

യഷ് നായകനാകുന്ന ചിത്രം ‘ടോക്സിക്’നെതിരെയുള്ള വിമർശനങ്ങൾ ശക്തമായിരിക്കെ സംവിധായിക ഗീതു മോഹൻദാസിന് പിന്തുണയുമായി റിമ കല്ലിങ്കൽ. ടീസറിലെ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക രംഗത്തെ ‘അശ്ലീലമെന്ന്’ വിശേഷിപ്പിച്ച് നടക്കുന്ന വിമർശനങ്ങൾക്കെതിരെയാണ് റിമ പ്രതികരിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു കുറിപ്പ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് താരം പിന്തുണ അറിയിച്ചത്.
“ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും…” എന്ന തലക്കെട്ടിൽ സിനിമാ പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ലൈംഗികതയെയും സ്ത്രീശരീരത്തെയും സമൂഹം വിലയിരുത്തുന്ന രീതിയിലെ ഇരട്ടത്താപ്പിനെ വിമർശിക്കുന്നതാണ് കുറിപ്പിന്റെ ഉള്ളടക്കം.
മുൻകാലങ്ങളിൽ പുറത്തിറങ്ങിയ ചില സിനിമകളുടെ പശ്ചാത്തലത്തിൽ സ്ത്രീ കഥാപാത്രങ്ങളെ മാത്രം ലക്ഷ്യമിട്ട് നടന്ന വിമർശനങ്ങളെയും കുറിപ്പ് പരാമർശിക്കുന്നു. ‘ഡീയസ് ഈറെ’ റിലീസിന് പിന്നാലെ ചിത്രത്തിലെ ഒരു ഇന്റിമേറ്റ് രംഗത്തിന്റെ പേരിൽ നടിയെ മാത്രം ‘ഭോഗവസ്തു’യായി ചിത്രീകരിച്ച സമീപനവും, ആ രംഗത്തിൽ പങ്കാളിയായിരുന്ന നടൻ ചർച്ചകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമാണ് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. ഇതേ രീതിയിലുള്ള സമീപനം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ ദിവ്യ പ്രഭയുടെ കഥാപാത്രത്തോടും ഉണ്ടായതായി കുറിപ്പിൽ പറയുന്നു.
ലൈംഗികതയെ സ്ത്രീയുമായി മാത്രം ബന്ധപ്പെടുത്തി കാണുന്ന സാമൂഹിക മനോഭാവം ചോദ്യം ചെയ്യുന്നതാണ് കുറിപ്പിന്റെ പ്രധാന നിലപാട്. പരസ്‌പര സമ്മതത്തോടെയുള്ള ഒരു വികാരാത്മക രംഗം പോലും ‘വൃത്തികെട്ടത്’ എന്ന നിലയിൽ വിലയിരുത്തപ്പെടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഇതിലൂടെ ഉയരുന്നു. സ്ത്രീ ലൈംഗികത പ്രകടിപ്പിക്കുന്നതിനെ ഉടൻ തന്നെ അശ്ലീലമെന്നോ വസ്തുവൽക്കരണമെന്നോ മുദ്രകുത്തുന്ന സമീപനം ഇന്നും നിലനിൽക്കുന്നുവെന്ന വിമർശനവും കുറിപ്പിലുണ്ട്. ‘മായാനദി’, ‘4 ഇയേഴ്സ്’ തുടങ്ങിയ സിനിമകളിൽ ഉൾപ്പെട്ട ഇന്റിമേറ്റ് രംഗങ്ങളെ മുൻപു സദാചാര പ്രശ്നമായി കാണാതിരുന്ന സമൂഹം, ഇപ്പോൾ ‘ടോക്സിക്’ ടീസറിനോട് കാണിക്കുന്ന പ്രതികരണം ഇരട്ടത്താപ്പാണെന്ന വാദവും കുറിപ്പിൽ ഉന്നയിക്കുന്നു. പ്രശ്നം ദൃശ്യങ്ങളിലല്ല, അവയെ കാണുന്ന കാഴ്ചപ്പാടിലാണെന്ന നിലപാടാണ് താരം മുന്നോട്ടുവയ്ക്കുന്നത്.
ആഷിക് അബു, ദിവ്യപ്രഭ, അതുല്യ ചന്ദ്ര എന്നിവരടക്കം നിരവധി പേർ ഈ കുറിപ്പിന് പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഗീതു മോഹൻദാസിനെയും ടീസറിനെയും വിമർശിക്കുന്ന കമന്റുകളും പേജിൽ വ്യാപകമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ‘മായാനദി’ പോലുള്ള സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങളുമായി ‘ടോക്സിക്’ ടീസറിനെ താരതമ്യം ചെയ്യുന്നത് യുക്തിയില്ലാത്തതാണെന്നും, ടീസറിൽ നായകന്റെ മാസ് ഇമേജ് ഉയർത്താൻ സ്ത്രീശരീരം ഉപയോഗിക്കുന്നുവെന്ന ആരോപണവും ചില കമന്റുകളിൽ ഉയരുന്നുണ്ട്.
English Summary: Amid criticism of the teaser for Yash-starrer Toxic, actress Rim Kallingal supports director Geethu Mohandas, highlighting societal double standards in judging sexual content involving women.