'ഈ സിനിമ ത്രില്ലർ ആണെന്ന് പ്രതീക്ഷിച്ചു പോയാൽ നിങ്ങൾ ഞെട്ടും! നിരാശയുണ്ടാകും. ഇത് യഥാർത്ഥത്തിൽ ത്രില്ലർ അല്ല, വൈകാരികമായ യാത്രയാണ്!. എന്നാൽ അതിൽ ക്രൈം ഇൻവെസ്റ്റിഗേഷനും കടന്നു പോകുന്നുണ്ട്'
വലതുവശത്തെ കള്ളനെക്കുറിച്ച് ജീത്തു ജോസഫിന്റെ വാക്കുകൾ
'ത്രില്ലർ' ആണെന്ന പ്രതീക്ഷയിൽ 'വലതുവശത്തെ കള്ളനെ' സമീപിക്കരുതെന്ന് സംവിധായകൻ പറയുന്നിടത്ത് വ്യക്തമാകുന്നത് മലയാള സിനിമയിൽ സ്ഥാനം പിടിച്ച 'ജീത്തു ജോസഫ് ബ്രാൻഡി'ൽ മലയാളി പ്രേക്ഷകർക്കുള്ള അമിത പ്രതീക്ഷയാണ്. അമിതമെന്നത് വ്യക്തിപരമാണ്! പല കാലഘട്ടങ്ങളിലായി വിവിധ ഴോണറുകളിൽ പ്രതിഭ തെളിയിച്ച അതുല്യ സംവിധായകരാലും എഴുത്തുകാരാലും സമ്പന്നമായ മലയാള സിനിമയിലെ ത്രില്ലർ ഴോണറിൽ ഒരു ലെജൻഡായി ജീത്തു ജോസഫിനെ പ്രേക്ഷകർ അടയാളപ്പെടുത്തി കഴിഞ്ഞുവെന്ന സൂചകവും ആ പ്രതീക്ഷകളിലുണ്ട്.
ലോകം മുഴുവൻ വീടുകളിലേക്ക് ഒതുങ്ങികൂടേണ്ടി വന്ന കൊറോണ കാലത്ത് ഒടിടിയെ മാത്രം ആശ്രയിച്ച സിനിമാ ആസ്വാദകർക്ക് ഒരിക്കലും മറക്കാനിടയില്ലാത്ത സിനിമാനുഭവമായിരുന്നു 'ദൃശ്യം' എന്ന ബ്രാൻഡ് സിനിമയുടെ രണ്ടാം ഭാഗത്തിൽ ജീത്തു കരുതിവെച്ചത്. പിന്നീട് ജീത്തുവിന്റെ ഓരോ സിനിമകളിലും നിറയുന്ന അപ്രതീക്ഷിതമായ കഥാഗതിയിലെ മാറ്റങ്ങൾ നവമാധ്യമങ്ങളിലെ സിനിമ ഗ്രൂപ്പുകളിൽ തുടങ്ങി അടുക്കള ചർച്ചകൾക്ക് വരെ വിഷയമായി മാറി. ഹ്യൂമർ, ഫീൽഗുഡ്, ക്രൈം, ഇൻവെസ്റ്റിഗേഷൻ തുടങ്ങി പല മേഖലകളിലും ജീത്തു സിഗ്നേച്ചർ ബ്രാൻഡ് വളർന്നുവരുന്നതിന്റെ ആദ്യ പടിയായിട്ടാണ് ഈ ചർച്ചകളെ കാണാനാവുക.
എറണാകുളം ജില്ലയിലെ 'ഇലഞ്ഞി'യെന്ന് അറിയപ്പെടുന്ന ഗ്രാമപ്രദേശത്ത് രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബാന്തരീക്ഷത്തിലാണ് ജീത്തു ജോസഫ് ജനിച്ചു വളർന്നത്. അദ്ദേഹത്തിന്റെ സിനിമകളിൽ പ്രതിഫലിക്കുന്ന ഗംഭീര ട്വിസ്റ്റുകൾക്കും കഥാമുഹൂർത്തങ്ങൾക്കും സാക്ഷികളായ ആരാധകർ പലപ്പോഴും ജീത്തുവിനെ ഇയാൾ വെറുമൊരു നാട്ടിൻപുറത്തുകാരന്റെ 'വാസന' മാത്രമുള്ളയാളല്ല, മറിച്ച് തലച്ചോറുള്ളൊരു പുതിയ കാലത്തിന്റെ സംവിധായകൻ കൂടിയാണെന്ന വിശേഷണം നൽകാറുണ്ട്. ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചില്ലെങ്കിലും ഇതിനൊക്കം തുടക്കം ഇലഞ്ഞിയിൽ നിന്ന് തന്നെയെന്ന നമുക്ക് എളുപ്പം അനുമാനിക്കാവുന്നതാണ്.
