

മലയാളികളുടെ പ്രിയതാരം സലിം കുമാറിന്റെ സംസ്‌കാര ചടങ്ങിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകരും ആളുകളും തിക്കും തിരക്കും കൂട്ടിയതും അവരെ സലിം കുമാറിന്റെ മകൻ ചന്തു വഴക്കുപറഞ്ഞതും വലിയ വാർത്തയായിരുന്നു. ആ സമയത്ത് അങ്ങനെ പ്രതികരിച്ചത് തെറ്റായിപ്പോയോ എന്ന് ചന്തു ചടങ്ങിനു ശേഷം തന്നോടു ചോദിച്ചെന്ന് നടനും എംഎൽഎയുമായ രമേഷ് പിഷാരടി.
സ്വകാര്യത മനുഷ്യനെ സംബന്ധിച്ചിടുത്തോളം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണെന്നും അതിന്റെ നഗ്നമായ ലംഘനമാണ് സലിംകുമാറിന്റെ സംസ്‌കാര ചടങ്ങിനിടെ നടന്നതെന്നും പിഷാരടി പറഞ്ഞു. താൻ ചെയ്തത് തെറ്റായിപ്പോയോ എന്ന് ചന്തു ചോദിച്ചപ്പോൾ ഇല്ലെന്നാണ് താൻ മറുപടി നൽകിയതെന്നും പിഷാരടി വ്യക്തമാക്കി.
'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അതിന്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ച കാഴ്ചയാണ് സലീമേട്ടന്റെ സംസ്‌കാര ചടങ്ങിൽ കണ്ടത്. മുൻപ് സഹപ്രവർത്തകയായ സുബി സുരേഷ് മരിച്ചപ്പോഴും നവാസ് ഇക്ക (കലാഭവൻ നവാസ്) മരിച്ചപ്പോഴും ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിലും സലീമേട്ടന്റെ വീട്ടിൽ നടന്നത് അതിന്റെ അങ്ങേയറ്റമുള്ളതായിരുന്നു.
ഒരു വിഭാഗം മൊബൈൽ മാധ്യമപ്രവർത്തകരും പിന്നെ കാഴ്ചക്കാരായി ഉള്ളവരും കാണുന്ന എല്ലാകാര്യങ്ങളും ഷൂട്ട് ചെയ്യണം എന്നൊരു അവസ്ഥയിലേക്ക് എത്തിയപ്പോഴാണ് ഇത്തരം അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നത്. മരണവീട്ടിൽ മുഴുവൻ സമയവും ഉണ്ടായിരുന്ന ആളാണ് ഞാൻ. എല്ലാ ചടങ്ങുകളും കഴിഞ്ഞ് ചിത കത്തി കഴിഞ്ഞ ശേഷം മുറിയിലേക്ക് എത്തിയപ്പോൾ ചന്തു എന്നോടു ചോദിച്ചു, 'ചേട്ടാ ഞാൻ അങ്ങനെ ഒച്ചയെടുത്ത് പോയത് മോശമായോ' എന്ന്. ഞാൻ അവനോടു 'ഇല്ല, വേറെ ഒരു വഴിയുമില്ല' എന്നാണ് പറഞ്ഞത്,' പിഷാരടി പറഞ്ഞു
സലിം കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്ന സമയത്താണ് തിക്കും തിരക്കും ഉണ്ടായതും ചന്തു ദേഷ്യപ്പെട്ടതും. ഗാർഡ് ഓഫ് ഓണർ നൽകുന്ന സമയത്ത് തിരക്ക് മൂലം ഉന്തും തള്ളും ഉണ്ടാകുകയായിരുന്നു. ഉടനെ തിരക്ക് നിയന്ത്രിക്കാൻ ചന്തു ഇടപെട്ടു. തിക്ക് കൂട്ടിയവരോടു 'അങ്ങോട്ട് മാറിനിൽക്ക്' എന്ന് ചന്തു ദേഷ്യത്തോടെ പറയുകയായിരുന്നു.
English Summary: The commotion caused by online media personnel and members of the public during the funeral of beloved Malayalam actor Salim Kumar, and the way his son Chanthu reprimanded them, became a major talking point. Actor and MLA Ramesh Pisharody said that after the ceremony, Chanthu asked him whether his reaction at the time had been wrong.
Pisharody stated that privacy is a constitutional right guaranteed to every individual and that what happened during Salim Kumar’s funeral was a blatant violation of that right. He added that when Chanthu asked if he had acted wrongly, his answer was a clear "No."