

സിനിമാ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജിനികാന്ത്-കമൽ ഹാസൻ കൂട്ടുക്കെട്ടിൽ പിറക്കുന്ന ചിത്രമാണ് 'തലൈവർ 173'. തമിഴ് സിനിമയുടെ പ്രബല ശക്തികളായ കമലും രജനിയും ഒന്നിക്കുന്ന ചിത്രം ഉടൻ ഉണ്ടാകുമെന്ന പ്രഖ്യാപനത്തോടെ വലിയ ചർച്ചകൾക്കും പ്രതീക്ഷകൾക്കുമാണ് തെന്നിന്ത്യന്‍ സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. അഭ്യൂഹങ്ങൾക്ക് വിരാമം കുറിച്ച് കൊണ്ട് 'തലൈവർ 173' യുടെ സംവിധായകനെയും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. സൂപ്പർഹിറ്റ് സംവിധാകൻ നെൽസൺ ദിലീപ്കുമാർ ആയിരിക്കും സംവിധായക വേഷത്തിലെന്നാണ് റിപ്പോർട്ടുകള്‍.
സുന്ദർ സിയെ ആയിരുന്നു ആദ്യം സംവിധായകനായി പ്രഖ്യാപിച്ചതെങ്കിലും അദ്ദേഹം പിന്നീട് പിന്മാറുകയായിരുന്നു. ഇതിനിടയിൽ ലോകേഷ് കനകരാജ് അടക്കമുള്ള പല മുൻനിര തമിഴ് സംവിധായകരുടേയും പേരുകൾ ചർച്ചയിൽ ഉയർന്നു വന്നിരുന്നു.
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ജയിലർ, ജയിലർ 2 എന്നീ സിനിമകൾക്ക് ശേഷം രജനിയും നെൽസണും ഒന്നിക്കുന്ന അടുത്ത സിനിമയാകും 'തലൈവർ 173'. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന 'ജയിലർ 2' വിന്റെ പണിപ്പുരയിലാണ് രജനിയും നെൽസണും. രജനികാന്തിനെ നായകനാക്കി സിബി ചക്രവർത്തി ഒരുക്കുന്ന സിനിമയ്ക്ക് ശേഷമായിരിക്കും 'തലൈവർ 173'യുടെ ചിത്രീകരണം ആരംഭിക്കുന്നത്.
'തലൈവർ 173' എന്നത് താൽക്കാലികമായി നൽകിയിരിക്കുന്ന പേരാണ്. സിബി ചക്രവർത്തി ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ ഫാമിലി ഡ്രാമ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് സൂചന. മുൻപ് രജനിയോട് സംവിധായകൻ സുന്ദർ സി പറഞ്ഞ സിനിമയുടെ വൺലൈനിൽ ആകൃഷ്ടനായതിനാലാണ് രജനികാന്ത് ചിത്രം ചെയ്യാൻ തയ്യാറായത്. എന്നാൽ സിനിമയുടെ ഫൈനൽ സ്ക്രിപ്റ്റിൽ തലൈവർ തൃപ്തനാകാതെ വന്നതിനാൽ കഥയിൽ കൂടുതൽ മാസ്സ് എലമെന്റുകൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടതായുമാണ് റിപ്പോർട്ട്. അതിൽ അതൃപ്തയതിനാലാണ് സുന്ദർ സി പിന്മാറിയതെന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2027 പൊങ്കൽ റിലീസായാവും സിനിമ തിയേറ്ററുകളിൽ എത്തുന്നത് എന്നായിരുന്നു അറിയിച്ചത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിൽ കമൽ ഹാസൻ ആയിരുന്നു സിനിമ നിർമിക്കാനിരുന്നത്.
English Summary: Speculation ends as reports confirm Nelson Dilipkumar will direct Thalaivar 173, the much-anticipated film bringing together Rajinikanth and Kamal Haasan, marking another collaboration between Rajini and Nelson after Jailer.