

മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ നന്ദകിഷോർ ചിത്രം ‘വൃഷഭ’ക്ക് ബോക്സ് ഓഫീസിൽ നേരിട്ടത് കനത്ത തിരിച്ചടി. ഈ വർഷം മോഹൻലാലിന്റെ വലിയ വിജയങ്ങളിലൊന്നായി മാറുമെന്ന പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നെങ്കിലും പ്രദർശനത്തിന് പിന്നാലെ ലഭിച്ച കളക്ഷൻ കണക്കുകൾ നിരാശാജനകമാണ്.
വമ്പൻ ബജറ്റിൽ ഒരുക്കിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഏകദേശം 1.41 കോടി രൂപ മാത്രമാണ് നേടിയത്. 70 കോടി രൂപ ചിലവഴിച്ചാണ് സിനിമ നിർമ്മിച്ചത്. കേരളത്തിൽ നിന്ന് ലഭിച്ച കളക്ഷൻ 85 ലക്ഷം രൂപ മാത്രമാണ്. ആന്ധ്രയിൽ 12 ലക്ഷം, കർണാടകയിൽ 6 ലക്ഷം, തമിഴ്നാട്ടിൽ 5 ലക്ഷം, മറ്റ് ഇന്ത്യൻ മാർക്കറ്റുകളിൽ നിന്ന് 13 ലക്ഷം രൂപ എന്നിങ്ങനെയാണ് റിപ്പോർട്ടുകൾ. വിദേശ വിപണികളിൽ നിന്നുള്ള വരുമാനം 20 ലക്ഷം രൂപയായി ഒതുങ്ങി. ആദ്യ ദിനം ആഗോളതലത്തിൽ ചിത്രം സ്വന്തമാക്കിയത് 88 ലക്ഷം രൂപ മാത്രമാണ്. ഇതിൽ 46 ലക്ഷം രൂപ മലയാളം പതിപ്പിൽ നിന്നുമായിരുന്നു.
സിനിമയുടെ തിരക്കഥ, അവതരണം, വിഎഫ്എക്സ്, മേക്കിങ് തുടങ്ങിയ ഘടകങ്ങളെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. മോഹൻലാലിന്റെ പ്രകടനം പ്രതീക്ഷിച്ച തോതിൽ ഉപയോഗിക്കപ്പെടാതെ പോയതായും, എഴുത്ത് വളരെ ദുർബലമാണെന്നും അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലും ചർച്ചകളിലുമുണ്ട്. ചില രംഗങ്ങൾ നാടകീയമായ അനുഭവം നൽകുന്നതായും, മലയാളം ഡബ്ബിങ് പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
മലയാളം–തെലുങ്ക് ദ്വിഭാഷയായി ഒരുക്കിയ ‘വൃഷഭ’ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും മൊഴിമാറ്റിയാണ് പുറത്തിറങ്ങിയത്. ശോഭ കപൂർ, എക്താ ആർ. കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
തുടർച്ചയായ വിജയങ്ങളുമായി മുന്നേറിയിരുന്ന 2025ലെ മോഹൻലാലിന്റെ സിനിമാ യാത്രയിൽ വലിയ ഇടിവായി ‘വൃഷഭ’ മാറിയെന്നാണ് പ്രേക്ഷക-വിമർശക പ്രതികരണങ്ങൾ. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി ചിത്രം മാറിയെന്ന വിലയിരുത്തലും വ്യാപകമായി ഉയരുന്നുണ്ട്.
English Summary: The pan-Indian film Vrushabha, starring Mohanlal and made on a ₹70 crore budget, has suffered a major box office failure with poor collections across domestic and overseas markets.