'എടാ കൃഷ്ണ, ഞാനാണെടാ ഗംഗയാ' മലയാളിയുടെ ഹൃദയം കവർന്ന ഒരു ഫോൺ വിളിയുടെ ശബ്ദമായി ദുൽഖറും വിനായകനും എത്തിയിട്ട് പത്ത് വർഷങ്ങൾ. കേരളത്തിന്റെ വ്യവസായ കേന്ദ്രമായ കൊച്ചി നഗരത്തിന്റെ ഇന്നുകാണുന്ന വികസന നേട്ടങ്ങൾക്കും, വളർച്ചയ്ക്കും പിന്നിൽ നടന്ന ഭൂമി കയ്യേറ്റങ്ങളും കൊള്ളയും, ദളിത് ജനവിഭാഗങ്ങളുടെ കൂട്ട പലായനം എന്നിങ്ങനെ അധികമാർക്കും അറിയാത്ത ചരിത്രം പറഞ്ഞെത്തിയ രാജീവ് രവി ചിത്രമാണ് 'കമ്മട്ടിപ്പാടം'. ദുൽഖർ സൽമാൻ, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2016ൽ എത്തിയ ചിത്രം ഇന്നും പല ചർച്ചകളിലും സജീവമാണ്. നഗരവൽക്കരണത്തിന്റെ കാണാവശങ്ങൾ പറയുന്നതിനോടൊപ്പം സൗഹൃദവും പ്രണയവുമുൾപ്പടെ മനുഷ്യ സംഘർഷങ്ങളുടെ നേർചിത്രം സത്യസന്ധമായി അവതരിപ്പിക്കാൻ ചിത്രത്തിലൂടെ രാജീവ് രവിക്ക് സാധിച്ചിരുന്നു.
സംഘർഷപൂരിതമായിരുന്ന ഭൂതകാലത്തെ ഉപേക്ഷിച്ച് മുംബൈയിലേക്ക് ചേക്കേറിയ കൃഷ്ണൻ എന്ന ദുൽഖർ കഥാപാത്രത്തിന് ലഭിക്കുന്ന അപ്രതീക്ഷിത ഫോൺ കോളിൽ നിന്നും തുടങ്ങുന്ന കഥ പിന്നീട് പ്രേക്ഷന് സമ്മാനിക്കുന്നത് ഉള്ളിൽകൊത്തിവലിക്കുന്ന ജീവിതാനുഭവങ്ങളാണ്. ഒരു ജനതയോടും കാലത്തിനും നേർക്ക് പണക്കൊഴുപ്പും അധികാരവും നടത്തിയ നുഴഞ്ഞുകയറ്റത്തിന്റെയും പിടിച്ചടക്കലിന്റെയും ബൂർഷ്വാ രാഷ്ട്രീയത്തിലേക്ക് പ്രേക്ഷകനെ ചിത്രം കൊണ്ടുപോകും. കൃഷ്ണനെ തിരികെ നാട്ടിലേക്ക് വരുത്തുന്നത് ആത്മസുഹൃത്തായിരുന്ന ഗംഗയുടെ ഫോണ്‍കോളാണ്. അപ്രതീക്ഷിതമായിരുന്ന ഗംഗയുടെ വിളിയിൽ നിന്നും അയാളുടെ ജീവൻ അപകടത്തിലാണെന്ന് മനസിലാക്കുന്ന കൃഷ്ണൻ തിരികെ കമ്മട്ടിപ്പാടത്തേക്ക് വരുന്നു. പിന്നീട് സിനിമ സഞ്ചരിക്കുന്നത് മൂന്ന് പതിറ്റാണ്ടിലധികം നീളുന്ന ഇരുവരുടെയും സംഘർഷഭരിതമായ ഭൂതകാലത്തിലേക്കാണ്.
