

വ്യക്തിജീവിതത്തെക്കുറിച്ച് ഉയർന്ന വിവാദങ്ങളോട് ആദ്യമായി പരസ്യ പ്രതികരണം നടത്തി തമിഴ് സൂപ്പർ താരവും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. ഇന്ന് തിരുനെൽവേലിയിൽ നടന്ന രാഷ്ട്രീയ റാലിയിലാണ് വിശദീകരണം. വരാനിരിക്കുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കെതിരെ ഉയരുന്ന വിവാദങ്ങൾ രാഷ്ട്രീയ എതിരാളികളുടെ ആസൂത്രിത നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. ഭാര്യ സംഗീതയുമായുള്ള വിവാഹമോചന വാർത്തകളെയും നടി തൃഷയുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന ഗോസിപ്പുകളെയും പരാമർശിച്ച വിജയ്, ഇത്തരം കുപ്രചരണങ്ങൾ തന്നെ തളർത്തില്ലെന്ന് വ്യക്തമാക്കി.
'ജനനായകൻ' നേരിടുന്ന സെൻസർഷിപ്പ് പ്രശ്നങ്ങളും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. സിനിമയുടെ റിലീസ് തടയാനും തനിക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി ജനങ്ങളിൽ നിന്ന് അകറ്റാനും ചിലർ ശ്രമിക്കുന്നുണ്ട്. വേട്ടയാടാൻ ശ്രമിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം, എത്രയൊക്കെ പഴി കേൾക്കേണ്ടി വന്നാലും ജനങ്ങൾ തനിക്കൊപ്പമുണ്ടെന്നും അത് വലിയൊരു അത്ഭുതമാണ്, വിജയ് ചൂണ്ടിക്കാണിച്ചു.
തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു മാസം മാത്രം ബാക്കിയുള്ളപ്പോൾ തന്റെ അടുത്ത സുഹൃത്തുക്കളെയും കുടുംബത്തെയും ലക്ഷ്യമിട്ട് കുപ്രചരണങ്ങൾ അഴിച്ചുവിടുന്നത് തന്നെ തകർക്കാനാണ്. ഇത്തരം വേദനകളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോയാലും തന്നെ ജനങ്ങളിൽ നിന്ന് വേർപെടുത്താൻ ആർക്കും കഴിയില്ല. വികാരഭരിതനായിട്ടായിരുന്നു വിജയിയുടെ വിശദീകരണം.
ഡിഎംകെ സർക്കാരിനെതിരെയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെയും കടുത്ത വിമർശനങ്ങളാണ് വിജയ് ഉന്നയിച്ചത്. ഭരണകക്ഷിയെ "പണം കൊള്ളയടിച്ചവരുടെ സഖ്യം" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, നിലവിലെ ഗവൺമെന്റിന് യഥാർത്ഥ അധികാരമില്ലെന്നും ആരോപിച്ചു. മറ്റുള്ളവർക്ക് ഇതൊരു വെറും തിരഞ്ഞെടുപ്പ് മാത്രമായിരിക്കാം, എന്നാൽ ടിവികെ പ്രവർത്തകർക്ക് ഇതൊരു വികാരമാണെന്നും താരം പറഞ്ഞു.
English Summary: Actor-politician Vijay strongly denied rumours about his personal life and alleged that political rivals were targeting him ahead of the 2026 Tamil Nadu Assembly election. Speaking at a rally in Tirunelveli, he also claimed that issues surrounding his film ‘Jananayagan’ were part of a political conspiracy.