

‘ദി ബാറ്റ്മാൻ 2’ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. സംവിധായകൻ മാറ്റ് റീവ്സിന്റെ വ്യക്തിപരമായ ആവശ്യങ്ങളെ തുടർന്നാണ് ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ പൂർത്തിയാക്കാൻ സംവിധായകൻ സ്റ്റീവൻ സോഡർബർഗും സഹായിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിക്കുന്ന റോബർട്ട് പാറ്റിൻസൺ തന്നെയാണ് ഷൂട്ടിങ് പുനരാരംഭിച്ച വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഗെയിംസ് റഡാറിന് നൽകിയ അഭിമുഖത്തിലാണ് പാറ്റിൻസൺ ഇക്കാര്യം പറഞ്ഞത്.
“അദ്ദേഹം മാറ്റിനെ സഹായിക്കാൻ എത്തിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. തിരക്കഥയ്ക്കായി മാറ്റ് വളരെയധികം അധ്വാനിച്ചിട്ടുണ്ട്. ഞങ്ങൾ ചിത്രീകരണം ഏതാണ്ട് പൂർത്തിയാക്കാറായ ഘട്ടത്തിലാണ്. മാറ്റിനെ സഹായിക്കാനും അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ച് ചിത്രം എഡിറ്റിങ്ങിലേക്ക് എത്തിക്കാനും ഒരാൾ മുന്നോട്ടുവരുന്നത് വലിയ കാര്യമാണ്. സ്റ്റീവനെപ്പോലെ കഴിവുള്ള ഒരാൾ കൂടെയുണ്ടാകുന്നത് ഏറെ സന്തോഷകരമാണ്,” പാറ്റിൻസൺ പറഞ്ഞു.
സ്വയം മാറിനിൽക്കാതെ മാറ്റ് റീവ്സിന്റെ വിഷന് പൂർണ്ണ പിന്തുണ നൽകി ചിത്രീകരണം എഡിറ്റിങ് ഘട്ടത്തിലേക്ക് എത്തിക്കാനാണ് സോഡർബർഗ് ശ്രമിക്കുന്നതെന്നും വരും ദിവസങ്ങളിൽ താനും ഷൂട്ടിങ് സെറ്റിൽ ജോയിൻ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മാറ്റ് റീവ്സിന്റെ കുടുംബപരമായ ചില അടിയന്തിര സാഹചര്യങ്ങൾ കാരണം 'ദി ബാറ്റ്മാൻ പാർട്ട് 2' ചിത്രീകരണം താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് ഒക്ടോബർ 5-നാണ് വാർണർ ബ്രദേഴ്സ് വ്യക്തമാക്കിയത്. എന്നാൽ ഈ ഇടവേള പ്രോജക്റ്റിനെയോ സംവിധായകന്റെ കാഴ്ചപ്പാടിനെയോ ബാധിക്കില്ലെന്ന് സ്റ്റുഡിയോ നേരത്തെ ഉറപ്പുനൽകിയിരുന്നു. തുടർന്ന് പ്രൊജക്റ്റിൽ നിന്ന് താൻ മാറുന്നില്ലെന്നും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി പൂർത്തിയാക്കാൻ സഹായിക്കുന്ന സോഡർബർഗിന് നന്ദി അറിയിക്കുന്നതായും മാറ്റ് റീവ്സ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.
നേരത്തെ ചിത്രീകരിച്ച ഭാഗങ്ങളോട് തികച്ചും അനുയോജ്യമാകുന്ന രീതിയിൽ ബാക്കി ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സ്റ്റീവൻ സോഡർബർഗും പ്രതികരിച്ചു. മാറ്റ് റീവ്സ് തന്നെയാണ് ചിത്രത്തിന്റെ സംവിധായകനെന്നും അദ്ദേഹത്തിന്റെ വിഷൻ പൂർത്തിയാക്കാൻ സോഡർബർഗ് നൽകുന്ന പിന്തുണ സ്വാഗതാർഹമാണെന്നും ഡിസി സ്റ്റുഡിയോസ് സഹമേധാവി ജെയിംസ് ഗൺ വ്യക്തമാക്കിയിട്ടുണ്ട്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം 2028 ഫെബ്രുവരി 18-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്. റോബർട്ട് പാറ്റിൻസണെക്കൂടാതെ സ്കാർലറ്റ് ജോഹാൻസൺ, സെബാസ്റ്റ്യൻ സ്റ്റാൻ, ചാൾസ് ഡാൻസ്, ബ്രയാൻ ടൈറി ഹെൻറി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പെൻഗ്വിൻ ആയി കോളിൻ ഫാരലും ആൽഫ്രഡ് പെന്നിവർത്ത് ആയി ആൻഡി സെർക്കിസും കമ്മീഷണർ ഗോർഡനായി ജെഫ്രി റൈറ്റും തങ്ങളുടെ കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കും
Filming for The Batman Part II, starring Robert Pattinson, has reportedly resumed after a temporary production break due to director Matt Reeves’ personal circumstances. Steven Soderbergh is helping Reeves complete the production while supporting his creative vision. The highly anticipated DC sequel is currently scheduled for a theatrical release in February 2028.