അന്ന് കടലില്‍ ഇറങ്ങാന്‍ പോലും ജനം ഭയന്നു! ആ സിനിമ ലോകത്തെ മാറ്റിയത് ഇങ്ങനെ?

ആഗോളതലത്തില്‍ 470 ദശലക്ഷം ഡോളറിലധികം വാരിക്കൂട്ടിയ ചിത്രം, ലോകസിനിമയില്‍ ആദ്യമായി 100 ദശലക്ഷം ഡോളര്‍ ക്ലബ്ബില്‍ കയറുന്ന ആദ്യ ചിത്രമായി മാറി
അന്ന് കടലില്‍ ഇറങ്ങാന്‍ പോലും ജനം ഭയന്നു! ആ സിനിമ ലോകത്തെ മാറ്റിയത് ഇങ്ങനെ?
Published on

1975-ലെ ആ വേനല്‍ക്കാലം അമേരിക്കക്കാര്‍ക്ക് മറക്കാനാകാത്ത ഒന്നായിരുന്നു. കത്തുന്ന ചൂടില്‍നിന്ന് രക്ഷനേടാന്‍ ജനങ്ങള്‍ കൂട്ടത്തോടെ ബീച്ചുകളിലേക്ക് ഒഴുകേണ്ട സമയം. എന്നാല്‍ അക്കൊല്ലം സംഭവിച്ചതു നേരെ തിരിച്ചായിരുന്നു. അറ്റ്ലാന്റിക് തീരങ്ങളിലെ പ്രശസ്തമായ ബീച്ചുകളെല്ലാം പെട്ടെന്നു വിജനമായി. കടല്‍വെള്ളത്തില്‍ കാല്‍ നനയ്ക്കാന്‍ പോലും ആളുകള്‍ മടിച്ചു. കടലില്‍ ഒരു ചെറിയ ഓളമോ കരിയിലയോ കണ്ടാല്‍ പോലും ജനം പേടിച്ചലറി പൊലീസിനെ വിളിച്ചു. ഒരു നാടിനെ മുഴുവന്‍, അല്ലെങ്കില്‍ ഒരു തലമുറയെ മുഴുവന്‍ കടലിനെ പേടിക്കുന്നവരാക്കി മാറ്റിയതിനു പിന്നില്‍ ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ, തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരുന്ന ജാസ് എന്ന സിനിമ!

26 വയസ്സുള്ള സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് എന്ന ചെറുപ്പക്കാരന്‍ പ്രകൃതിയുടെ വന്യതയെയും മനുഷ്യന്റെ ഭയത്തെയും കോര്‍ത്തിണക്കി നിര്‍മിച്ച ആ ചിത്രം സിനിമയുടെ ചരിത്രം മാത്രമല്ല, മനുഷ്യന്റെ സാമൂഹിക ജീവിതത്തെയും പ്രകൃതിയെയും വരെ എന്നെന്നേക്കുമായി മാറ്റിമറിച്ചു.

തിയേറ്ററില്‍നിന്ന് കടല്‍ത്തീരത്തേക്ക് പടര്‍ന്ന ഭീതി

'ജാസ്' വെറുമൊരു സിനിമയായിരുന്നില്ല, അതൊരു ഭീതിദമായ അനുഭവമായിരുന്നു. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സില്‍ ആ ഭീകരസ്രാവിന്റെ രൂപം അത്രമേല്‍ ആഴത്തില്‍ പതിഞ്ഞുപോയി. സിനിമ റിലീസ് ചെയ്ത ആ വര്‍ഷം അമേരിക്കയിലെമ്പാടുമുള്ള കടല്‍ത്തീരങ്ങളില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. കടലില്‍ നീന്തുന്നത് മരണത്തെ മുഖാമുഖം കാണുന്നതിന് തുല്യമാണെന്ന് ആളുകള്‍ വിശ്വസിച്ചു.

അന്ന് കടലില്‍ ഇറങ്ങാന്‍ പോലും ജനം ഭയന്നു! ആ സിനിമ ലോകത്തെ മാറ്റിയത് ഇങ്ങനെ?
'ബുർഖയിൽ തൃപ്തരെന്ന് പറയുന്ന സ്ത്രീകളോടാണ്, നിങ്ങൾ എന്നേ വിവേചനത്തിന് ഇരയാക്കപ്പെട്ടു കഴിഞ്ഞു'; ഇംതിയാസ് അലി

കടലില്‍ എന്തെങ്കിലും അസ്വാഭാവികമായി കണ്ടാല്‍ ഉടന്‍ തന്നെ ആളുകള്‍ പൊലീസിനെ വിളിക്കാന്‍ തുടങ്ങി. സ്രാവിനെ കണ്ടെന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങള്‍ കൊണ്ട് പൊലീസ് സ്റ്റേഷനുകള്‍ അക്കാലത്ത് അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം മുട്ടി.

