മതവികാരം വ്രണപ്പെടുത്തി; 'ടോക്സിക്ക്' ടീസർ ഉടൻ നീക്കം ചെയ്യണമെന്ന് ദ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ

ചിത്രത്തിനെതിരെ വരുന്ന വിവാദങ്ങൾക്കിടെ റിലീസ് നടപടികളെ ബാധിക്കുമോയെന്ന് വ്യക്തതയില്ല
Toxic Movie
Toxic MovieImage Credit: Instagram
Published on

സൂപ്പർസ്റ്റാർ യഷിനെ നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം ‘ടോക്‌സിക്’ വീണ്ടും വിവാദത്തിൽ. ചിത്രത്തിന്റെ ടീസർ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ദ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് പരാതി നൽകി. ടീസർ യൂട്യൂബിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും, വിവാദമായ രംഗങ്ങൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻപേ തന്നെ ടീസറിലെ ഇന്റിമേറ്റ് രംഗങ്ങളെ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. വിവാദ രംഗങ്ങൾ ക്രിസ്തീയ ചിഹ്നങ്ങൾക്കും വിശുദ്ധ മിഖായേലിന്റെ പ്രതിമയ്ക്കുമുന്നിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് പുതിയ പരാതി. സെമിത്തേരിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിലെ ലൈംഗിക രംഗവും, സെമിത്തേരിയിൽ അക്രമാസക്തമായ വെടിവെപ്പും കാണിച്ചതായി പരാതിയിൽ പരാമര്‍ശിക്കുന്നു. ഇത് ക്രിസ്തീയ മതവിശ്വാസങ്ങളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നാണ് സംഘടന വ്യക്തമാക്കുന്നത്. ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിനും ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കും പരാതി നൽകിയിട്ടുണ്ട്.

നേരത്തെ, ചിത്രത്തിനെതിരേ കർണാടക വനിതാ കമ്മിഷനും സെൻസർ ബോർഡിനും മുന്നിൽ പരാതി എത്തിയിരുന്നു. ടീസറിൽ ലൈംഗികതയുടെ അതിപ്രസരമുണ്ടെന്നും, സ്ത്രീകളുടെ അന്തസിനെ അപമാനിക്കുന്നുണ്ടെന്നുമായിരുന്നു വിമര്‍ശനം. പ്രതിഷേധം ശക്തമായതോടെ ടീസറിലെ നടി ബിയാട്രിസ് ടൗഫെൻബാക്ക് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വരെ നീക്കം ചെയ്ത സാഹചര്യമുണ്ടായി

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മാർച്ച് 19 നാണ് തിയേറ്ററിലെത്തുന്നത്. ചിത്രത്തിനെതിരെ വരുന്ന വിമർശനങ്ങളും, വിവാദങ്ങളും റിലീസ് നടപടികളെ ബാധിക്കുമോയെന്നതും വ്യക്തമല്ല. നയൻതാര, രുക്മിണി വസന്ത്, കിയാര അദ്വാനി താരാ സുതാരിയ, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ നായികമാർ.

English Summary: Christian body seeks removal of Toxic teaser, alleging scenes hurt religious sentiments. Film set for March 19 release.

Related Stories

No stories found.
Madism Digital
madismdigital.com