

അസാമാന്യ ധൈര്യത്തോടെ കരിയറിനെയും ജീവിതത്തെയും സമീപിച്ച അപൂർവ്വം വ്യക്തിത്വത്തിന് ഉടമയായിരുന്നു പാകിസ്ഥാൻ പൊലീസ് ഓഫീസറായിരുന്ന ചൗധരി അസ്‌ലം. തീവ്രവാദത്തിന്റെയും ഗുണ്ടപ്പോരിന്റെയും വേദിയായി മാത്രം അറിയപ്പെട്ടിരുന്ന കറാച്ചിയെ ശുദ്ധീകരിക്കാൻ ഇറങ്ങി പുറപ്പെട്ട് പാതിവഴിയിൽ എതിരാളികളുടെ സ്ഫോടനത്തിനിരയായി കൊല്ലപ്പെട്ട ചൗധരി 1990കൾ പാകിസ്ഥാൻ കണ്ട ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥരിലൊരാളായിരുന്നു. പാക് മണ്ണിലെ അശാന്തമായ നഗരവീഥികൾക്ക് സുപചിരിതമായ ആ പേര് ഇന്ന് ബോളിവുഡ് ചിത്രം ധുരന്ധർ രണ്ടാം ഭാഗം പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും ചർച്ചകളിൽ ഇടം നേടുകയാണ്.
1984-ൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി സിന്ധ് പോലീസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അസ്‌ലം ചുരുങ്ങിയ കാലം കൊണ്ട് പാകിസ്ഥാനിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ മുഖമായി മാറി. 90-കളിലെ രാഷ്ട്രീയ അക്രമങ്ങളും 2000-ങ്ങളിലെ ലിയാരി ഗുണ്ടാ യുദ്ധങ്ങളും ടിടിപി പോലുള്ള തീവ്രവാദി ഗ്രൂപ്പുകളെയും ഒരേസമയം എതിരിട്ട ഉദ്യോഗസ്ഥനായിരുന്നു ചൗധരി. വെള്ള ഷൽവാർ കമ്മീസും ധരിച്ച് മേശപ്പുറത്ത് ഗ്ലോക്ക് തോക്ക് വെച്ച് കഥകൾ പറയുന്ന അസ്‌ലം ജീവിതത്തേക്കാൾ വലിയ (larger than life) ബിംബമായിരുന്നുവെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകൾക്കായി പലപ്പോഴും സർക്കാർ നിയമങ്ങളിലെ പഴുതുകൾ ഉപയോഗിച്ചിരുന്ന അദ്ദേഹം പോലീസിനുള്ളിലെ 'ക്രൈം ഫൈറ്റർ' എന്ന നിലയിൽ ആരാധിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തിരുന്നു.
2006 ജനുവരി 15: ഗിസ്രിയിൽ വെച്ച് തോക്കുധാരികൾ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തി. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
2010 നവംബർ 11: പി.ഐ.ഡി.സി (PIDC) പരിസരത്തുള്ള സി.ഐ.ഡി (CID) സെന്ററിന് നേരെ സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ചു കയറ്റി, കുറഞ്ഞത് 15 പേർ കൊല്ലപ്പെട്ടു. അസ്‌ലം ആയിരുന്നു പ്രധാന ലക്ഷ്യമെന്ന് വിശ്വസിക്കപ്പെടുന്നു.
2011 സെപ്റ്റംബർ 19: ഡി.എച്ച്.എ (DHA) ഫേസ് VIII-ലെ അദ്ദേഹത്തിന്റെ വീടിന് നേരെ 300 കിലോ സ്ഫോടകവസ്തുക്കളുമായി വന്ന വാഹനം ഇടിച്ചു കയറി. അദ്ദേഹം രക്ഷപ്പെട്ടെങ്കിലും ഒരു സ്കൂൾ അധ്യാപകനും വിദ്യാർത്ഥിയും ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു.
2013 മെയ്: ലിയാരി ഓപ്പറേഷനിടെ അസ്‌ലം ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് റോക്കറ്റ്, ഗ്രനേഡ് ആക്രമണങ്ങൾ ഉണ്ടായി.
2013 ജൂലൈ 20: ഈസ നഗ്രിക്ക് സമീപം ഉണ്ടായ ബോംബ് ആക്രമണത്തിൽ ഒരു നഗരസഭാ ഉദ്യോഗസ്ഥന് പരിക്കേറ്റു; അസ്‌ലം തന്നെയായിരുന്നു ലക്ഷ്യമെന്ന് പോലീസ് സംശയിച്ചു.
