

‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ഗീതു മോഹൻദാസ് ചിത്രത്തെ പ്രശംസിച്ച് കന്നഡ സംവിധായകൻ ഹേമന്ത് എം റാവു. സിനിമ യാഥാർഥ്യമാക്കാൻ നിർമാതാവും സംവിധായികയും അഭിനേതാക്കളുമടക്കം സ്വീകരിച്ച പല തീരുമാനങ്ങളും തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഹേമന്ത് പറഞ്ഞു. പ്രത്യേകിച്ച് ചിത്രത്തിന്റെ അവസാന 30 മിനിറ്റ് ഗംഭീരമായിരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കഥപറച്ചിൽ ശക്തമായ നിലപാടുകളും ധൈര്യവും ആവശ്യപ്പെടുന്ന ഒന്നാണെന്നും, വളരെ കുറച്ചുപേർ മാത്രമാണ് ആ വഴിയിലൂടെ സഞ്ചരിക്കുന്നതെന്നും ഹേമന്ത് ചൂണ്ടിക്കാട്ടി. നിർമാതാവും സംവിധായികയും മുതൽ അഭിനേതാക്കൾ വരെയുള്ളവർ ‘ടോക്സിക്’ യാഥാർഥ്യമാക്കാൻ എടുത്ത പല തീരുമാനങ്ങളും തന്നെ അത്ഭുതപ്പെടുത്തി. എല്ലാവരുടെയും പ്രകടനം മികച്ചതായിരുന്നു. പ്രത്യേകിച്ച് റായ എന്ന യഷ് ചെയ്ത കഥാപാത്രം തനിക്ക് ഒരുപാട് ഇഷ്ടമായി എന്നും അദ്ദേഹം പറഞ്ഞു.
”എന്നെ സംബന്ധിച്ചിടത്തോളം ചിത്രത്തിന്റെ അവസാന അരമണിക്കൂർ അതിമനോഹരമായിരുന്നു. തീർച്ചയായും ബിഗ് സ്ക്രീനിൽ തന്നെ കണ്ടനുഭവിക്കേണ്ട ചിത്രമാണിത്. ഗീതു മോഹൻദാസ്, കെ.വി.എൻ. പ്രൊഡക്ഷൻസ്, യഷ് എന്നിവരോട് വലിയ ബഹുമാനം തോന്നുന്നു. പിന്നെ രുക്മിണി വസന്ത്, നിങ്ങൾ ഒരു ഒന്നൊന്നര റോക്ക്സ്റ്റാർ തന്നെയാണ്!” ഹേമന്ത് റാവു എക്സിൽ കുറിച്ചു.
ഹേമന്ത് എം. റാവു സംവിധാനം ചെയ്ത ‘സപ്തസാഗര ദാച്ചെ യെല്ലോ’ എന്ന ചിത്രത്തിലൂടെയാണ് രുക്മിണി വസന്ത് ശ്രദ്ധ നേടുന്നത്. അതേസമയം, യഷും ഹേമന്തും ഒന്നിക്കുന്ന ഒരു പ്രൊജക്ട് വരാനിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
വിമർശനങ്ങളും ട്രോളുകളും തുടരുന്നതിനിടയിലും ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് ‘ടോക്സിക്’ കാഴ്ചവെക്കുന്നത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ 73.43 കോടി രൂപ നേടിയ ചിത്രം റിലീസ് ദിനം തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 214 കോടി രൂപയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ സിനിമ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ‘ടോക്സിക്’. ‘കെജിഎഫ് 2’ന് ശേഷം യഷ് നായകനായെത്തുന്ന ചിത്രം മലയാളിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്നു എന്നതായിരുന്നു പ്രധാന ആകർഷണം. തിരുവോണ ദിനത്തിലായിരുന്നു ചിത്രത്തിന്റെ റിലീസ്.
Kannada filmmaker Hemanth M Rao praises Geetu Mohandas’ Toxic: A Fairy Tale for Grown-Ups, calling its final 30 minutes phenomenal. He applauded Yash, Rukmini Vasanth and the creative decisions behind the film. Despite mixed reviews and trolling, Toxic continues its strong box-office run, crossing ₹214 crore net in India.