പ്രകൃതി നേരിട്ട വലിയ ദുരന്തം

എന്നാല്‍ ഈ സിനിമയുണ്ടാക്കിയ ഭയം മനുഷ്യരില്‍ മാത്രം ഒതുങ്ങിനിന്നില്ല; അത് കടലിലെ യഥാര്‍ത്ഥ സ്രാവുകളുടെ അന്തകനായി മാറി. സിനിമ റിലീസ് ചെയ്തതിനു പിന്നാലെ അമേരിക്കയില്‍ വലിയ തോതിലുള്ള സ്രാവ് വേട്ട ആരംഭിച്ചു. മിലിട്ടറി റിക്രൂട്ട്മെന്റ് കൂട്ടാന്‍ 'ടോപ്പ് ഗണ്‍' എന്ന സിനിമ സഹായിച്ചതുപോലെ, സ്രാവുകളെ കൊന്നൊടുക്കാന്‍ ആയിരക്കണക്കിന് ആളുകളെ പ്രേരിപ്പിച്ചത് 'ജാസ്' ആയിരുന്നു. ഒരു വില്ലനെപ്പോലെ സ്രാവുകളെ വേട്ടയാടി പിടിച്ച് ഹരമാക്കി മാറ്റി. ഇതിന്റെ ഫലമായി ലക്ഷക്കണക്കിനു സ്രാവുകളാണ് കൊല്ലപ്പെട്ടത്. വംശനാശ ഭീഷണി നേരിടുന്ന സ്രാവുകളെ സംരക്ഷിക്കാന്‍ ഇന്നും പരിസ്ഥിതി സംഘടനകള്‍ ബുദ്ധിമുട്ടുന്നതിന്റെ പ്രധാന കാരണം 'ജാസ്' ഉണ്ടാക്കി വെച്ച ഈ തെറ്റായ ധാരണയാണ്.

ഞാനെഴുതിയ നോവല്‍ ഇത്ര വലിയൊരു വംശനാശത്തിനു കാരണമാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍, അല്ലെങ്കില്‍ സ്രാവുകളുടെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് എനിക്ക് ധാരണയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ആ പുസ്തകം എഴുതുമായിരുന്നില്ല
-പീറ്റര്‍ ബെഞ്ചിലി (ജാസ് സിനിമയുടെ കഥാകൃത്ത്)

ഹോളിവുഡിന്റെ ബിസിനസ് മാറ്റിയ 'ബ്ലോക്ക്ബസ്റ്റര്‍'

മനുഷ്യനെ കടലില്‍നിന്ന് അകറ്റിയ 'ജാസ്', സിനിമ കാണാന്‍ ആളുകളെ തിയേറ്ററുകളിലേക്ക് ഇരച്ചുകയറ്റി. സിനിമയുടെ ചരിത്രത്തെ തന്നെ ഈ ചിത്രം രണ്ടായി വിഭജിച്ചു: ജാസിന് മുന്‍പും ജാസിന് ശേഷവും. അതുവരെ ഹോളിവുഡില്‍ വലിയ ചിത്രങ്ങളെല്ലാം റിലീസ് ചെയ്തിരുന്നതു ശീതകാലത്തായിരുന്നു. വേനല്‍ക്കാലത്ത് കുട്ടികളും യുവാക്കളും മാത്രമേ തിയേറ്ററില്‍ വരൂ എന്നായിരുന്നു സിനിമാ മുതലാളിമാരുടെ ധാരണ. എന്നാല്‍ ആ ധാരണ സ്പീല്‍ബര്‍ഗ് തകര്‍ത്തു. അമേരിക്കയിലുടനീളം ഒരേസമയം 409 തിയേറ്ററുകളില്‍ 'ജാസ്' റിലീസ് ചെയ്തു.

ആഗോളതലത്തില്‍ 470 ദശലക്ഷം ഡോളറിലധികം വാരിക്കൂട്ടിയ ഈ ചിത്രം, ലോകസിനിമയില്‍ ആദ്യമായി 100 ദശലക്ഷം ഡോളര്‍ ക്ലബ്ബില്‍ കയറുന്ന ആദ്യ ചിത്രമായി മാറി. അങ്ങനെയാണ് ഇന്ന് നമ്മള്‍ കാണുന്ന കോടികള്‍ മറിയുന്ന 'സമ്മര്‍ ബ്ലോക്ക്ബസ്റ്റര്‍'എന്ന ബിസിനസ് തന്ത്രം ഹോളിവുഡില്‍ ജനിക്കുന്നത്.

ഒരു സിനിമയ്ക്ക് മനുഷ്യന്റെ ചിന്തകളെ, വിനോദസഞ്ചാരത്തെ, ഒരു ജീവിയുടെ നിലനില്‍പ്പിനെ, ഒപ്പം ഒരു വലിയ വ്യവസായത്തെ എങ്ങനെ സ്വാധീനിക്കാന്‍ കഴിയുമെന്നതിന്റെ എക്കാലത്തെയും വലിയ ഉദാഹരണമാണ് 'ജാസ്'. 50 വര്‍ഷങ്ങള്‍ക്കിപ്പുറവും കടലിലേക്കു നോക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരു ചെറിയ ഭയം മിന്നിമറയുന്നുണ്ടെങ്കില്‍, അതിന പിന്നില്‍ സ്പീല്‍ബര്‍ഗ് എന്ന ജീനിയസിന്റെ കയ്യൊപ്പ് ഒന്നുമാത്രമാണ്.

Summary

English Summary: The summer of 1975 was one Americans could never forget. It should have been the season when people flocked to beaches to escape the scorching heat. Instead, the exact opposite happened. Famous beaches along the Atlantic coast suddenly became deserted. People were reluctant even to dip their feet in the water. The slightest ripple or floating debris in the sea was enough to spark panic, with frightened beachgoers calling the police.

There was one reason behind turning an entire nation—or even a generation—into people who feared the ocean: Jaws, the film that was making waves in theaters at the time. Directed by a 26-year-old Steven Spielberg, the movie masterfully blended the ferocity of nature with human fear. In doing so, it not only changed the history of cinema but also left a lasting impact on human society and humanity’s relationship with nature.

Madism Digital
madismdigital.com