മിനി സ്ക്രീനുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും കഴിവ് തെളിയിച്ചതും ആരാലും ശ്രദ്ധിക്കപ്പെടാതെ പോയതുമായ നിരവധി കലാകാരന്മാരെ നമുക്ക് ജീത്തു സിനിമകളിൽ കാണാൻ സാധിക്കും
തിയററ്റിക്കലി നാട്ടിൻപുറവുമായി മലയാള സിനിമ പൊതുവെ ബന്ധിപ്പിക്കാറില്ലാത്ത ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ജിത്തുവിന്റെ സിനിമാ പ്രമേയങ്ങൾ. സത്യൻ അന്തിക്കാടും ഷാജി കൈലാസും വരെ പരീക്ഷിക്കാത്ത പ്രമേയ സാധ്യതയാണത്. നായകൻ അമാനുഷികനോ അവിശ്വസിനീയമായ കഴിവുള്ളവനോ ആകാതിരിക്കാൻ പ്രത്യേകമായ തയ്യാറെടുപ്പും കഥയിലുണ്ടാവും. മറ്റൊരുവിധത്തിൽ പറഞ്ഞാൽ പ്രേക്ഷകൻ എപ്പോഴെങ്കിലും സ്വന്തം ജീവിതുമായി ചേർത്തുവായിച്ചിട്ടുള്ള/അനുഭവിച്ചിട്ടുള്ള യഥാർത്ഥ മൂഹൂർത്തങ്ങൾ സിനിമയുടെ പ്രമേയത്തിൽ ഉൾചേർന്നിരിക്കും. നാട്ടിൻപുറത്തുകാരന്റെ ക്രിമിനൽ തലച്ചോറെന്ന വിശേഷണം ആരാധകർ ജിത്തുവിന് നൽകാറുള്ളതും ഈ ബ്രില്യൻസ് കാരണമാണ്. ജോർജ്ജുകുട്ടിയുടെ ജീവിത പരിസരത്തിൽ ജീത്തു സ്വയം പ്രതിഷ്ഠിക്കുകയാണോയെന്ന തോന്നലും ഇതിനൊപ്പം ജനിക്കാറുണ്ട്.
ജീത്തു ജോസഫിന്റെ കരിയറിലെ മറ്റു സിനിമകളിലേക്ക് സഞ്ചരിച്ചാൽ സിനിമയുടെ കാസ്റ്റിംഗ് മുതൽ പല മേഖലകളിലും ഒരുപാട് പ്രത്യേകതകൾ പ്രകടമാണ്. മിനി സ്ക്രീനുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും കഴിവ് തെളിയിച്ചതും ആരാലും ശ്രദ്ധിക്കപ്പെടാതെ പോയതുമായ നിരവധി കലാകാരന്മാരെ നമുക്ക് ജീത്തു സിനിമകളിൽ കാണാൻ സാധിക്കും. ദൃശ്യത്തിലെ നാട്ടിൻപുറത്തെ കുഞ്ഞു ചായ കടയും മെമ്മറീസിൽ കാണിക്കുന്ന നഗര പ്രദേശത്തെ സിഗരറ്റും സോഡയും വിൽക്കുന്ന കടയുടെ ചിത്രീകരണത്തിൽ വരെ ഉൾകൊള്ളിക്കുന്ന ഏറ്റവും ചെറിയ വിശദാംശങ്ങളിൽ പോലും സിനിമ പ്രേക്ഷകനുമായി സംവദിക്കൻ ശ്രമിക്കുന്ന ഇമോഷനുകളുടെ ഭംഗിയായ മൂഡ് രൂപപ്പെടുത്തുന്നതിൽ ജീത്തു സിനിമകൾ നീതി പുലർത്തുന്നു. എടുത്തു പറയേണ്ടുന്ന പ്രധാനപ്പെട്ടൊരു കാര്യം വ്യക്തി ബന്ധങ്ങൾ അവതരിപ്പിക്കുന്നതിൽ ജീത്തു കാണിക്കുന്ന പക്വതയാണ്.
മനുഷ്യർ സജീവമായി ഇടപെടുന്ന ബന്ധങ്ങളെയും അതിന്റെ സൂക്ഷ്മതയിൽ നിന്ന് കൊണ്ട് ഓരോ കാലഘട്ടത്തിലുമുള്ള സാമൂഹിക പരിസരങ്ങളോടും തൊട്ടു നിൽക്കുന്ന വിധം അവതരിപ്പിക്കുന്നതില്‍ വിജയിച്ച സംവിധായകൻ കൂടിയാണ് ജീത്തു. അച്ഛൻ-മകൾ, ജീവിത പങ്കാളി, പരസ്പരം പ്രണയിക്കുന്ന വ്യക്തികൾ, അയല്പക്കം തുടങ്ങി ബന്ധങ്ങളുടെ സൂക്ഷമാവിഷ്ക്കരണം ജീത്തു സിനിമകളിൽ കാണാം.
വലതുവശത്തെ കള്ളനിലൂടെ..
