

യഷിൻ്റെ നായകനാകുന്ന ആക്ഷൻ ഡ്രാമ ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സി'ന്റെ ആഗോള റിലീസ് തീയതി മാറ്റി. ചിത്രത്തിന്റെ നിർമാതാക്കൾ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസുമാണ് വിവരം അറിയിച്ചത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും പ്രാദേശിക അസ്ഥിരതയും കണക്കിലെടുത്താണ്, 2026 മാർച്ച് 19-ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് പ്രീമിയർ മാറ്റിയിരിക്കുന്നത്. നിലവിലെ തീരുമാനമനുസരിച്ച് 2026 ജൂൺ 4-ലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്.
ചിത്രത്തിന്റെ പ്രധാന വിതരണക്കാരായ ഫാർസ് ഫിലിംസിന്റെ നിർദ്ദേശമനുസരിച്ചാണ് ഈ തീരുമാനം. ചിത്രത്തിന്റെ പ്രധാന വിപണികളിലൊന്നായ ഗൾഫ് മേഖലയിലുടനീളം സംഘർഷങ്ങൾ നിലനിൽക്കുന്നത് സിനിമാ പ്രദർശനങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് റിലീസ് തീയതി പുനഃക്രമീകരിച്ചിരിക്കുന്നത്. മാർച്ച് 19-ലെ റിലീസ് മുന്നിൽ കണ്ട് അവസാനഘട്ട പ്രൊമോഷൻ ഷെഡ്യൂളുകളും നിർമ്മാതാക്കൾ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. മാർച്ച് 8-ന് ബെംഗളൂരുവിൽ ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ വലിയ ട്രെയിലർ ലോഞ്ച് നടക്കാനിരിക്കെയാണ് ഈ തീരുമാനം.
ആഗോള പ്രേക്ഷകർക്കായി ഒരു ചിത്രം എന്ന കാഴ്ചപ്പാടോടെയാണ് തങ്ങൾ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' വിഭാവനം ചെയ്തത്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച ഈ സിനിമ, സ്വദേശത്തും വിദേശത്തുമുള്ള പ്രേക്ഷകരുമായി ഒരുപോലെ ആസ്വദിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് നിർമാതാക്കൾ പറഞ്ഞു.
അനിശ്ചിതത്വം നിറഞ്ഞ പശ്ചിമേഷ്യയിലെ സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുക എന്ന ലക്ഷ്യത്തെ ബാധിക്കുന്ന അവസ്ഥയാണുള്ളത്. അതിനാൽ പങ്കാളികളുടെയും പ്രേക്ഷകരുടെയും താൽപ്പര്യം പരിഗണിച്ചുകൊണ്ട്, റിലീസ് മാറ്റിവെക്കാനുള്ള തീരുമാനം ഞങ്ങൾ എടുത്തിരിക്കുന്നു. പ്രേക്ഷകരുടെ പിന്തുണയ്ക്കും ക്ഷമയ്ക്കും നന്ദി. 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' ഇനി 2026 ജൂൺ 4-ന് ഇംഗ്ലീഷിലും വിവിധ ഇന്ത്യൻ ഭാഷകളിലുമായി ആഗോളതലത്തിൽ തീയേറ്ററുകളിൽ എത്തും, നിർമ്മാതാക്കൾ കൂട്ടിച്ചേർത്തു.
English Summary: Yash’s upcoming action drama Toxic: A Fairy Tale for Grown-Ups has postponed its global release from March 19, 2026, to June 4, 2026. Producers KVN Productions and Monster Mind Creations cited ongoing tensions and instability in the Middle East, particularly affecting Gulf markets, as the reason for the delay.