

മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡിയെന്ന കേസിൽ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചെന്ന വാർത്ത തള്ളി നടൻ പ്രകാശ് രാജ്. കേസിൽ 3 തവണ സമൻസ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടർന്ന് നടനെതിരെ ബാംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചുവെന്നും മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ വ്യാജ വാർത്തക്കാർക്ക് കുറച്ച് ദിവസം പണിയുണ്ടായതിൽ സന്തോഷമുണ്ടെന്നായിരുന്നു എക്സിലൂടെ പ്രകാശ് രാജിന്റെ പ്രതികരണം. വസ്തുതാന്വേഷണ മാധ്യമപ്രവർത്തകനായ മുഹമ്മദ് സുബൈറും വാർത്ത വ്യാജമെന്നറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പ്രകാശ് രാജ് പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:
വ്യാജവാർത്തകൾ ചമയ്ക്കുന്ന തിരക്കിലാണ് ചിലർ. അവർ വ്യാജവാർത്തകൾ ഉണ്ടാക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നു. നന്നായി വേദനിച്ചിട്ടുണ്ടാകും അവർക്ക്, പാവങ്ങൾ.. എങ്കിലും അവരെ ഇങ്ങനെ തിരക്കിലാക്കി നിർത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.
ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് 4 വോട്ടർ ഐഡികളുണ്ടെന്ന് ആരോപിച്ച് ശേഷാദ്രിപുരം സ്വദേശി കെ.ദിലീപ് കുമാറാണു പരാതി നൽകിയത്. വേളാച്ചേരിയിൽ രണ്ടു വോട്ടുണ്ടെന്നും പരാതിയിൽ പറയുന്നു
കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ വ്യത്യസ്ത വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉള്ളതായാണ് ഹിന്ദുത്വ പ്രൊഫൈലുകള്‍ പ്രചരിപ്പിച്ചത്. തുടർന്ന് ബെംഗളൂരു മജിസ്ട്രേറ്റ് കോടതിയില്‍ ദിലീപ് കുമാര്‍ എന്ന വ്യക്തി പ്രകാശ് രാജിനെതിരേ സ്വകാര്യ പരാതി ഫയല്‍ ചെയ്തു. ഹരജി പരിഗണിച്ച കോടതി നടന് രണ്ട് സമന്‍സ് അയച്ചു. പ്രകാശ് രണ്ട് സമന്‍സുകളും അവഗണിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതെന്നായിരുന്നു വാർത്ത.
ദിലീപ് നേരത്തെ ഹലാസൂരു ഗേറ്റ് പൊലീസ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു. നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
അതേസമയം, ധർമസ്ഥല വിവാദത്തിൽ പ്രകാശ് രാജ് 18നു ബെംഗളൂരുവിൽ വാർത്താസമ്മേളനം നടത്തിയപ്പോൾ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. അന്നു സമൻസ് നൽകാത്തതിൽ പൊലീസിനെതിരെ ആക്ഷേപം ഉയരുന്നുണ്ട്.
Summary: Actor Prakash Raj has dismissed reports claiming that a court has issued a non-bailable warrant against him in a case alleging he possesses four voter ID cards across three states. Media outlets had reported that a Bengaluru Magistrate Court issued the non-bailable warrant against the actor after he failed to appear despite being served summons three times.
However, Prakash Raj responded on X, stating that he was happy the fake news peddlers had some work to do for a few days. Fact-checking journalist Mohammed Zubair has also come forward, confirming that the news is fake.