

പാൻ ഇന്ത്യൻ കന്നഡ താരം യഷും, സംവിധായിക ഗീതു മോഹൻദാസും ഒന്നിക്കുന്ന 'ടോക്സിക്കി'ന്റെ ടീസർ പുറത്ത്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷനും വയലൻസ് രംഗങ്ങൾക്കുമാണ് പുതിയ ടീസറിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ചിത്രത്തിൽ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാകും യഷ് എത്തുകയെന്നാണ് ടീസർ നൽകുന്ന സൂചന. പ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, രക്തരൂക്ഷിതമായ ബാത്ത് ടബ്ബിൽ പരുക്കൻ ലുക്കിൽ ഇരിക്കുന്ന യഷിനെ ടീസറിലും കാണാം.
യഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ജനുവരി 8ന് പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് ടീസറിനെതിരെ വ്യാപക പരാതികളുയർന്നിരുന്നു. ടീസറിൽ അശ്ലീല ഉള്ളടക്കമുണ്ടെന്നും, നായകനെ അവതരിപ്പിക്കുന്ന രംഗങ്ങളിൽ സ്ത്രീയെ കച്ചവടച്ചരക്കും പ്രദർശന വസ്തുവുമാക്കിയതായും പരാതികളുയർന്നു. വിഷയത്തിൽ ചിത്രത്തിന്റെ സംവിധായക ഗീതു മോഹൻദാസിനെതിരെയും വലിയ രീതിയിലുള്ള സൈബർ അക്രമണമാണ് നടന്നത്.
കെജിഎഫിന് ശേഷം യഷ് എത്തുന്ന ചിത്രമെന്ന നിലയിൽ 'പാൻ ഇന്ത്യൻ ഹൈപ്പിലാണ്' 'ടോക്സിക്' എത്തുന്നത്. നേരത്തെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉയർന്നിരുന്നെങ്കിലും ചിത്രം നേരത്തെ പ്രഖ്യാപിച്ച സമയത്ത് തന്നെ തിയറ്ററുകളിലെത്തിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
നയൻതാര, താര സുതാര്യ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, കിയാര അദാനി എന്നിവരാണ് ചിത്രത്തിലെ നായികമാർ. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന ടോക്സിക്ക് യഷിന്റെ 19-ാം ചിത്രമാണ്. നിവിൻ പോളി, റോഷൻ മാത്യു, എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ ‘മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കൂടെയാണ് ‘ടോക്സിക്’. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ‘ടോക്സിക്’ നിർമ്മിക്കുന്നത്.
English Summary: The teaser of Yash-starrer Toxic, directed by Geetu Mohandas, showcases intense violence and hints at Yash playing a dual role.