ആഴമേറിയ സൗഹൃദവും ക്രിമിനൽ പശ്ചാത്തലവും ഇടകലർന്ന് കമ്മട്ടിപ്പാടത്തെ ഗ്രാമത്തിൽ വളർന്ന കൃഷ്ണൻ, ഗംഗ, ബാലൻ എന്നിവരിലൂടെ പുരോഗമിക്കുന്നതാണ് കഥയുടെ ഉള്ളടക്കം. ഒരു ഘട്ടത്തിൽ ഇവർ പരിചയപ്പെടുന്ന 'ആശാൻ' എന്ന് വിളിക്കുന്ന പ്രദേശത്തെ ഭൂമാഫിയ നേതാവ് സുരേന്ദ്രനുമായുള്ള അടുപ്പത്തിലൂടെ ഉണ്ടാവുന്ന സംഭവവികാസങ്ങളിൽ ജീവിത രീതികൾ, സമസ്യകൾ, പരിഹാരങ്ങൾ എന്നിങ്ങനെ കഥാപാത്രങ്ങളോടും കഥയോടും നീതി പുലർത്തുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്. ജീവിത നിലവാരം വർധിപ്പിക്കുന്നതിനും സ്നേഹിച്ച മനുഷ്യരെ ചേർത്തുനിർത്തുന്നതിനുമെല്ലാം പണത്തിനുള്ള പങ്ക് മനസിലാക്കിയ ഈ സുഹൃത്തുക്കൾക്ക് പിന്നീട് ഗുണ്ടകളായി മാറേണ്ടി വരുന്നതും ശത്രുക്കളെ സമ്പാദിക്കുന്നതുമെല്ലാം അവരുടെ ജീവിതത്തിന്റെ താളത്തെ തന്നെ മാറ്റിമറിക്കുന്നു. ബാലന്റെ നഷ്ടവും റോസ്‌ലിന്റെ വളർച്ചയും കൃഷ്ണന്റെയും അനിതയുടെയും ഗംഗയുടെയും ത്രികോണ പ്രണയത്തിൽ സംഭവിക്കുന്ന വികാസങ്ങളും കഥയെ ആഴത്തിൽ പ്രേക്ഷകന്റെ മനസ്സിൽ കോറിയിടുന്നു.
വലിയ ചതിയുടെയും നഷ്ടങ്ങളുടെയും ആകെ തുകയാണ് പ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെനീളം പിന്നീട് സംഭവിക്കുന്നത്. ഉറ്റ കൂട്ടുകാരായ ഗംഗയും കൃഷ്ണനും ഒരേസമയം അനിതയെ ഇഷ്ടപെടുന്നു. തീക്ഷ്ണമായ ജീവിത സാഹചര്യങ്ങൾക്കിടയിൽ സംഭവിക്കുന്ന അക്രമണങ്ങളും കൊലപാതകങ്ങളും, സ്വന്തം ഭൂമിയും വീടും നഷ്ടപ്പെടുന്ന ഗംഗയുടെ കുടുംബം,സമാന സാഹചര്യത്തിൽ കമ്മട്ടിപ്പാടത്തെ നിരവധി സാധാരണക്കാർക്കും അവരുടെ കുടുംബം നഷ്ടപ്പെടുന്നു. തെറ്റിപ്പോയ വഴികൾ തിരുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ബാലന്റെ ജീവൻ പൊലിയുന്നു. എല്ലാത്തിനുമൊടുവിൽ ഗംഗയുടേത് തിരോധനമല്ല മരണമാണെന്ന് മനസിലാക്കുന്ന കൃഷ്ണന്റെ പകരം ചോദിക്കലിൽ വ്യക്തമാകുന്നൊരു സത്യമാണ് ചിത്രം മുൻപോട്ട് വെക്കുന്ന രാഷ്ട്രീയം. ലോകശ്രദ്ധ പിടിച്ചുപറ്റിയ കൊച്ചി നഗരം പടുത്തയർത്തിയത് കമ്മട്ടിപ്പാടത്തെ അനേകം ദളിതരുടെ ചോരയും വിയർപ്പും കൊണ്ടാണെന്ന കൃഷ്ണന്റെ തിരിച്ചറിവിൽ പ്രേക്ഷകന് മുൻപിൽ തുറന്നുകാണിച്ചത് പണാധിപത്യത്തിന്റെയും അടിച്ചമർത്തപ്പെടലിന്റെയും ക്രൂരവശം കൂടിയായിരുന്നു.
English Summary: Kammatipaadam is a powerful portrayal of Kochi’s hidden history, exploring land exploitation, caste oppression, and the emotional journey of friendship and loss through the lives of Krishnan and Ganga.