ധീരതയ്ക്കൊപ്പം തന്നെ 'വ്യാജ ഏറ്റുമുട്ടൽ' എന്ന ആരോപണവും അസ്‌ലമിന്റെ നിഴലായി കൂടെയുണ്ടായിരുന്നു. 2009-ൽ റഹ്മാൻ ഡക്കൈറ്റ് എന്ന കുറ്റവാളിയെ കൊലപ്പെടുത്തിയതടക്കം നിരവധി സംഭവങ്ങളിൽ അദ്ദേഹം നിയമവിരുദ്ധമായ രീതികൾ സ്വീകരിച്ചതായി ആരോപിക്കപ്പെട്ടിരുന്നു. ഒൻപത് തവണ വധശ്രമങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അദ്ദേഹം മരണത്തെ മുഖാമുഖം കണ്ടാണ് ഓരോ ദിവസവും നീങ്ങിയത്. ഭീകരർക്ക് മുന്നിൽ തലകുനിക്കില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹത്തിന് ഒടുവിൽ 2014 ജനുവരി 9-ന് കറാച്ചിയിലെ ഈസ നഗ്രിയിൽ നടന്ന ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സ്വന്തം ഡ്രൈവർ തന്നെ വിവരങ്ങൾ ചോർത്തി നൽകിയതിലൂടെയാണ് ഭീകരർ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ തകർത്തതെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
'ധുരന്ധർ 2' എന്ന സിനിമയിൽ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന അസ്‌ലം എന്ന കഥാപാത്രം അദ്ദേഹത്തിന്റെ യഥാർത്ഥ ജീവിതത്തിലെ തീവ്രതയും ആത്മവിശ്വാസവും കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. സിനിമയിൽ ഹംസ എന്ന കഥാപാത്രം ചതുരംഗക്കളത്തിലെന്നപോലെ തന്ത്രങ്ങൾ മെനഞ്ഞാണ് അസ്‌ലമിനെ മരണക്കെണിയിൽ വീഴ്ത്തുന്നത്. യഥാർത്ഥ ജീവിതത്തിൽ ഭീകരരുടെ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെങ്കിൽ, സിനിമയിൽ അമിതമായ ആത്മവിശ്വാസവും ശത്രുവിനെ കുറച്ചുകാണുന്ന സ്വഭാവവുമാണ് അദ്ദേഹത്തിന് തിരിച്ചടിയാകുന്നത്. സ്ഫോടക വസ്തുക്കൾ നിറഞ്ഞ വാഹനം ഇടിച്ച് കയറുന്നതിന് തൊട്ടുമുൻപ് വരെ അസ്‌ലം പുലർത്തുന്ന ആറ്റിട്യൂടും ഡയലോഗുകളും അദ്ദേഹത്തിന്റെ വീര്യത്തെ അടയാളപ്പെടുത്തുന്ന രീതിയിലാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.
ഒരു നായകനും വില്ലനും ഇടയിലുള്ള ഇരുണ്ട പാതയിലൂടെ സഞ്ചരിച്ച വ്യക്തിയായിരുന്നു ചൗധരി അസ്‌ലം. നിയമവും നീതിയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന ഒരു കാലഘട്ടത്തിൽ കറാച്ചി നഗരത്തിലെ രക്ഷകനാണോ അതോ വ്യവസ്ഥിതിയുടെ തകർച്ചയുടെ ലക്ഷണമാണോ അദ്ദേഹം എന്ന ചോദ്യം ഇന്നും ചോദ്യം ഇന്നും അവശേഷിക്കുന്നു. സിനിമകൾ പലപ്പോഴും ജീവിതങ്ങളെ ലളിതവൽക്കരിക്കാറുണ്ടെങ്കിലും, അസ്‌ലമിന്റെ ജീവിതം നൽകുന്ന പാഠങ്ങൾ അങ്ങേയറ്റം സങ്കീർണ്ണമാണ്. ഭരണകൂടം തകരുമ്പോൾ നിയമം കയ്യിലെടുക്കുന്നവർക്ക് എന്ത് സംഭവിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി അസ്‌ലമിന്റെ ചരിത്രം എന്നും ഓർമ്മിക്കപ്പെടും.
English Summary: Chaudhry Aslam was one of Pakistan’s most feared and controversial police officers, known for fighting terrorism and gang violence in Karachi. His dramatic life and death, after surviving multiple assassination attempts, inspired the Sanjay Dutt character in “Dhurandhar 2.”