ലോകത്ത് ഇന്ന് നടക്കുന്നതിൽ ഏറ്റവും പ്രമുഖമായ ചലച്ചിത്രമേളയാണ് കാൻ ഫിലിം ഫെസ്റ്റിവൽ. 1946-ൽ ഫ്രാൻസിലെ കാൻസിൽ ആരംഭിച്ച മേള, ഇന്ന് ലോകമെമ്പാടുമുള്ള മികച്ച സിനിമകളെ ഒരു കുടക്കീഴില്‍ പ്രദർശിപ്പിക്കുന്ന മേള കലയുടെ ആഘോഷമാണ്. ലോകത്തെ ഓരോ ചലച്ചിത്ര പ്രവർത്തകനും സ്വപ്‍നം കാണുന്ന ഇടമായും അംഗീകാരമായും കാൻ വർത്തിക്കുമ്പോഴും മാധ്യമങ്ങള്‍ക്ക് കാന്‍ ഗ്ലാമറസ് വശമായ റെഡ് കാർപ്പറ്റും അതിലുണ്ടാകുന്ന ചിത്രങ്ങളും മാത്രമായി അവശേഷിക്കുന്നൊരു സംസ്‍കാരം ശക്തിയാർജ്ജിച്ചുകൊണ്ടിരിക്കുകയാണ്.
യഥാർത്ഥത്തിൽ എന്താണ് കാൻ ചലച്ചിത്രമേള? എന്താണ് കാൻ പ്രഖ്യാപിക്കുന്ന രാഷ്ട്രീയം? റെഡ് കാർപ്പറ്റിലെ ഫാഷൻ മാത്രം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് പിന്നിലെ പ്രപ്പഗാണ്ട അജണ്ടകള്‍ എന്തായിരിക്കാം?
കാൻ ഫെസ്റ്റിവലിന്‍റെ ഉത്ഭവത്തിന് തന്നെ കാരണമാകുന്നത് സൂക്ഷ്മമായ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളാണ്. ആദ്യ കാന്‍ ഫെസ്റ്റിവലിന് തുടക്കമാകുന്നതിന് മുന്‍പ് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായിരുന്നത് വെനീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മറ്റൊരു മേളയായിരുന്നു, വെനീസ് ചലച്ചിത്ര മേള. പ്രസ്തുത മേളയുടെ ഒരു പതിപ്പിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ ജൂറിക്കും കാണികൾക്കും ഒരുപോലെ ഇഷ്ടപ്പെട്ട അമേരിക്കൻ ചിത്രത്തെ മികച്ച സിനിമയായി തിരഞ്ഞെടുക്കുന്നതില്‍നിന്ന് ജർമ്മൻ സ്വേച്ഛാധിപതിയായ അഡോൾഫ് ഹിറ്റ്ലർ തടയുന്നു.
അന്ന് ഹിറ്റ്ലർ ചെലുത്തിയ സമ്മർദ്ദം മൂലം ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഒരു നാസി പ്രൊപ്പഗാണ്ട അനുകൂല ചിത്രത്തിന് നൽകേണ്ടിവന്നു. ഈ സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ മേളയിൽനിന്നും ഇറങ്ങിപ്പോയി. ഈ സംഭവത്തിനോടുള്ള പ്രതികരണമെന്നോണം ഫ്രാൻസ് മുൻപോട്ട് വെച്ച ആശമായിരുന്നു നിഷ്പക്ഷതയിൽ ഊന്നി, ആരുടേയും സമ്മർദ്ദങ്ങളിൽ വീഴാതെ നിൽക്കുന്നൊരു ചലച്ചിത്രമേളയെന്ന ആശയം.1939ൽ മേളയ്ക്ക് തുടക്കമിടാന്‍ ശ്രമിച്ചുവെങ്കിലും രണ്ടാം ലോക മഹായുദ്ധം കാരണം നടക്കാതെ പോയി. പിന്നീട് യുദ്ധത്തിന്റെ കെട്ടുകളടങ്ങി 1946 ഓടെയാണ് ഫ്രാൻസിലെ കാൻ എന്ന കടലോര പട്ടണത്തിൽ ഫെസ്റ്റിവലിന് പ്രാരംഭം കുറിക്കപ്പെടുന്നത്.
ഫാഷിസ്റ്റ് അജണ്ടകളോടുള്ള സിനിമയെന്ന കല നടത്തുന്ന നിരന്തര പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുകയെന്നത് കാനിലെ അടിസ്ഥാന തത്വമായി മാറിയതിനും പിന്നിലെ ചരിത്ര തുടക്കമായിരുന്നു 1946ലെ നീക്കം. പിന്നീട് ഇങ്ങോട്ട് ലോകത്തെമ്പാടും നടക്കുന്ന സിനിമാ വിയോജനങ്ങളുടെ രാഷ്ട്രീയ തിയറ്ററുകളായി കാന്‍ മാറി.
