

തിയേറ്ററുകളിൽ വ്യാപക ശ്രദ്ധ നേടിയ രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ’ ഒടിടിയിലേക്ക് എത്തിയതോടെ പുതിയ വിവാദങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. നെറ്റ്‌ഫ്ലിക്സിൽ പ്രദർശിപ്പിക്കുന്ന പതിപ്പിൽ സിനിമയിലെ ചില രംഗങ്ങൾ ഒഴിവാക്കിയതായും, നിരവധി സംഭാഷണങ്ങൾ മ്യൂട്ട് ചെയ്തതായും ആരോപിച്ച് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാക്കി.
ജനുവരി 30-നാണ് ചിത്രം നെറ്റ്‌ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. തിയേറ്ററുകളിൽ ‘എ’ സർട്ടിഫിക്കറ്റോടെ റിലീസ് ചെയ്ത സിനിമയുടെ ഒടിടി പതിപ്പിൽ അസഭ്യവാക്കുകളും ചില പ്രധാന ഡയലോഗുകളും ഒഴിവാക്കിയിട്ടുണ്ടെന്നാണ് ആരാധകരുടെ ആരോപണം. ഇതിന് പുറമെ തിയേറ്റർ പതിപ്പിനേക്കാൾ ദൈർഘ്യം കുറച്ചാണ് ഒടിടി പതിപ്പ് എത്തിയത് എന്നും വിമർശനം ഉയരുന്നു.
തിയേറ്ററുകളിൽ പ്രദർശിപ്പിച്ച പതിപ്പിന് ഏകദേശം മൂന്ന് മണിക്കൂർ 34 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്നുവെങ്കിൽ ഒടിടിയിൽ എത്തിയ പതിപ്പ് മൂന്ന് മണിക്കൂർ 25 മിനിറ്റായി ചുരുങ്ങിയതായാണ് റിപ്പോർട്ട്. ഇതോടെ ഏകദേശം പത്ത് മിനിറ്റോളം ദൃശ്യങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
മുന്‍പ് പുറത്തിറങ്ങിയ ‘അനിമൽ’, ‘കബീർ സിംഗ്’ തുടങ്ങിയ ‘എ’ സർട്ടിഫിക്കറ്റ് ചിത്രങ്ങൾ യാതൊരു എഡിറ്റിംഗും ഇല്ലാതെ ഒടിടിയിൽ ലഭ്യമായ സാഹചര്യത്തിൽ ‘ധുരന്ധർ’ ചിത്രത്തിന് മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്തിനെന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. പ്രായപൂർത്തിയായവർക്കുള്ള പ്ലാറ്റ്‌ഫോമിൽ ഇത്തരം സെൻസർഷിപ്പ് അനാവശ്യമാണെന്നും, സിനിമയുടെ ‘അൺകട്ട്’ പതിപ്പ് ഉടൻ റിലീസ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്.
English Summary : Fans criticize Netflix for editing Ranveer Singh’s Dhuranthar, removing scenes and dialogues, and shortening the runtime by 10 minutes.