിർമ്മിച്ച, മമ്മൂട്ടി അഭിനയിച്ച, ചെങ്കൊടി എന്ന ആദ്യം പേരിട്ട സ്റ്റാലിൻ ശിവദാസ് എന്ന പേരിൽ റിലീസായ ചിത്രം. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഈ ചിത്രം ഒരു വിജയമായില്ലെങ്കിൽ പോലും എനിക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് തന്നെയാണ്. രാഷ്ട്രീയ ബാക്ക്​ഗ്രൗണ്ടിൽ കഥ പറയുന്ന ഈ ചിത്രത്തിൽ ആദ്യത്തെ പോസ്റ്ററിനു വേണ്ടി എടുത്ത ഒരു ഫോട്ടോ നിങ്ങൾക്കായി അവതരിപ്പിക്കുന്നു. ഖുശ്ബു, നെടുമുടി വേണു, ശങ്കർ, മധുപാൽ , ക്യാപ്റ്റൻ രാജു, മധുസാർ, മണിയൻപിള്ള രാജു, സായികുമാർ എന്നിങ്ങനെ ഒരു താരനിര തന്നെ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു...

English Summary: Producer-actor P. Dinesh Panicker recalls the 1999 political drama Stalin Shivadas starring Mammootty. Though the film was not a commercial success, he fondly calls it his “Ponkunju,” sharing behind-the-scenes details and losses incurred during production.

Related Stories

No stories found.
Madism Digital
madismdigital.com