അതേസമയം സമീപകാല കാന്‍ ചരിത്രം ഇക്കാര്യങ്ങളില്‍നിന്ന് തിരുത്തിയെഴുതപ്പെടുന്നതാണ്. സമൂഹ മാധ്യമങ്ങളുടെ ശക്തിയാർജ്ജിക്കലോടെ ചലച്ചിത്രമേള 'റെഡ് കാർപ്പറ്റ്-ഫാഷൻ മൊമെന്റുകൾ'ക്ക് അമിത പ്രാധാന്യം നല്‍കാന്‍ തുടങ്ങി. അടിസ്ഥാന ആശയമായ നിഷ്പക്ഷതയോ നീതിയോ കലയുടെ കലഹങ്ങളോ വാർത്താ പ്രധാന്യം നേടുന്നതിനെക്കാള്‍, മോഡലുകളുടെ വസ്ത്രവും അതിനെ ചുറ്റിപ്പറ്റിയുള്ള റിപ്പോർട്ടുകളും മാത്രമായി കാന്‍ ഉയർത്തുന്ന രാഷ്ട്രീയം ചുരുങ്ങി. ഈ മാറ്റത്തിന് പിന്നിലെ പ്രേരക ശക്തി മാധ്യമങ്ങളാണ്. കാൻ ആരംഭിച്ച കാലം മുതൽക്ക് തന്നെ റെഡ് കാർപ്പറ്റും ഉണ്ടെങ്കിലും ഇന്ന് സവിശേഷമായ സ്വീകാര്യത ഇവിടേക്ക് മാത്രമായി ചുരുങ്ങുന്നത് മാധ്യമങ്ങള്‍ റെഡ് കാർപ്പറ്റിന് നല്‍കുന്ന അമിത പ്രധാന്യമാണ്.
1950 പതിപ്പിൽ ബിക്കിനി ധരിച്ച ബീബി എന്ന അഭിനേത്രിയുടെ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടു കൂടിയാണ് ലോക പ്രശസ്ത ബ്രാൻഡുകൾക്കും മാധ്യമങ്ങൾക്കും റെഡ് കാർപ്പറ്റിന്റെ വാണിജ്യ സാധ്യത മനസിലാകുന്നത്. അതിനുശേഷം തങ്ങളുടെ ബ്രാൻഡ് അംബസഡർമാരെ കാൻ വേദിയിലെത്തിക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും ശീലമായി മാറി. എത്രകോടി മുടക്കി പുറത്തിറക്കുന്ന മറ്റേതു പരസ്യത്തേക്കാളും പ്രചാരണം റെഡ് കാർപ്പറ്റ് വഴി ലഭിച്ചതോടെ വാണിജ്യ സാധ്യതകളന്വേഷിച്ച് ബ്രാന്‍ഡുകള്‍ എത്തിതുടങ്ങി. ഈ സാധ്യതകളെ കുറിച്ച് കൂടുതൽ മനസിലാക്കിയ കാനിന്റെ സംഘാടകർ അത്തരമൊരു അവസരം കൂടി ലോകത്തിനു മുൻപിൽ തുറക്കുകയായിരുന്നു.
ലോക സമ്പദ്‌വ്യവസ്ഥയുടെ ഏറിയ പങ്കും പ്രദാനം ചെയ്യുന്ന 'അറ്റൻഷൻ എക്കണോമി'യുടെ അവിഭാജ്യ ഘടകമാണ് ഇന്ന് കാൻ റെഡ് കാർപ്പറ്റ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സിനിമാ താരങ്ങളും ഉള്‍പ്പെടെ 'പൊന്നുംവില' നല്‍കിയാണ് തങ്ങളുടെ റെഡ് കർപ്പറ്റ് നിമിഷങ്ങൾ സ്വന്തമാക്കുന്നത്. പണക്കൊഴുപ്പിന്റെ ഈ രസതന്ത്രമാണ് ഫാഷന്റെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമുകളിലൊന്നായി കാൻ വേദിയെയും പരിഷ്കരിച്ചതിന് പിന്നിലെ കാരണവും. മുതലാളിത്ത വ്യവസ്ഥയുടെ ഉപോല്‍ഘടകമായി ഒരു നിഷ്പക്ഷ സിനിമാ വേദി രൂപാന്തരപ്പെട്ടിരിക്കുന്നുവെന്ന് ചുരുക്കി പറയാം.
English Summary: The Cannes Film Festival is widely seen for its glamorous red carpet, but its roots lie in a strong anti-fascist history and a commitment to artistic neutrality. Over time, media and commercial interests have shifted public focus toward fashion and celebrity moments, turning Cannes into a key platform in the modern attention economy.