സയൻസ് ഫിക്ഷൻ-ഹൊറർ ഴോണറിൽ നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്ത പരമ്പര 'സ്ട്രേഞ്ചർ തിങ്സ്' അവസാനിക്കുന്നു. 2016ൽ ആരംഭിച്ച പരമ്പര പത്തു വർഷങ്ങൾക്കു ശേഷം അവസാനിക്കുമ്പോൾ 5 സീസണുകളിലൂടെ 42 എപ്പിസോഡുകളാണ് സംപ്രേക്ഷണം ചെയ്തത്. മൂന്നു വാല്യങ്ങളിലായി അവസാന സീസൺ അവസാനിപ്പിക്കുമ്പോൾ ഏറ്റവും ഒടുവിലത്തെ എപ്പിസോഡിന്റെ ദൈർഘ്യം വരുന്നത് 2 മണിക്കൂറാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്നാണ് പരമ്പരയുടെ രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്.
1980 കളിൽ ഇന്ത്യാനയിലെ സാങ്കൽപ്പിക പട്ടണമായ ഹോക്കിൻസിൽ നടക്കുന്നതായാണ് 'സ്ട്രേഞ്ചർ തിങ്സ്' കഥ പറയുന്നത്. ആ നഗരത്തെ ചുറ്റിപറ്റി നടക്കുന്ന വിചിത്രമായ സംഭവങ്ങളെ തുടർന്ന് അപ്രത്യക്ഷമാകുന്ന ഒരു കുട്ടിയുടെയും തുടർന്ന് അവനെ തിരഞ്ഞിറങ്ങുന്ന സുഹൃത്തുക്കൾ, അമ്മ, സഹോദരൻ, എന്നിവർ ചേർന്ന് നടത്തുന്ന അന്വേഷണങ്ങളിലൂടെയും കഥ പുരോഗമിക്കുന്നു. ഈ അന്വേഷണങ്ങൾ കുട്ടികളിൽ അമാനുഷിക ശക്തികൾ ഉണ്ടാക്കിയെടുക്കാൻ പരീക്ഷണങ്ങൾക്ക് ശ്രമിക്കുന്ന ഒരു ലാബും, ലാബിന്റെ രഹസ്യങ്ങളിലേക്കും നയിക്കുന്നു. 1980 കളിൽ നടക്കുന്നത് ആയി ചിത്രീകരിച്ച പരമ്പരയിൽ ആ കാലഘട്ടത്തിലെ ജനപ്രിയ സാംസ്കാരിക ഘടകങ്ങൾ നിരവധി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റീവൻ സ്പീൽബർഗ്, ജോൺ കാർപ്പെന്റർ, സ്റ്റീഫൻ കിങ് തുടങ്ങിയ പ്രമുഖരുടെ ആ കാലഘട്ടത്തിലെ ചലച്ചിത്ര, സാഹിത്യസൃഷ്‌ടികൾ പരമ്പരയ്ക്ക് ഒരു പ്രചോദനമായിട്ടുണ്ട്.
കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ പരമ്പരകൾ നിരവധിയുണ്ടെങ്കിലും അവയിൽ മുൻനിരയിൽ തന്നെ 'സ്ട്രേഞ്ചർ തിങ്സ്' ഉണ്ടാവും. അഭിനയം, ശബ്ദലേഖനം, സംവിധാനം, രചന, കഥാപാത്രങ്ങൾ എന്നിവയിലുള്ള പരമ്പരയുടെ മികവിന് സ്ട്രേഞ്ചർ തിങ്സ് ആഗോളതലത്തിൽ മികച്ച നിരൂപകപ്രശംസ നേടിയിരുന്നു. മികച്ച പരമ്പരയ്ക്കുള്ള അവാർഡ് ഉൾപ്പെടെ 18 'പ്രൈം ടൈം എമ്മി അവാർഡ്' നാമനിർദ്ദേശങ്ങളും പരമ്പര നേടിയിരുന്നു.
English Summary: Netflix’s science fiction–horror series Stranger Things concludes after 10 years, spanning five seasons and 42 episodes, with a final episode running nearly two hours.