

ലോകേഷ് കനകരാജിന്റെ എൽസിയുവിൽ ഏറ്റവും ശക്തമായ വില്ലൻ കഥാപാത്രങ്ങളിലൊന്നായാണ് റോളക്സിനെ അവതരിപ്പിച്ചത്. കഥാപാത്രത്തിന് പ്രത്യേക സിനിമയുണ്ടാകുമെന്ന് ലോകേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഔദ്യോഗികമായ അപ്ഡേറ്റുകളൊന്നും പുറത്തുവന്നിട്ടില്ല. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ 'സീൻ'ന്റെ പ്രൊമോഷൻ പരിപാടിക്കിടെ റോളക്സ് സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സൂര്യ. ചിത്രവുമായി ബന്ധപ്പെട്ട് ലോകേഷ് തന്നെ വിളിക്കണമെന്നും നേരിട്ട് വന്ന് കാണണമെന്നും താരം ആവശ്യപ്പെട്ടു.
റോളക്സ് കഥാപാത്രത്തെക്കുറിച്ച് ആരാധകർ തുടർച്ചയായി ചോദിച്ചപ്പോഴായിരുന്നു സൂര്യയുടെ പ്രതികരണം. ''നമുക്ക് സംസാരിച്ചുകൊണ്ടിരിക്കാം. ഒരുപാട് കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ലോകിയോട് എന്നെ വിളിക്കാൻ പറയൂ. എന്നെ വന്ന് കാണാൻ ലോകിയോട് ആവശ്യപ്പെടൂ. നമുക്ക് ഇത് യാഥാർഥ്യമാക്കാം," എന്നായിരുന്നു സൂര്യ പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണെന്നും ചില നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
പരിപാടിക്കിടെ നായകനായും വില്ലനായും അഭിനയിക്കുന്നതിൽ ഏതാണ് കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിനും സൂര്യ മറുപടി നൽകി. ''ഇതുവരെ ഒരുപാട് നായക കഥാപാത്രങ്ങൾ ചെയ്തുകഴിഞ്ഞെന്നും ഇനി ഒരു വില്ലൻ കഥാപാത്രം ചെയ്യാമെന്നും താരം പറഞ്ഞു.'' ഒരുപാട് ഹീറോകൾ ആയി. ഒരു വില്ലൻ കഥാപാത്രം ആയാലോ?," എന്നായിരുന്നു ആരാധകരോടുള്ള സൂര്യയുടെ പ്രതികരണം.
2022-ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'വിക്രമി'ലൂടെയാണ് റോളക്സ് എന്ന കഥാപാത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിന്റെ അവസാന ഭാഗത്താണ് സൂര്യ അവതരിപ്പിച്ച കഥാപാത്രത്തെ പരിചയപ്പെടുത്തിയത്. മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ തലവനായ റോളക്സിന്റെ വരവ് സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ തുടർ ചിത്രങ്ങൾക്കുള്ള സൂചനകളും കഥാപാത്രത്തിലൂടെ നൽകിയിരുന്നു.
കാർത്തിയുടെ 'കൈതി'യിലെ ദില്ലിയുമായും കമൽഹാസന്റെ വിക്രമുമായും ബന്ധമുള്ള കഥാപാത്രമാണ് റോളക്സ്. തിരുച്ചിറപ്പള്ളിയിലെ ആക്രമണത്തെക്കുറിച്ചും ദില്ലിയുടെ ഇടപെടലിനെക്കുറിച്ചും റോളക്സിനെ അറിയിക്കുന്നതോടെയാണ് വിക്രം അവസാനിക്കുന്നത്. വിക്രം ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിലും റോളക്സിന് വ്യക്തതയില്ല. ഈ കഥാപാത്രത്തിന്റെ തുടർക്കഥയാണ് സ്റ്റാൻഡ് എലോൺ ചിത്രത്തിലൂടെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
2019-ൽ കാർത്തി നായകനായ 'കൈതി'യിലൂടെയാണ് ലോകേഷ് കനകരാജ് എൽസിയുവിന് തുടക്കമിട്ടത്. തുടർന്ന് 2022ൽ വിക്രമും 2023ൽ വിജയ് നായകനായ 'ലിയോ'യും പുറത്തിറങ്ങി. എൽസിയുവിലെ അടുത്ത ചിത്രമായ 'ബെൻസ്' ആണ് നിലവിൽ ഒരുങ്ങുന്നത്. രാഘവ ലോറൻസ്, സംയുക്ത, നിവിൻ പോളി, രവി മോഹൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ലോകേഷ് കനകരാജ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബക്കിയരാജ് കണ്ണനാണ്. ദീപാവലി റിലീസായി നവംബർ ആറിന് തിയറ്ററുകളിലെത്തുന്ന 'സീൻ' ആണ് സൂര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സിനിമയുടെ പ്രൊമോഷനിടെയാണ് റോളക്സ് ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾക്കും താരം വീണ്ടും തുടക്കമിട്ടത്.
Actor Suriya has urged Lokesh Kanagaraj to meet him and discuss the standalone Rolex film during a promotional event for his upcoming movie Scene. Suriya also expressed interest in playing a villain, saying he has portrayed many heroes already. His comments have renewed fan excitement about the LCU project.