നടന്‍ രവി മോഹന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തുള്ള വസതിയില്‍ ലക്ഷങ്ങളുടെ മോഷണമെന്ന് റിപ്പോര്‍ട്ട്. വീട്ടില്‍ നിന്ന് വജ്രമാലയും പണവും കാണാതായതിനെത്തുടര്‍ന്ന് സംശയത്തിന്റെ പേരില്‍ വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വജ്ര നെക്ലേസും 40,000 രൂപയുമാണ് നടന്റെ വസതിയില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്. നടന്റെ ടീം അംഗങ്ങളാണ് വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചത്.
തിങ്കളാഴ്ച ജോലിക്ക് പോയ തങ്ങളുടെ ബന്ധുക്കള്‍ തിരികെ എത്തിയില്ലെന്ന് കാണിച്ച് ജോലിക്കാരുടെ കുടുംബം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നീലാങ്കരൈ പോലീസ് നടന്റെ വീട്ടിലെത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍ പുറത്തറിയുന്നത്. രണ്ട് സ്ത്രീകളെയും ഒരു ആണ്‍കുട്ടിയെയും വീട്ടിനുള്ളില്‍ തടഞ്ഞുവെച്ച നിലയിലാണ് പൊലീസ് കണ്ടെത്തിയത്. നടന്റെ സുരക്ഷാ-മാനേജ്‌മെന്റ് സംഘമാണ് ഇവരെ തടഞ്ഞുവെച്ചിരുന്നതെന്നാണ് വിവരം.
മോഷണത്തില്‍ സംശയമുണ്ടെങ്കില്‍ പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കി നിയമനടപടിയാണ് സ്വീകരിക്കേണ്ടിയിരുന്നതെന്നും അല്ലാതെ ആളുകളെ തടഞ്ഞുവെച്ച് സ്വകാര്യമായി ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും നീലാങ്കരൈ പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് പൊലീസിന്റെ ഇടപെടലിലൂടെ ജോലിക്കാരെയും ആണ്‍കുട്ടിയെയും അവിടെനിന്നും മാറ്റി. സംഭവത്തിന് പിന്നാലെ, രവി മോഹന്റെ മാനേജര്‍ ജോലിക്കാര്‍ക്കെതിരെ മോഷണം ആരോപിച്ച് പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ താരം വീട്ടിലുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിഷയത്തില്‍ രവി മോഹനോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിവാദങ്ങള്‍ വിട്ടൊഴിയാതെ താരം
അടുത്തിടെയായി രവി മോഹന്റെ വ്യക്തിജീവിതം വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 2024 സെപ്റ്റംബറില്‍ ഭാര്യ ആരതിയുമായുള്ള വിവാഹമോചന വാര്‍ത്ത താരം സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഗായിക കെനീഷ ഫ്രാന്‍സിസുമായുള്ള താരത്തിന്റെ അടുപ്പവും വലിയ ചര്‍ച്ചയായി. എന്നാല്‍ 2026 മേയില്‍ രവി മോഹനുമായി വേര്‍പിരിയുകയാണെന്ന് കെനീഷ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ നടന്ന ഒരു പത്രസമ്മേളനത്തില്‍, ആദ്യഭാര്യയുമായുള്ള വിവാഹമോചനം പൂര്‍ത്തിയാകാതെ താന്‍ ഇനി അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച് താരം പൊട്ടിക്കരഞ്ഞത് തെന്നിന്ത്യന്‍ സിനിമയില്‍ വലിയ ചര്‍ച്ചയായിരുന്നു.
ഈ വിവാദങ്ങള്‍ക്കെല്ലാം ഇടയില്‍ കഴിഞ്ഞ ദിവസം താരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ലോകേഷ് കനകരാജിന്റെ എല്‍സിയുവിന്റെ ഭാഗമായി ബക്കിയരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന 'ബെന്‍സ്' എന്ന ചിത്രത്തിലാണ് രവി മോഹന്‍ അടുത്തതായി അഭിനയിക്കുന്നത്. രാഘവ ലോറന്‍സാണ് ഈ ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് താരത്തിന്റെ വസതിയിലെ മോഷണവിവരം പുറത്തുവരുന്നത്.
A theft worth several lakhs has reportedly been discovered at actor Ravi Mohan's residence in Injambakkam, Chennai. According to reports, a diamond necklace valued at ₹10 lakh and ₹40,000 in cash went missing from the house. Following the incident, members of the actor's team allegedly detained domestic workers on suspicion of theft.