മലയാളത്തിലെ ക്രൈം സീരീസുകളിൽ മുൻപന്തിയിലുള്ള ദൃശ്യത്തിന്റെ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് കുറച്ചു കൂടി നീട്ടികൊണ്ട് മറ്റൊരു സിനിമയുമായി മറ്റൊരു ഇൻവെസ്റ്റിഗേഷൻ ചിത്രവുമായി ജീത്തു ഇപ്പോൾ എത്തിയിരിക്കുന്നത്. പേര് 'വലതുവശത്തെ കള്ളൻ'! സിനിമയുടെ പേര് ഒരു ബൈബിൾ പരാമർശമാണ്. യേശുവിനൊപ്പം കുരിശിലേറ്റപ്പെട്ട രണ്ട് കള്ളന്മാരിൽ, വലതുവശത്തുണ്ടായിരുന്ന കള്ളൻ സ്വന്തം തെറ്റുകൾ ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുകയും, യേശു അദ്ദേഹത്തിന് സ്വർഗ്ഗം വാഗ്ദാനം ചെയ്യുകയും ചെയ്ത കഥയിൽ നിന്നാണ് പേരിന്റെ ജനനം. ഈ കഥാതന്തു തന്നെയാണ് സിനിമയുടെ കാതൽ.
ത്രില്ലർ എന്ന അമിത പ്രതീക്ഷയോടെ സിനിമ കാണാൻ എത്തരുതെന്ന് ജീത്തു പറയുന്നിടത്ത് വ്യക്തമാകുന്ന മറ്റൊരു കാര്യം കഥാപാത്രങ്ങളുടെ വൈകാരിക തലത്തിലൂടെ ആഴത്തിൽ ലയിച്ചു കിടക്കുന്ന സിനിമയാണ് വലതുവശത്തെ കള്ളൻ എന്നതാണ്. ചിത്രത്തിൽ ലിയോണ അവതരിപ്പിക്കുന്ന വിദ്യ എന്ന കഥാപാത്രം ഹയറാർക്കിയുടെ ഭാഗമായി തന്റെ ജീവിതത്തിൽ കാണുന്ന പല കാര്യങ്ങളോടും പ്രതികരിക്കണം എന്ന് വിചാരിക്കുന്ന വ്യക്തിയാണ്. എന്നാൽ അവർക്ക് പലപ്പോഴും പ്രതികരിക്കാൻ സാധിക്കാതെ പോകുന്നു. ഈ 'സൈലന്റ് സട്ടിൽ ഇമോഷനെ' മനോഹരമായി തന്നെ ചിത്രത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷക നിരൂപണം.
രണ്ട് കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെ സഞ്ചരിക്കുന്ന കഥയാണ് 'വലതുവശത്തെ കള്ളൻ' പറയുന്നത്. സാം, ആന്റണി എന്നീ കഥാപത്രങ്ങളിലൂടെ ജോജു ജോർജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതായി അഭിപ്രായങ്ങൾ എത്തുന്നു. വളരെ സങ്കീർണമായ ഈ രണ്ടു കഥാപാത്രങ്ങളെ ആരെല്ലാം അവതരിപ്പിക്കണമെന്ന ചർച്ചകൾക്ക് ഒടുവിൽ ഒടുവിൽ ജീത്തു ജോസഫ് കൊണ്ട് വന്ന ഈ കോമ്പിനേഷൻ മത്സരിച്ച് അഭിനയിക്കുകയായിരുന്നു.
ജീത്തുവിന്റെ ബ്രാൻഡ് അതിന്റെ ഐഡന്റിറ്റിയിൽ നിന്ന് വ്യതിചലിക്കുന്നില്ലെന്നത് തന്നെയാണ് വലതുവശത്തെ കള്ളന്റെയും പ്രത്യേകത. ആ ബ്രാൻഡിനെ പെട്ടന്ന് തിരിച്ചറിയുന്ന മാർക്കുകളുണ്ട്, മൂല്യമുണ്ട്! പല നിറത്തിലും ആകൃതിയിലും മണത്തിലും വ്യത്യസ്തമായ ഉത്പ്പന്നങ്ങൾ ഒരോ ബ്രാൻഡുകളും ഇറക്കാറുണ്ട്, ഇവയെ കോർത്തിണക്കുന്ന, പെട്ടന്ന് നോക്കിയാൽ നമുക്ക് കാണാൻ പറ്റാത്ത ബന്ധവും ആ വ്യത്യസ്ത ഉത്പ്പന്നങ്ങളിൽ എവിടെയെങ്കിലും അടയാളപ്പെടുത്തിയിട്ടുണ്ടാവും! സമാനമായി വലതുവശത്തെ കള്ളനിലും ജീത്തുവെന്ന ബ്രാൻഡിന്റെ അടയാളമുണ്ട്.
English Summary: Jeethu Joseph’s Valathuvashathe Kallan challenges the audience’s expectations of a typical thriller, presenting instead an emotionally layered crime investigation that reflects his distinctive cinematic brand.